കാവലാകേണ്ട കാക്കി കാലനാകുമ്പോള്‍ 

കാവലാകേണ്ട കാക്കി കാലനാകുമ്പോള്‍ 

അടിയന്തരാവസ്ഥയ്ക്ക് നാല്‍പ്പത്തി അഞ്ച് വയസ്സ് തികയുമ്പോഴും നിരപരാധികളുടെ ദീന രോധത്തിന്‍റെയും, അക്രമരാഹിത്യത്തിന്‍റെയും കണ്ണീരുപ്പുള്ള കഥകള്‍ പര്യവസാനിക്കുന്നില്ല. കസ്റ്റഡി മരണങ്ങളുടെയും പോലീസ് അരാജകത്വത്തിന്‍റെയും ക്രൂരവും മനുഷ്യത്വ രഹിതവുമായ ഉദാഹരണങ്ങള്‍ക്ക് നാം ഇന്നും സാക്ഷികളാകുന്നു എന്നതാണ് വാസ്തവം.

തൂത്തുകുടി സ്വദേശിയായ ജയരാജനിലും മകൻ ബെന്നിക്സിലുമാണ് ഈ ഉദാഹരണങ്ങള്‍ ചെന്നെത്തി നില്‍ക്കുന്നത്. പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ചുമതലപ്പെട്ട പോലീസ്, ക്രൂരമായി മര്‍ദ്ദിച്ചും ഉരുട്ടിയും മലദ്വാരത്തില്‍ കമ്പി കയറ്റിയുമെല്ലാം പീഡിപ്പിച്ച്, നിഷ്കരുണം കൊലപ്പെടുത്തിയ അച്ഛനും മകനുമാണ് ജയരാജനും ബെന്നിക്സും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതാണ് ഈ പാവങ്ങള്‍ ചെയ്ത കുറ്റം. ഏത് ഭരണകൂടമാണ് ലോക്ക് ഡൗണ്‍ ലംഘിച്ചവരെ കൊലപ്പെടുത്താന്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്? ഏത് കോടതിയാണ് ഈ ദയ വറ്റിയ പ്രവൃത്തി ശരിവെക്കുന്നത്? അധികാരത്തിന്‍റെ മറ പിടിച്ച് വിലപ്പെട്ട ജീവനുകള്‍ നിഷ്കരുണം പറിച്ചെടുക്കാന്‍ ഏത് പോലീസിനാണ് അധികാരമുള്ളത്?

ജയരാജനും ബെന്നിക്സും

കഴിഞ്ഞ ചൊവ്വാഴ്ച തൂത്തുകുടിയിലെ സാത്താങ്കുളത്ത് കോവിഡ് ഉപരോധം ലംഘിച്ചുകൊണ്ട് ആയിരത്തിലേറെ മനുഷ്യർ ഒത്തുകൂടി ഒരു ധർണ നടത്തുകയുണ്ടായി. നിരപരാധികളായ രണ്ടു പേര്‍ പോലീസ് ലോക്കപ്പില്‍ നിന്നു പിണമായി(ശവം) പുറത്തിറങ്ങിയതിന്‍റെ പൊരുളറിയാന്‍ കൂട്ടം കൂടിയ ജനങ്ങളായിരുന്നു അവര്‍. വൈറസ് വ്യാപനം സൃഷ്ടിക്കുന്ന ആശങ്കകളും, രോഗത്തിന്‍റെ ഗൗരവതരമായ വശങ്ങളും അവരെ പിന്നോട്ട് വലിച്ചില്ല. ആ കൊലപാതകങ്ങള്‍ ന്യായീകരിക്കാന്‍ അധികാരി വര്‍ഗം നുണകള്‍ക്ക് വേണ്ടി ഇരുട്ടില്‍ തപ്പുമ്പോള്‍ പതിനായിരങ്ങളാണ് പ്രതിഷേധവുമായി സംഘടിച്ചത്.

എന്താണ് ജയരാജനും ബെന്നിക്സിനും സംഭവിച്ചത്?

തൂത്തുകുടിയിൽ മൊബൈൽ ഷോപ്പ് നടത്തി വന്ന അമ്പത്തി ഒന്‍പതുകാരനായ ജയരാജന്‍ ഈ മാസം 19 ന് രാത്രിയാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. കോവിഡ് സാഹചര്യത്തിൽ കട അടയ്‌ക്കേണ്ട സമയപരിധി കഴിഞ്ഞിട്ടും തുറന്നു വെച്ചു എന്നതാണ് പോലീസ് നടപടിക്ക് കാരണം. ഒരു താക്കീതിൽ തീർക്കാവുന്ന വിഷയമായിരുന്നു ഇത്. ഇനി വാശിയാണെങ്കില്‍ ഒരു കേസെടുത്ത് ജാമ്യത്തില്‍ വിടാവുന്ന കുറ്റം മാത്രമേ അയാള്‍ ചെയ്തിട്ടുള്ളൂ. എന്നാല്‍ സിനിമകളെ വെല്ലുന്ന കഥാമുഹൂര്‍ത്തങ്ങളാണ് പിന്നീട് അരങ്ങേറിയത്.

അച്ഛനെ അറസ്റ്റ് ചെയ്തതറിഞ്ഞ് കോവിൽപെട്ടി സബ് ജയിലിലെത്തിയ മകന്‍ ബെന്നിക്സ് കാണുന്നത് ഏമാന്മാര്‍ അമ്പതു കഴിഞ്ഞ തന്‍റെ പിതാവിനെ മര്‍ദ്ദിക്കുന്ന കാഴ്ചയായിരുന്നു. ഇതോടെ പോലീസിനെ ആക്രമിച്ചെന്നും, അസഭ്യം പറഞ്ഞെന്നും കാട്ടി മുപ്പത്തിയൊന്നുകാരന്‍ ബെന്നിക്സും അറസ്റ്റിലായി. ഒരു രാത്രി മുഴുവന്‍ അധികാരത്തിന്‍റെ അഹങ്കാരം മൂത്ത് മത്തിലായ ഏമാന്മാര്‍ ആ പാവങ്ങളെ മര്‍ദ്ദിച്ചു.

തൂത്തുക്കുടിയില്‍ നടന്ന പ്രതിഷേധ സമരത്തില്‍ നിന്ന്

സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലും ഉരുട്ടലിലും ആന്തരിക അവയവങ്ങള്‍ക്ക് വരെ ക്ഷതം സംഭവിച്ചു. ഇരുമ്പുകമ്പി ഉപയോഗിച്ച് മലദ്വാരത്തില്‍ ഉള്‍പ്പെടെ മുറിവേല്‍പ്പിച്ചു. രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ച ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ഇവരെ റിമാന്‍ഡ് ചെയ്തു. കോവിഡ് സാഹചര്യം ആയതിനാല്‍ മജിസ്‌ട്രേട്ട് ഇരുവരേയും നേരിട്ട് കാണാതെ തന്നെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിറക്കുകയായിരുന്നു. ദേഹപരിശോധനയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ രക്തസ്രാവം കാരണം പല തവണ ജയരാജന്റേയും ബെന്നിക്‌സിന്റെയും വസ്ത്രങ്ങള്‍ മാറ്റേണ്ടിവന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി.

തിങ്കളാഴ്ച ഉച്ചയോടെ സബ്ജയിലില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ബെന്നിക്സിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടുത്ത പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ട ജയരാജനെയും ആശുപത്രിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന് മരിച്ചു. ഇരുവരും ജയിലിലേക്ക് വരുമ്പോള്‍ത്തന്നെ അവശരായിരുന്നുവെന്ന് ജയിലധികൃതരുടെ മൊഴിയുണ്ട്.

തീര്‍ന്നില്ല, രണ്ട് മനുഷ്യരെ തല്ലിക്കൊന്നിട്ട് അധികാരത്തിന്റെ എല്ലാ സ്വാധീനവുമുപയോഗിച്ച് അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് വരുത്തി തീർക്കാൻ ജയിലധികൃതര്‍ക്ക് വളരെ കുറച്ചു സമയം മതിയായിരുന്നു. മരണകാരണം പനിയും നെഞ്ച് വേദനയുമാണെന്ന് കാട്ടി കേസും ക്ലോസ് ചെയ്തു.

ആളുന്ന പ്രതിഷേധം

തമിഴ്‌നാട് ഒരു പോലീസ് സ്റ്റേറ്റാണ്. നമ്മള്‍ കേരളത്തിലൊന്നും കാണാത്ത പല സവിശേഷ അധികാരങ്ങളും തമിഴ്‌നാട്ടിലെ പോലീസിന്റെ നടപടികളില്‍ കാണാം. ഈ വസ്തുത നന്നായറിയുന്ന ജനങ്ങളാണ് നിരപരാധികളായ അച്ഛന്‍റെയും മകന്‍റെയും ജീവന് ഉത്തരം പറയണമെന്ന ആവശ്യവുമായി സംഘടിച്ചത്.

ഇനിയുമൊരു ജയരാജനും ബെന്നിക്സും ഉണ്ടാകരുതെന്ന പൊതുവികാരമാണ് പിന്നീട് തൂത്തുക്കുടിയുടെ തെരുവോരങ്ങളില്‍ കണ്ടത്. ഡി.എം.കെ. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രശ്‌നം ഏറ്റെടുത്തതോടെ സ്ഥിതിഗതികള്‍ വഷളായി. തന്‍റെ മണ്ഡലമായതിനാല്‍ കനിമൊഴി എംപി സജീവമായി ഇടപെട്ടു. ഇതോടെ, സര്‍ക്കാരിനും പോലീസിനും എതിരെ ജനവികാരം ആളിക്കത്തി.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ഉയര്‍ന്ന ഹര്‍ജി പരിഗണിച്ച കോടതി, ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൂന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ സമയം കൊണ്ട് എസ്.ഐ. ഉള്‍പ്പെടെ രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും, ആ സ്റ്റേഷനിലെ ബാക്കി എല്ലാ പോലീസുകാരെയും സ്ഥലം മാറ്റുകയും ചെയ്തു. പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റെടത്തിരുന്നില്ല. പിന്നീട് മജിസ്‌ട്രേട്ട് തലത്തില്‍ നിന്നുണ്ടായ ഇടപെടലിനെ തുടര്‍ന്നാണ് മൃതദേഹങ്ങള്‍ സംസ്കരിച്ചത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസിലെ ആര്‍ക്കുമെതിരെ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല.

കനിമൊഴി എം.പി ജയരാജന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയപ്പോള്‍

ജയരാജിനും ബെന്നിക്‌സിനും നീതി ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ സിനിമാ - സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ക്യാമ്പയിനുമായി മുന്നോട്ട് വന്നിട്ടുണ്ട്. കുടംബത്തിന് ധന സഹായങ്ങളും ജോലി വാഗ്ദാനങ്ങളും ഒന്നിനു പിന്നാലെ ഒന്നായി വരുന്നുണ്ട്. എന്നാല്‍ വേദന സഹിച്ച് ഇഞ്ചിഞ്ചായി മരിച്ച രണ്ട് നിരപരാധികളായ ജീവന് പകരമാകാന്‍ ആറക്ക സംഖ്യകള്‍ക്കും, വാഗ്ദാനങ്ങള്‍ക്കും സാധിക്കുമോ? ഈ കേസില്‍ ഒരു പോലീസുകാരന്‍ പോലും ശിക്ഷിക്കപ്പെടാന്‍ സാധ്യതയില്ലെന്നതാണ് തമിഴ്‌നാടിന്റെ സമീപകാല രാഷ്ട്രീയ ചരിത്രം നല്‍കുന്ന ദീര്‍ഘ വീക്ഷണം. അമേരിക്കയെ വിറപ്പിച്ച ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പോലെ മൂര്‍ച്ചയുള്ള സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മാത്രമേ ഇതിനെ പിഴതെറിയാനാകൂ...