×

ഡെല്‍ഹി ചലോ: രണ്ടാം കര്‍ഷക സമരം ആരംഭിച്ചു, അതിര്‍ത്തിയില്‍ സംഘര്‍ഷം

google news
.

ഡെല്‍ഹി വീണ്ടും സംഘര്‍ഷ ഭൂമിയാകുമ്പോള്‍ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരും സമരം ശക്തമാക്കാന്‍ കര്‍ഷകരും എല്ലാവഴികളും തേടുകയാണ്. ഇരുനൂറിലേറെ കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ഡല്‍ഹി ചലോ' കര്‍ഷക മാര്‍ച്ച് തടയാന്‍ പോലീസ് ബാരിക്കേഡു കൊണ്ട് അടച്ചെങ്കിലും അതെല്ലാം തകര്‍ത്തു കൊണ്ടാണ് കര്‍ഷകര്‍ മുന്നേറുന്നത്. ഹരിയാണ അതിര്‍ത്തിയായ ശംഭുവില്‍ പോലീസ് കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ഇവിടെ നിന്ന് കര്‍ഷകരെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

.

ഒന്നാം കര്‍ഷക സമര കാലത്ത് എടുത്ത കേസുകള്‍ പിന്‍വലിക്കണം, സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി നല്‍കണം. സമ്പൂര്‍ണ കടം എഴുതിത്തള്ളണം. കര്‍ഷകര്‍ക്ക് പെന്‍ഷന്‍, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കല്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രണ്ടാം കര്‍ഷകസമരം ആരംഭിച്ചിരിക്കുന്നത്. കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ദില്ലി ഭാവന സ്റ്റേഡിയം താല്‍ക്കാലിക ജയില്‍ ആക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ആം ആദ്മി സര്‍ക്കാര്‍ നിരസിച്ചു.

.

ആയിരത്തിലേറെ കര്‍ഷകര്‍ അണിനിരക്കുന്ന കര്‍ഷക മാര്‍ച്ചിനെ നേരിടാന്‍ വന്‍ തോതില്‍ സംവിധാനങ്ങള്‍ ഒരുക്കിയ കേന്ദ്രം, ഡല്‍ഹിയലെ ഭാവന സ്റ്റേഡിയം താല്‍ക്കാലിക ജയിലാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം നിരസിച്ചുകൊണ്ട് ആം ആദ്മി സര്‍ക്കാര്‍ രേഖാമൂലം മറുപടി നല്‍കി. ഹരിയാന സര്‍ക്കാര്‍ രണ്ട് സ്റ്റേഡിയങ്ങള്‍ നേരത്തെ ജയിലാക്കി മാറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിര്‍സയിലെ ചൗധരി ദല്‍ബീര്‍ സിംഗ് ഇന്‍ഡോര്‍ സ്റ്റേഡിയവും, ദബ്‌വാലിയിലെ ഗുരുഗോവിന്ദ് സ്റ്റേഡിയവുമാണ് കസ്റ്റഡിയിലെടുക്കുന്ന കര്‍ഷകര്‍ക്കുള്ള താല്‍ക്കാലിക ജയിലാക്കി മാറ്റിയത്. സമരത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പട്ട് ചീഫ് ജസ്റ്റിസിന് കത്ത് അയച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍.

.

കര്‍ഷകര്‍ അനധികൃതമായി ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് പ്രസിഡന്റ് ആദിശ് അഗര്‍വാല ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചത്. കര്‍ഷക സമരം കോടതി നടപടികളെ തടസ്സപ്പെടുത്തുമെന്നും പ്രക്ഷോഭം കാരണം അഭിഭാഷകര്‍ക്ക് ഹാജരാകാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും അഗര്‍വാല കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിഷേധം കണക്കിലെടുത്ത്, ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷാ നടപടികള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, പോലീസ് സിമന്റ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീഗഢില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ സമരവുമായി മുന്നോട്ടു പോകുന്നത്. 

.

അതേസമയം, ദിവങ്ങളോളം സമരം ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളുമായാണ് കര്‍ഷകര്‍ ട്രാക്ടറുകളില്‍ എത്തിയിരിക്കുന്നത്. മൊട്ടുസൂചി മുതല്‍ മണ്‍വെട്ടി വരെ കര്‍ഷകര്‍ കരുതിയിട്ടുണ്ട്. ആരുമാസത്തേക്കു വേണ്ടുന്ന ഭക്ഷണവും സാധനങ്ങളും എത്തിച്ചിട്ടുണ്ട്. ട്രാക്ടറുകളും ട്രോളികളും ഉപയോഗിക്കാന്‍ ആവശ്യമായ ഡീസലും കരുതിയിട്ടുണ്ടെന്നാണ് സമരത്തിനെത്തിയ കര്‍ഷകര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ തവണ 13 മാസം സമരം ചെയ്തിട്ടും കര്‍ഷകര്‍ പിന്‍മാറിയില്ല. കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും വാക്ക് പാലിച്ചില്ല. ഇത്തവണ അതുണ്ടാകില്ലെന്നും കര്‍ഷകര്‍ പറയുന്നു. ഫത്തേഗഡ് സാഹിബില്‍ നിന്നു ഇന്നു രാവിലെയാണ് കര്‍ഷക മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ഡല്‍ഹി പൊലീസ് സമരത്തെ തടഞ്ഞു. 

.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കര്‍ഷകര്‍ വീണ്ടും രംഗത്തെത്തിയത്. 150ഓളം സംഘടനകളുടെ കൂട്ടായ്മയായ കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്തമായി നടത്തുന്ന പ്രക്ഷോഭമാണിത്. ഒന്നാം കര്‍ഷക സമരത്തില്‍ നിരവധി കര്‍ഷകര്‍ മരണപ്പെട്ടിരുന്നു. ആ സമരത്തെ ആദ്യമൊക്കെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച് കേന്ദ്ര സര്‍ക്കാര്‍ പിന്നീട് താഴ്ന്നു. എന്നാല്‍, ഇന്ത്യയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഖലിസ്ഥാന്‍ വാദികളുടെ ഇടപെടല്‍ ഉണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നത്. കര്‍ഷകര്‍ക്കിടയില്‍ ഖലിസ്ഥാന്‍ വാദികളുടെ സാന്നിധ്യവും സംശയിച്ചിരുന്നു. 

.

രണ്ടാം കര്‍ഷക സമരം പ്രതിരോധിക്കാനായി പോലീസ് എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. പഴുതടച്ച സംവിധാനങ്ങളാണ് മാര്‍ച്ചിനെ നേരിടാനായി ഒരുക്കിയതെന്ന് ഡല്‍ഹി ഈസ്റ്റേണ്‍ റേഞ്ച് അഡീഷണല്‍ പോലീസ് കമ്മിഷണര്‍ പറയുന്നു. ഡല്‍ഹി പോലീസിന് പുറമെ സായുധസേനയും കര്‍ഷക പ്രക്ഷോഭം നേരിടാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സമരത്തിനെത്തുന്ന ഒരാളെപ്പോലും ഡല്‍ഹിയുടെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തികളില്‍ രണ്ടു ലെയര്‍ സിമന്റ് പാളികളുടെ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ ഗുരുഗ്രാം, സിംഘു, ഗാസിപ്പുര്‍ തുടങ്ങിയ അതിര്‍ത്തികളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. 

.

ഇവിങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ സീലാംപുരിലും ഹരിയാണയിലെ പഞ്ച്കുലയിലും ആള്‍ക്കൂട്ടങ്ങളുടെ കൂടിച്ചേരലുകള്‍ നിരോധിച്ചിട്ടുണ്ട്. പഞ്ചാബിലേയും ഹരിയാണയിലേയും കര്‍ഷകരുടെ പ്രവേശനം തടയാന്‍ ഡല്‍ഹി അതിര്‍ത്തിയില്‍ വലിയ ക്രെയ്നുകളും കണ്ടെയ്നറുകളും സ്ഥാപിച്ചിട്ടുണ്ട്. ഹരിയാണയിലെ ഏഴ് ജില്ലകളില്‍ രാവിലെ ആറുമുതല്‍ രാത്രി 12 വരെ 13-ന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ബള്‍ക്ക് എസ്.എം.എസ്. സേവനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തി. കുപ്പിയിലോ മറ്റ് കണ്ടെയ്നറുകളിലോ ഇന്ധനം നല്‍കരുതെന്ന് സോനിപത് ജില്ലാ ഭരണകൂടം പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. 

.

ട്രാക്ടറുകള്‍ക്ക് 10 ലിറ്ററില്‍ കൂടുതല്‍ പെട്രോള്‍ നല്‍കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ടവര്‍ക്ക് ഇന്ധനം നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടായിരത്തോളം ട്രാക്ടറുകളുമായി ഇരുപതിനായിരത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ അണിനിരക്കുന്നത്. കേരളത്തില്‍നിന്ന് അഞ്ഞൂറോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags