പതിറ്റാണ്ടുകൾക്കിടെ അധിനിവേശ വെസ്റ്റ് ബാങ്കിൽ നടത്തിയ ഏറ്റവും വലിയ ആക്രമണത്തിന് ശേഷം പലസ്തീൻ നഗരമായ ജെനിനിൽ നിന്ന് പിൻവാങ്ങിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഞായറാഴ്ച മുതൽ 2 ദിവസമായി നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലും സൈനിക നടപടിയിലും 12 പലസ്തീനികൾ കൊല്ലപ്പെട്ടു. ഒരാൾ രാമള്ളയിലും മരിച്ചു. ഇരുന്നൂറിൽ ഏറെ പേർക്ക് മാരകമായി പരിക്കേറ്റു. ആയിരങ്ങളാണ് മരിച്ചവരുടെ കബറടക്ക അന്ത്യ ശുശ്രൂഷകളിൽ പങ്കെടുത്തത്. ജനിനിലെ പലസ്തീൻ പോരാളി ക്യാമ്പിന്റെ 80 ശതമാനം വീടുകളും തകർന്നതായി ഡെപ്യൂട്ടി ഗവർണർ കമാൽ അബു അൽ റൂബ് വെളിപ്പെടുത്തി. ഇസ്രയേൽ സേനയുടെ പിന്മാറ്റത്തിൽ വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ആയിരക്കണക്കിന് പലസ്തീൻകാർ നടത്തിയത് എങ്കിലും ചില ഭാഗങ്ങളിൽ ഇപ്പോഴും ഇസ്രായേൽ സൈനുകൾ ഉറപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
ബുൾഡോസറുകളും ട്രാക്ടറുകളും ഉപയോഗിച്ച് ജെനിൻ അഭയാർത്ഥി മേഖലയ്യം കവാടം അടച്ചായിരുന്നു ഇസ്രയേൽ സേന ആക്രമണം നടത്തിയത് . കാലാൾപ്പടയും ടാങ്കറുകളും ഡ്രോണുകളും മിസൈലുകളം അടക്കം സർവ്വ സന്നാഹങ്ങളും അവർ പലസ്ഥിൻ അഭയാർത്ഥി പോരാളികൾക്കുമേൽ പ്രയോഗിച്ചു. കുടിവെള്ള പൈപുകളും റോഡുകളും വൈദ്യുതിയുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർത്തെറിഞ്ഞാണ് ഇസ്രയേൽ സേനയുടെ മടക്കം. സായുധ പലസ്ഥിൻ പോരാളികൾക്കായി തെരഞ്ഞു വന്ന ഇസ്രയേൽ സേന സാധാരണക്കാരെ ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്ന് ജനിനിലെ പ്രദേശവാസികൾ ആരോപിക്കുന്നു. ജനിനിലെ ജനങ്ങൾക്കെതിരായ തുറന്ന യുദ്ധം എന്നാണ് ഇസ്രയേൽ ഓപ്പറേഷനെ
പലസ്തീൻ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.
എന്നാൽ വെസ്റ്റ് ബാങ്കിലെ ജനിൻ അടക്കമുള്ള മേഖലയുടെ നിയന്ത്രണം വഹിക്കുന്ന പലസ്തീൻ അതോറിറ്റിക്ക് നേരെ രൂക്ഷ വിമർശനമാണ് തദ്ദേശവാസികൾ നടത്തുന്നത്. പലസ്തീൻ അതോറിറ്റിയുടെ അനാസ്ഥയുടെ പ്രതികരണമാണ് ഇസ്രയേൽ സേനയെ ക്യാമ്പിലേക്ക് കടത്തിവിടാൻ സഹായിച്ചതെന്നാണ് അവർ ആരോപിക്കുന്നത്. തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ തങ്ങളുടെ പ്രതിരോധത്തെ അവർ സഹായിച്ചില്ല എന്നും പിന്തുണച്ചില്ല എന്നും ജനിൻ നിവാസികൾ ആക്ഷേപിക്കുന്നു.
അര ചതുരശ്ര കിലോമീറ്ററിൽ താഴെയുള്ള പ്രദേശത്ത് ഏകദേശം 24,000 ആളുകളാണ് താമസിച്ചിരുന്നത്. അതേസമയം വെസ്റ്റ്ബാങ്കിലെ ഇസ്രായേലിന്റെ അനധികൃത അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി മാറിയ ജെനിൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സായുധ സംഘങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ന്യായീകരണം തുടരുകയാണ് ഇസ്രായേൽ . എന്തായാലും വലിയ രീതിയിലുള്ള വിമർശനവും പ്രതിഷേധവുമാണ് യു എൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും മനുഷ്യാവകാശ ഏജൻസികളും ഇസ്രയേലിന്റെ അധിനിവേശത്തിനെതിരെ നടത്തുന്നത്. 2002 ഇസ്രയേൽ സേന സമാനമായി നടത്തിയ ആക്രമണത്തിൽ ക്യാമ്പിന്റെ പകുതിയോളം ഇല്ലാതായിരുന്നു . 50 ഓളം പലസ്തീനികളാണ് അന്ന് കൊല്ലപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം