ജപ്പാൻ: ഫുകുഷിമ ആണവനിലയത്തിൽ നിന്ന് സംസ്കരിച്ച മലിനജലം പുറത്തു വിടാനുള്ള ജപ്പാന്റെ വിവാദ പദ്ധതി രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങൾക് വഴി വെയ്ക്കുന്നു. 2011-ലെ സുനാമിയിൽ പ്ലാന്റിന് ചോർച്ചയടക്കമുള്ള കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതേ തുടർന്ന് .ഒരു ദശലക്ഷം ടണ്ണിലധികം സംസ്കരിച്ച മലിനജലമാണ് പ്ലാന്റിന്റെ സ്വീവേജ് സംഭരണിയിൽ അടിഞ്ഞുകൂടിയിട്ടുള്ളത്. ഇപ്പോൾ ജപ്പാൻ ഇത് പസഫിക് സമുദ്രത്തിലേക്ക് പുറന്തള്ളാൻ നടത്തുന്ന നീക്കമാണ് പ്രതിഷേധത്തിനിടയാക്കുന്നത്.
Read More: പ്രസവത്തിന് എ. സി. മുറി ബുക്ക് ചെയ്യാത്തതിന് ചൊല്ലി തർക്കം; പരസ്യമായി തമ്മിലടിച്ച് ബന്ധുക്കൾ
രണ്ടുവർഷം മുൻപ് യുഎൻ ആണവ നിരീക്ഷകരായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ജപ്പാന്റെ പദ്ധതിയെ അംഗീകരിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇത് പ്രഖ്യാപിച്ചത് മുതൽ, ജപ്പാനിൽ ഈ പദ്ധതി വലിയ വിവാദം ഉയർത്തിയിരുന്നു. കടലിനെ ആശ്രയിച്ചിരുന്ന പ്രാദേശിക വിഭാഗങ്ങൾ ആണവ മലിനീകരണത്തെക്കുറിച്ച് വലിയ ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. അവർ മാത്രമല്ല ജപ്പാനിലെയും വിശാലമായ പ്രദേശങ്ങളിലെയും മത്സ്യബന്ധന, സമുദ്രോത്പന്ന വ്യവസായ ഗ്രൂപ്പുകൾ തങ്ങളുടെ ഉപജീവനത്തെക്കുറിച്ചുള്ള ഭീതിയിലാണ്. ജപ്പാൻ സമുദ്രത്തെ തങ്ങളുടെ “സ്വകാര്യ മേഖലയായി കണക്കാക്കുന്നുവെന്ന് കുറ്റപ്പെടുത്തി ചൈനയാണ് ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയത്. അന്താരാഷ്ട്ര ആൺവോർജ ഏജൻസിയുടെ നിഗമനങ്ങളും ആണവ മലിനജലം കടലിൽ ഒഴുക്കാനുള്ള ജപ്പാന്റെ പദ്ധതി അംഗീകരിച്ച തീരുമാനവും ഏകപക്ഷീയമാണെന്ന് ചൈന കഴിഞ്ഞ ദിവസം ആരോപിച്ചു.
ജപ്പാന്റെ ആണവ മാലിന്യ നിർമ്മാർജ്ജന പദ്ധതി:
ദുരന്തത്തിന് ശേഷം, പവർ പ്ലാന്റ് കമ്പനിയായ ടെപ്‌കോ ,ഫുകുഷിമ ആണവ റിയാക്ടറുകളുടെ ഇന്ധന ദണ്ഡുകൾ തണുപ്പിക്കാൻ വെള്ളം പമ്പ് ചെയ്യുന്നു. ഇതിനർത്ഥം എല്ലാ ദിവസവും പ്ലാന്റ് മലിനമായ വെള്ളം ഉത്പാദിപ്പിക്കുന്നു, അത് വലിയ ടാങ്കുകളിൽ സംഭരിക്കുന്നു. ഇത്തരത്തിൽ 1,000-ലധികം ടാങ്കുകൾ നിറഞ്ഞു കഴിഞ്ഞു. അടുത്ത 30 വർഷത്തിനുള്ളിൽ ഈ ജലം ക്രമേണ പസഫിക് സമുദ്രത്തിലേക്ക് വിടാനാണ് ജപ്പാന്റെ നീക്കം. അത് സുരക്ഷിതമാണെന്ന് അവർ വാദിക്കുന്നു.
ശുദ്ധീകരിച്ച മലിനജലം സമുദ്രത്തിലേക്ക് വിടുന്നത് ആണവ നിലയങ്ങളുടെ പതിവ് സമ്പ്രദായമാണ്. എന്നാൽ ആണവ നിലയത്തിലെത് ഒരു അപകടത്തിന്റെ ഉപോൽപ്പന്നമാണ്, ഇത് സാധാരണ ആണവ മാലിന്യമല്ല. ടെപ്‌കോ അതിന്റെ അഡ്വാൻസ്ഡ് ലിക്വിഡ് പ്രോസസ്സിംഗ് സിസ്റ്റം വഴി ഫുകുഷിമയിലെ ജലത്തെ ഫിൽട്ടർ ചെയ്യുന്നു. ഇത് ട്രിറ്റിയം, കാർബൺ-14 എന്നിവ കൂടാതെ മിക്ക റേഡിയോ ആക്ടീവ് പദാർത്ഥങ്ങളെയും സ്വീകാര്യമായ സുരക്ഷാ മാനദണ്ഡങ്ങളിലേക്ക് കുറയ്ക്കുന്നു.
ട്രിറ്റിയം, കാർബൺ-14 എന്നിവ യഥാക്രമം ഹൈഡ്രജന്റെയും കാർബണിന്റെയും റേഡിയോ ആക്ടീവ് രൂപങ്ങളാണ്. അവ പ്രകൃതി പരിസ്ഥിതിയിലും വെള്ളത്തിലും മനുഷ്യരിലും വ്യാപകമായി കാണപ്പെടുന്നു. രണ്ടും വളരെ കുറഞ്ഞ അളവിലുള്ള റേഡിയേഷൻ പുറപ്പെടുവിക്കുന്നു, പക്ഷേ വലിയ അളവിൽ ആണെങ്കിൽ അപകടസാധ്യതയുണ്ടാക്കാം. ഫിൽട്ടർ ചെയ്ത വെള്ളം മറ്റൊരു സംസ്കരണ പ്രക്രിയയിലൂടെ കടന്നുപോകുന്നു, തുടർന്ന് ശേഷിക്കുന്ന പദാർത്ഥങ്ങളുടെ സാന്ദ്രത കുറയ്ക്കാൻ കടൽവെള്ളത്തിൽ ലയിപ്പിക്കുന്നു.
ട്രിറ്റിയത്തിന്റെ അവസാന ലെവൽ കുടിവെള്ളത്തിനായി ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നതിനേക്കാൾ വളരെ സുരക്ഷിതമാണെന്നാണ് ജപ്പാൻ ഗവൺമെന്റ് പറയുന്നത്. കാർബൺ-14 നിലവാരവും മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ടെപ്‌കോ അറിയിച്ചിട്ടുണ്ട്. പുറന്തള്ളുന്ന വെള്ളം മനുഷ്യർക്കും സമുദ്രജീവികൾക്കും അപകടസാധ്യത ഉണ്ടാക്കില്ലെന്ന് തെളിയിക്കാൻ ടെപ്‌കോയും ജാപ്പനീസ് സർക്കാരും പഠനങ്ങൾ നടത്തിയിട്ടുണ്ട്. പുറത്തുവിടുന്ന ജലം വോളിയത്തിലും റേഡിയോ ആക്ടിവിറ്റിയിലും സമുദ്രത്തിലെ ഒരു തുള്ളിയാകും. ഈ വളരെ കുറഞ്ഞ അളവിലുള്ള റേഡിയോ ഐസോടോപ്പുകൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഒരു വിഭാഗം ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നു.
ആശങ്കയോടെ വിമർശക ലോകം :
പരിസ്ഥിതി പ്രവർത്തകരെപ്പോലെ യുഎൻ നിയമിച്ച മനുഷ്യാവകാശ വിദഗ്ധരും പദ്ധതിയെ എതിർത്തിട്ടുണ്ട്. റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ നീക്കം ചെയ്യുന്നതിൽ ഇത് വേണ്ടത്ര മുന്നോട്ട് പോകുന്നില്ലെന്ന് ഗ്രീൻപീസും റിപ്പോർട്ടുകൾ പുറത്തുവിട്ടു. പദ്ധതിയിൽ അസ്വസ്ഥരായ ചില ശാസ്ത്രജ്ഞരും ഉണ്ട്. ഇത് സമുദ്രത്തിന്റെ അടിത്തട്ടിനെയും സമുദ്രജീവികളെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് വിദ്ഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ആണവ മാലിന്യം കടലിൽ ഒഴുകുന്നതിന് മുൻപ് ജപ്പാൻ പ്രാദേശിക രാജ്യങ്ങളുമായും അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും ധാരണയിലെത്തണമെന്ന് ചൈന ആവശ്യപ്പെട്ടു. ടോക്കിയോ “അന്താരാഷ്ട്ര ധാർമികവും നിയമപരവുമായ ബാധ്യതകൾ” ലംഘിച്ചുവെന്ന് ബെയ്‌ജിങ് ആരോപിച്ചു, പദ്ധതിയുമായി മുന്നോട്ട് പോയാൽ എല്ലാ അനന്തരഫലങ്ങളും നിങ്ങൾ വഹിക്കേണ്ടിവരും എന്ന് ചൈന മുന്നറിയിപ്പ് നൽകുന്നു. ചൈനയിൽ നിന്ന് വ്യത്യസ്‌തമായി, ജപ്പാനുമായി ബന്ധം സ്ഥാപിക്കാൻ താൽപ്പര്യമുള്ള ദക്ഷിണ കൊറിയ തങ്ങളുടെ നിലപാടുകൾ മൃദുവാക്കിയിട്ടുണ്ട് അന്താരാഷ്ട്ര ആണവൂർജ ഏജൻസിയുടെ കണ്ടെത്തലുകളെ തങ്ങൾ ബഹുമാനിക്കുന്നു എന്നാണ് പറയുന്നത്.
എന്നാൽ ഈ സമീപനം ദക്ഷിണ കൊറിയൻ പൊതുജനങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്, അവരിൽ 80% പേരും അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പ് പ്രകാരം ആശങ്കാകുലരാണ്. സിയോളിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ഇതോടെ ദക്ഷിണ കൊറിയയുടെ പാർലമെന്റ് കഴിഞ്ഞ ആഴ്ച ജലവിതരണ പദ്ധതിയെ എതിർത്ത് ഒരു പ്രമേയം പാസാക്കി. ജപ്പാന്റെ തീരുമാനത്തിൽ ഇത് എന്ത് സ്വാധീനം ചെലുത്തുമെന്ന് വ്യക്തമല്ലെങ്കിലും. ഉദ്യോഗസ്ഥർ സമുദ്രവിഭവങ്ങളുടെ കർശനമായ പരിശോധനകൾ ആരംഭിക്കുകയും ഫുകുഷിമ പ്ലാന്റിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുള്ള ജാപ്പനീസ് സീഫുഡ് ഇറക്കുമതി നിരോധനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. മേഖലയിലെ മറ്റിടങ്ങളിൽ പസഫിക് ഐലൻഡ്‌സ് ഫോറം റീജിയണൽ ഗ്രൂപ്പിലെ പല ദ്വീപ് രാഷ്ട്രങ്ങളും ഈ പദ്ധതിയെ മറ്റൊരു വലിയ ആണവ മലിനീകരണ ദുരന്തം എന്ന് വിളിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം