ആന്ധ്ര തലസ്ഥാന നിർണയം തർക്കങ്ങളുടെ തലസ്ഥാനം

ആന്ധ്ര തലസ്ഥാന നിർണയം തർക്കങ്ങളുടെ തലസ്ഥാനം

ആന്ധ്ര പ്രദേശിന് പുതിയ തലസ്ഥാനം വേണം. എവിടെയായിരിക്കണം തലസ്ഥാനം? ഇത് പക്ഷേ തർക്കത്തിൻ്റെ എല്ലിൻ കഷ്ണമായി തുടരുകയാണ്.

ജഗൻ മോഹൻ റെഢിയുടെ സർക്കാരും മുൻ സർക്കാരിന് നേതൃത്വം നൽകിയിരുന്ന തെലുങ്കുദേശവും തമ്മിലുള്ള മത്സരമാണ് തലസ്ഥാന നിർണയത്തെ കീറാമുട്ടിയാക്കിയത്. ജഗൻ മോഹൻ റെഢിയും ചന്ദ്രബാബു നായിഡുവും തമ്മിലുള്ള വ്യക്തിഗത നീരസങ്ങളും തലസ്ഥാന നിർണയത്തിൽ പ്രതിപ്രവർത്തിച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശ് വിഭജിച്ച് ആന്ധ്ര - തെലുങ്കാന സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടു. അവിഭക്ത ആന്ധ്രയുടെ തലസ്ഥാനം ഹൈദരാബാദ് തെലുങ്കാനയുടേതായി. ഇതോടെയാണ് ആന്ധ്രക്ക് പുതിയ തലസ്ഥാന നിർണയം അനിവാര്യമായത്.

ആന്ധ്ര സംസ്ഥാന രൂപീകരണ വേളയിൽ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു ഗുണ്ടൂർ ജില്ലയിലെ അമരാവതിയെ തലസ്ഥാനമായി പ്രഖ്യാപിച്ചു. നിർദ്ദിഷ്ട തലസ്ഥാന നഗരത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് രൂപരേഖ നൽകി. 50000 കോടിയുടെ വികസന പ്രവർത്തനങ്ങൾ. ഇതിൽ 10000 കോടി നായിഡുസർക്കാർ വേളയിൽ തന്നെ ചെലവഴിക്കപ്പെട്ടു.

മന്ത്രി - പൊലിസ് ആസ്ഥാന - ഭരണ മന്ദിരങ്ങൾ തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. 20000-30000 കോടി കൂടി ചെലവഴിക്കപ്പെട്ടാൽ അമരാവതി തലസ്ഥാന നഗരം തയ്യാർ. പക്ഷേ പദ്ധതി തുടരാൻ ജഗൻ മോഹൻ റെഢി സർക്കാരിന് താല്പര്യമില്ല.

2019 മെയിൽ നായിഡുവിന് അധികാരം നഷ്ടപ്പെട്ട് ജഗൻ മോഹൻ റെഢി സർക്കാർ അധികാരത്തിലേറി. ഇതോടെയാണ് തലസ്ഥാന നഗര നിർണയം തർക്കത്തിലേക്ക് വഴിമാറിയത്. ചന്ദ്രബാബു നായിഡു സർക്കാർ തീരുമാനിച്ച അമരാവതിയിൽ മാത്രമായി തലസ്ഥാനം ഒതുങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ജഗമോഹൻ റെഢി സർക്കാർ.

അമരാവതി - വിശാഖപട്ടണം - കുർണൂൽ മൂന്നു തലസ്ഥാനങ്ങളെന്ന തീരുമാനത്തിലാണ് റെഡ്ഢി സർക്കാർ. 2020 ജനുവരി 20 ലെ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മൂന്നു തലസ്ഥാന പദ്ധതി ബിൽ പാസ്സാക്കപ്പെട്ടത്.

അമരാവതി നിയനിർമ്മാണ തലസ്ഥാനം. വിശാഖപട്ടണം എക്സിക്യുട്ടിവ് തലസ്ഥാനം. കുർണൂൽ ജുഡിഷ്യൽ തലസ്ഥാനം. ഇതാണ് മൂന്നു തലസ്ഥാന രൂപരേഖ. ഇതു സംബന്ധിച്ച ബില്ലിന് ജൂലായ് 30 ന് ഗവർണർ ബിശ്വ ഭൂഷൺ ഹരിചന്ദൻ അംഗീകാരം നൽകി.

അമരാവതി തലസ്ഥാന വികസന പദ്ധതിയിൽ ചന്ദ്രബാബു നായിഡു സർക്കാർ വൻ അഴിമതിയും ക്രമക്കേടുക്കളും നടത്തിയെന്നാണ് റെഢി സർക്കാരിൻ്റെ കണ്ടെത്തൽ. ചന്ദ്രബാബു നായിഡു - റെഢി വ്യക്തിഗത അസ്വാരസ്യങ്ങളും അമരാവതി തലസ്ഥാന പദ്ധതിക്കെതിരെ തിരിയാൻ റെഢിയെ പ്രേരിപ്പിച്ചിട്ടുണ്ട്.

അമരാവതിയിൽ തലസ്ഥാന നഗരവികസനത്തിൻ്റെ ഭാഗമായി 34000 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടി വന്നു. ഏറ്റെടുക്കപ്പെട്ട ഭൂമിക്ക് നാല് ലക്ഷം കോടി രൂപയോളം നഷ്ടപരിഹാരം. അത് പക്ഷേ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഭൂമി വിട്ടുകൊടുത്ത കർഷകർ നഷ്ടപപരിഹാരത്തിനായ് കോടതികൾ കയറിയിറങ്ങുന്നവ സ്ഥ. പദ്ധതി ബാധിതരുടെ പ്രതിഷേധങ്ങൾ. തെലുങ്കുദേശം പാർട്ടിയുടെ ശക്തമായ എതിർപ്പും. ഇതെല്ലാം ജഗൻ മോഹൻ റെഢി സർക്കാരിൻ്റെ മൂന്നു തലസ്ഥാന പദ്ധതിക്ക് വിഘാതമായി തുടരുകയാണ്.

ജഗൻ മോഹൻ റെഢി സർക്കാരിൻ്റെ മൂന്നു തലസ്ഥാന പദ്ധതി കേസ് ഇപ്പോൾ ആന്ധ്ര ഹൈക്കോടതിയുടെ പരിഗണനയിലാണ്. തർക്കത്തിൽ നിന്ന് ഒഴിിഞ്ഞുമാറുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കേസിൽ സ്വീകരിച്ചിട്ടുള്ളത്.

ആന്ധ്രപ്രദേശ് തലസ്ഥാന നഗര തർക്കത്തിൽ കേന്ദ്രം ഭരണഘടനാപരമായി തന്നെ ഇടപ്പെടണമെന്ന തെലുങ്കുദേശം പാർട്ടിയുടെ ആവശ്യം തുടരുകയാണ്. പാർട്ടിയുടെ ലോകസഭാംഗം ജയദേവ് ഗല ഈ ആവശ്യം കഴിഞ്ഞ ദിവസവും ആ വൃത്തിച്ചു (എഎൻഐ റിപ്പോർട്ട് - സെപ്തംബർ 15).

കോടതി വ്യവഹാരത്തിൽ ഇടപ്പെടാൻ താല്പര്യമില്ലെന്നും തലസ്ഥാനമേതെന്ന തീരുമാനം സംസ്ഥാനാധികാര പരിധിയിലാണെന്നുമുള്ള സത്യവാങ്ങ്മൂലമാണ് കേന്ദ്ര സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. എന്നാൽ ഇതിൽ നിന്നു വ്യതസ്തമായി കേന്ദ്രം തർക്കത്തിൽ ഇടപ്പെടണമെന്നാണ് തെലുങ്കുദേശം എംപിയുടെ ആവശ്യം.

സംസ്ഥാന തലസ്ഥാന തീരുമാനം സ്റ്റേറ്റ് ലിസ്റ്റലില്ല. കൺ കറൻറ് അതല്ലെങ്കിൽ യൂണിയൻ ലിസ്റ്റിലുമല്ല. ഇത്തരം സാഹചര്യങ്ങളിൽ ആർട്ടിക്കൾ 248 പ്രകാരം പാർലമെൻ്റിന് നിയമ നിർമ്മാണാധികാരമെന്ന് ഭരണഘടന നിഷ്കർഷിക്കുന്നുണ്ട്. ഈ അധികാരം വിനിയോഗിക്കുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന ശക്തമായ ആവശ്യത്തിലാണ് തെലുങ്കുദേശം ലോകസഭാംഗം ജയദേവ് ഗല.