ജനം വിശ്വസിക്കാത്ത പ്രധാനമന്ത്രിയായി മോദി; കർഷകർ സമരം തുടരുമ്പോൾ

farmers protest
 കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനം മോദി ഭരണകൂടത്തിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി വാക്കുകളിൽ പറഞ്ഞത് കർഷകർ വിശ്വസിക്കുന്നില്ല. നിയമം റദ്ദാക്കുമെന്ന പ്രഖ്യാപനമല്ല പകരം അത് റദ്ദാക്കി കാണുകയാണ് ജനത്തിന് വേണ്ടത്. മോദിയുടെ വാക്കുകൾ വിശ്വസിക്കാത്ത ജനതയായി ഇന്ത്യൻ ജനത മാറിയിരിക്കുന്നു എന്നാണ് ഈ പ്രഖ്യാപനം തെളിയിക്കുന്നത്. 

പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ ആളുകള്‍ തയ്യാറല്ലെന്ന്  തുറന്നടിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. മുന്‍കാല അനുഭവങ്ങളാണ് സമരം തുടരാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. വ്യാജ വാഗ്ദാനങ്ങള്‍ നരേന്ദ്ര മോദി നേരത്തെയും നടത്തിയിരുന്നു. ഇനിയും പറ്റിക്കപ്പെടാന്‍ ജനം തയ്യാറല്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

നേരത്തെ സമരം തുടരാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെ സ്വാഗതം ചെയ്ത സംഘടന കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കുന്നതായി പ്രഖ്യാപിച്ച മൂന്ന് വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് നിയമപരമായ ഉറപ്പുനല്‍കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം.

​​​അതേസമയം തന്നെ കർഷകരോട് ബിജെപി ഭരണകൂടം നടത്തിയ ചെയ്തികൾ അവർ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. ഭീകരവാദികളെന്നും ഖാലിസ്ഥാൻ ഭീകരരെന്നും നുഴഞ്ഞു കയറ്റുകാർ എന്ന് വിളിച്ചതൊന്നും അവർ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. 700 ലേറെ കർഷകരുടെ ജീവത്യാഗവും, കൊടും തണുപ്പിൽ നീതിക്കായി മരവിച്ച് ഇരുന്നതും ഒരു വർഷത്തോളം സമര മുഖത്ത് അവരെ നിർത്തിയത് ഒന്നും അവർക്ക് ഉടൻ മറക്കില്ല.

മോദി സർക്കാർ കാർഷിക നിയമങ്ങൾ പ്രഖ്യാപിച്ച്​ രണ്ടു മാസത്തിനുശേഷമാണ്​, ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിലേക്ക്​ കർഷകർ പ്രക്ഷോഭം മാറ്റിയത്​. ഇവിടെനിന്നാണ്​ ഡൽഹി-യു.പി അതിർത്തിയായ ഗാസിപുരിലേക്കും വ്യാപിച്ചത്​. നഗരങ്ങൾക്കപ്പുറം ഭാഗോ മജ്​റ, ഛോട്ടാ റായ്​പുർ, ബഡാ റായ്​പുർ, സാന്റെ മജ്​റ, ചില്ല എന്നിങ്ങനെ നിരവധി ഗ്രാമപ്രദേശങ്ങളും സമരത്തിന്റെ കേന്ദ്രമായി മാറിയിരുന്നു. സാധാരണക്കരായ ഈ മനുഷ്യർ എങ്ങനെ ബിജെപി ഭരണകൂടം അവരോട് ചെയ്തത് മറക്കും.

15 ലക്ഷം രൂപ പ്രഖ്യാപനം, പെട്രോൾ വില കുറക്കൽ, സാധനങ്ങളുടെ വിലകയറ്റം തടയൽ, കള്ളപ്പണം തിരിച്ചുപിടിക്കാൻ, സ്വിസ്സ് ബാങ്ക് അക്കൗണ്ടിലെ പണം തിരിച്ചു കൊണ്ടുവരൽ തുടങ്ങി നിരവധി വാഗ്ദാനങ്ങൾ പ്രധാനമന്ത്രി ഇതിന് മുൻപും വലിയ വായിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ അതെല്ലാം പിന്നീട് നടപ്പിലാക്കുകയോ ഓർക്കുകയോ ചെയ്യാത്ത സംഗതികളാണ്. ഇതെല്ലാം മുൻനിർത്തിയാണ് കർഷകർ എങ്ങനെ മോദിയുടെ വാക്കുകളെ വിശ്വസിക്കും എന്ന് ചോദിക്കുന്നത്.

മൂന്ന് വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് നിയമപരമായ ഉറപ്പുനല്‍കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം നേരത്തെ കര്‍ഷകര്‍ ഉന്നയിച്ച മറ്റ് ചില ആവശ്യങ്ങളില്‍കൂടി കേന്ദ്രത്തിന്റെ അനുകൂലമായ തീരുമാനം വരേണ്ടതുണ്ട്. താങ്ങുവില സംബന്ധിച്ച് നിയമപരിരക്ഷ ഉറപ്പാക്കുക, നിര്‍ദിഷ്ട വൈദ്യുതി(ഭേദഗതി) ബില്‍ 2020 പിന്‍വലിക്കുകയും സബ്‌സിഡി നിരക്കില്‍ വൈദ്യുതി നല്‍കുന്നത് തുടരുകയും ചെയ്യുക, വായുമലിനീകരണ നിരോധനബില്ലിലെ കര്‍ഷകവിരുദ്ധ ഭാഗം ഒഴിവാക്കുക, സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുക, സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ അജയ്മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതും. അനുകൂലമായ പ്രതികരണമുണ്ടായില്ലെങ്കില്‍ 27ന് വീണ്ടും യോഗം ചേരുമെന്നും ഇതില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.