ടൈറ്റൻ ജല പേടകത്തിൽ ആ അഞ്ചു പേർ അത്‌ലാന്റിക്കിനടിയിൽ അപ്രത്യക്ഷരായപ്പോൾ ആശങ്കയും പ്രാർത്ഥനയുമായി നിന്ന ഒരു ലോകത്തെ നമ്മൾ മറന്നിട്ടില്ല.. പക്ഷെ സമാനമായി അതേ ദിവസങ്ങളിൽ കടലിൽ ഉണ്ടായ മറ്റൊരു അപകടം , അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 750 ഓളം പേർ മെഡിറ്ററേനിയൻ കടലിലേക്കാണ്ടു പോയ ആ ദുരന്തം നമ്മളിൽ എത്ര പേരിലേക്കെത്തി , എത്ര പേരുടെ ഉള്ളിൽ തട്ടി , എത്ര പെട്ടെന്ന് അത് വിസ്മൃതിലായി.. ഈ രണ്ട് ദുരന്തങ്ങൾ ലോക ജനത മനസിലാക്കിയ രീതി … കൈകാര്യം ചെയ്ത രീതി … ഇതുയർത്തുന്ന ചോദ്യങ്ങൾ ചെറുതല്ല..
ഒരു പക്ഷെ ആഗോള ജനതയെ പക്ഷ പാതപരമായി രണ്ട് ധ്രുവങ്ങളിലേക്ക് മാറ്റി നിർത്തുന്ന സാമ്പത്തിക അന്തരം … അതു തന്നെയാണ് ഈ രണ്ടു സംഭവങ്ങളും കൈകാര്യം ചെയ്ത രീതിയിൽ നിന്ന് വ്യക്തമാകുന്നത് .
ചില താരതമ്യ ചിന്തകൾ :
സമ്പദ് സമൃദ്ധിയുടെ പരമകാഷ്ഠയിൽ എന്തു ചെയ്യേണ്ടു എന്ന് ചിന്തിച്ച് കടലിനടിയിലെ ടൈറ്റാനിക് കപ്പലവശിഷ്ടം കാണാനായി സാഹസിക വിനോദ യാത്രയ്ക്ക് യാതൊരു സുരക്ഷാ മുൻകരുതലുമെടുക്കാതെ ഇറങ്ങിത്തിരിച്ച കോടീശ്വരർ . നിർഭാഗ്യവശാൽ അവർ കടലാഴങ്ങളിൽ അപ്രത്യക്ഷരായപ്പോൾ നമ്മൾ ഇതുവരെ കണ്ടിട്ടുള്ളതിൽ, അറിയാവുന്നതിൽ ഏറ്റവും മികച്ച , റോബോട്ടിക് സംവിധാനമടക്കം സർവ്വ സന്നാഹങ്ങളും ഉപയാഗിച്ചുള്ള സമുദ്രാന്തര തെരച്ചിലായിരുന്നു സാഹസികരായ ആ അഞ്ച് ശതകോടീശ്വരന്മാർക്കായി അമേരിക്കയും കാനഡയും ഫ്രാൻസും അടക്കമുള്ള ശക്തരായ ലോക രാഷ്ട്രങ്ങൾ വിവിധ ഏജൻസികളുടെ സഹായത്തോടെ നടത്തിയത്. 40,000 കിലോമീറ്റർ സ്ക്വയറിൽ രണ്ടര മൈൽ ആഴത്തിൽ നടത്തുന്ന തെരച്ചിൽ എന്ന് പറയുമ്പോൾ അതിന്റെ വ്യാപ്തിയും ചെലവും നമ്മൾ ചിന്തിക്കുന്നതിന് അപ്പുറമാണ്. മറുഭാഗത്ത് രണ്ടു ദിവസം മുൻപ് മാത്രം മെഡിറ്ററേനിയൻ കടലിൽ നടന്ന കൊടും ദുരന്തം . ഒരു ജീവിത കാലത്തെ മുഴുവൻ സമ്പാദ്യവും, അത് ചിലപ്പോൾ പതിനായിരങ്ങൾ മാത്രമാകാം.
Also read : പൂജാരിമാരെ നിയമിക്കുന്നതിൽ ജാതിക്ക് പങ്കില്ല; ഹൈകോടതി
അവ കൂട്ടിവച്ച് അതിൽ മുക്കാൽ പങ്കും ഇടനിലക്കാർക്ക് നൽകി സുരക്ഷിത ഭാവി തേടി പ്രാണരക്ഷാർത്ഥം പലായനത്തിനായി കടൽ എന്ന ഏറ്റവും ദുഷ്ക്കരം പിടിച്ച മാർഗ്ഗം തെരഞ്ഞെടുത്ത 750 ലേറെ പേർ. ആ ഉരു മെഡിറ്ററേനിയൻ കടലിൽ മുങ്ങിത്താണപ്പോൾ അത് നിത്യ കാഴ്ചയായ മറ്റൊരു അഭയാർത്ഥി ദുരന്തമായി മാത്രം ചരിത്രത്തിൽ എഴുതി ചേർക്കപ്പെടുന്നു. ഗ്രീസിനു സമീപം മെഡിറ്ററേനിയൻ കടലിൽ കാര്യമായ രക്ഷാപ്രവർത്തനമൊന്നും നടന്നില്ലെന്നു മാത്രമല്ല, അപകടത്തിൽപ്പെട്ട ബോട്ടിനെ രക്ഷപ്പെടുത്തുന്നതിൽ ഗ്രീസിന്റെ കോസ്റ്റ് ഗാർഡ് കുറ്റകരമായ അലംഭാവം കാണിച്ചുവെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. നൂറോളം മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. 150 പേരോളം രക്ഷപ്പെട്ടു. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ഇനിയും കണ്ടെത്താനുള്ള 500 ഓളം പേർ. കടലിന്റെ അഗാധതയിലേക്കു പോയി മറഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും ലോക രാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്നും എന്ത് ഇടപെടലുണ്ടായി… എന്ത് രക്ഷാപ്രവർത്തനം നടന്നു എന്നത് വിവരവും വിവേകവും അവകാശപ്പെടുന്ന മനുഷ്യന്റെ മനസാക്ഷിയെ നോവിക്കേണ്ടതാണ്.
മരണത്തിലേക്ക് പലായനം ചെയ്തവർ :-
അവർ 750 ഓളം പേരുണ്ടായിരുന്നു. സ്ത്രീകളും നെഞ്ചോട് ചേർത്തുപിടിച്ച കുഞ്ഞുങ്ങളുമടക്കം. വിശപ്പടക്കാൻ , യുദ്ധത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും രക്ഷനേടാൻ ഏറ്റവും ദുർഘടമായ മാർഗ്ഗങ്ങളിലൂടെ രക്ഷാമാർഗ്ഗം തേടിയവർ… അഭയാർത്ഥികൾ …. സുരക്ഷയുടെ തീരം തേടി പലായനം ചെയ്തവർ എത്തപ്പെട്ടത് മരണക്കടലിലേക്കാണ്. മെഡിറ്ററേനിയൻ കടലിലുണ്ടായ ഏറ്റവും വലതും ലോകത്ത് ഇതുവരെ സംഭവിച്ചതിൽ രണ്ടാമത്തെ വലിയ അഭയാർത്ഥി ദുരന്തവുമാണ് ജൂൺ 14 ന് സംഭവിച്ചത്. ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ നിന്ന് ഇറ്റലിയെന്ന യൂറോപ്യൻ രാജ്യത്തിന്റെ തീരത്ത് എത്തപ്പെട്ടവർ. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ. അതിൽ 400 ലേറെ പേർ പാകിസ്ഥാനികൾ. എത്ര പേർ ജീവനോടെ തിരികെ കരകണ്ടുവെന്നോ എത്ര പേർ കടലാഴങ്ങളിൽ ആണ്ടുപോയെന്നോ ഒരു കണക്കുമില്ല. മരിച്ചവരിലേറെയും പാകിസ്ഥാനികളാണെന്ന പ്രാഥമിക വിവരം മാത്രമാണ് ലഭ്യമായത്. അനധികൃത കുടിയേറ്റ ശ്രമമായിരുന്നതിനാൽ തന്നെ ബോട്ടിലുണ്ടായിരുന്നവരുടെ എണ്ണമോ കൃത്യമായ കണക്കുകളോ ലഭ്യമല്ല. മാത്രമല്ല ഇത്തരത്തിൽ പ്രാണരക്ഷാർത്ഥം പലായനo ചെയ്യുന്നവരിൽ നിന്ന് മനുഷ്യക്കടത്തിന്റെ ഇടനിലക്കാർ നല്ലൊരു തുക പിഴിഞ്ഞെടുക്കാറുമുണ്ട്.
അസ്ഥിത്വമില്ലാതെ അഭയാർത്ഥികൾ :-
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ. സിറിയ. ഇറാൻ, വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഭൂരിപക്ഷം അഭയാർത്ഥികളും. സാമ്പത്തിക -രാഷ്ട്രീയ അനിശ്ചിതാവസ്ഥയും അരാജകത്വവും പ്രകൃതി ദുരന്തങ്ങളുമെല്ലാം സ്വന്തം രാജ്യം വിട്ട് സാമ്പത്തിക സ്ഥിരതയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ട് എത്താൻ ഇവരെ വല്ലാതെ പ്രേരിപ്പിക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾ എന്നും അഭയാർത്ഥികളുടെ സ്വപ്ന ഭൂമിയായിരുന്നു. യൂറോപ്യൻ ഭൂഖണ്ഡത്തോട് ഏറ്റവും അടുത്തുള്ള രാജ്യങ്ങളാണ് ലിബിയയും ടുണിഷ്യയും . മനുഷ്യക്കടത്തിന്റെ ശക്തമായ കേന്ദ്രങ്ങളാണ് ഈ രാജ്യങ്ങൾ. പതിനായിരക്കണക്കിന് അഭയാർത്ഥികളാണ് പ്രതിദിനം ഈ രാജ്യങ്ങളുടെ തുറമുഖങ്ങളിലേക്കെത്തുന്നത്. ഇറ്റലിയാണ് ഇവരുടെ സ്വപ്ന ഭൂമിയിലേക്കുള്ള പ്രവേശന കവാടം.
അഭയാർഥികളിൽ നിന്ന് വൻതുക വാങ്ങി യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത മീൻപിടിത്ത ബോട്ടുകളിലാണ് ആയിരക്കണക്കിനു പേരെ കുത്തിനിറച്ച് മനുഷ്യക്കടത്ത് ഏജന്റുമാർ ഇറ്റാലിയൻ തീരത്തേക്ക് അയയ്ക്കുന്നത്. മനുഷ്യദുരിതം വിറ്റുകാശാക്കുന്നവരുടെ വലിയൊരു ശൃംഖല തന്നെയാണ് പാക്കിസ്ഥാൻ മുതൽ യൂറോപ്പ് വരെ വ്യാപിച്ചുകിടക്കുന്നത്. ഐക്യ രാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം ഈ വർഷം ഇതുവരെ 105,000 പേർ ഈ പാത വഴി യൂറോപ്പിലേക്കെത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 12 ശതമാനത്തിന്റെ വർദ്ധനവ്.
എന്നാൽ അടുത്തിടെ പല യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ അഭയാർഥി നയം പുനഃപരിശോധിച്ചു വരികയാണ്. സ്വന്തം ജനതകളിൽ നിന്നുള്ള എതിരഭിപ്രായമാണ് ഇതിന് കാരണം. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തങ്ങളുടെ രാജ്യങ്ങളിലേക്കു കടക്കുന്ന അഭയാർഥികളുടെ എണ്ണം കുറച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. തുർക്കി ആണു നിലവിൽ ഏറ്റവും കൂടുതൽ പേർക്ക് അഭയം നൽകിയിട്ടുള്ള രാജ്യം– 36 ലക്ഷം പേർ. ഇതിൽ ബഹുഭൂരിപക്ഷവും അയൽരാജ്യമായ സിറിയയിൽ നിന്നുള്ളവരാണ്. 21 ലക്ഷം പേർക്ക് അഭയം നൽകിയ ജർമനിയാണ് തൊട്ടടുത്ത സ്ഥാനത്ത്. അഭയാർത്ഥികളോടുള്ള ലോക ജനതയുടെ മനം മാറ്റത്തിനായി മനുഷ്യാവകാശ – അന്താരാഷ്ട്ര സംഘടനകൾ അലമുറയിട്ട് അപേക്ഷിക്കുകയാണ്. സാഹചര്യത്തിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം