×

കുരങ്ങു കളിപ്പിച്ച് ഉദ്യോഗസ്ഥര്‍: പ്രളയ ബാധിതര്‍ക്ക് ധസഹായം നല്‍കാതെ വട്ടം ചുറ്റിക്കുന്നു

google news
.

കേരളത്തെ മുക്കിയ 2018ലെ മഹാ പ്രളയം മലയാളികള്‍ മറക്കാറായിട്ടില്ല. 2019ലെ പ്രളയവും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് മുക്കിക്കളഞ്ഞിരുന്നു. ഈ രണ്ടു പ്രളയങ്ങളും അവശേഷിച്ചു പോയത് മലയാളിയുടെ ആത്മധൈര്യം മാത്രമാണ്. എന്നാല്‍, ഭൗതീകമായതെല്ലാം നഷ്ടപ്പെട്ട് നിരാലംബരായിപ്പോയ ജനങ്ങള്‍ ഇന്നും പ്രളയക്കെടുതിയുടെ നഷ്ടപരിഹാരത്തുക കിട്ടാന്‍ റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങി നരകിക്കുകയാണ്. റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥന്‍മാരുടെ ധാര്‍ഷ്ട്യവും, നിഷേധാത്മക നിലപാടുമാണ് ഇത്തരക്കാര്‍ക്ക് വിനയായിരിക്കുന്നത്. 

.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ അടിയന്തിരമായി നേരിട്ട് ഇടപെടണം. അല്ലെങ്കില്‍ അടുത്ത പ്രളയം കഴിഞ്ഞാല്‍പ്പോലും ഈ പാവപ്പെട്ട മനുഷ്യര്‍ക്ക് സര്‍ക്കാര്‍ ഓഫീസില്‍ നിന്നുള്ള പ്രയോജനം കിട്ടിയെന്നു വരില്ല. മുഖ്യമന്ത്രി ചെയര്‍മാനായ വകുപ്പാണ് ദുരന്ത നിവാരണ അഥോറിട്ടി. ഇവിടെ നിന്നും ധനസഹായം നല്‍കുന്നതിനുള്ള ഫണ്ട് മുഴുവന്‍ റവന്യൂ വകുപ്പിന് കൈമാറിട്ടും എന്തു കൊണ്ടാണ് ധനസഹായം വിതരണം ചെയ്ത് പൂര്‍ത്തിയാക്കാന്‍ ഇതുവരെയും സാധിക്കാത്തത് എന്ന ചോദ്യമാണ് പ്രളയ ബാധിതര്‍ ഉയര്‍ത്തുന്നത്. 

.

പതിനായിരത്തോളം പ്രളയ ബാധിതര്‍ക്കാണ് ഇതുവരെയും ധനസഹായം ലഭിക്കാത്തത്. പ്രളത്തില്‍ മുങ്ങിയ വീടിന്റെ ഓടുകളുടെ എണ്ണം കൃത്യമല്ല, കഴുക്കോലുകള്‍ ദ്രവിച്ചതായിരുന്നു. എന്നൊക്കെയുള്ള നിസ്സാര കാര്യങ്ങള്‍ പറഞ്ഞാണ്, പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ ഇക്കാലമത്രയും നടത്തിക്കൊണ്ടേയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, വയനാട്, ആലപ്പുഴ എന്നീ ജില്ലകളിലെ പാവപ്പെട്ടവര്‍ക്കാണ് ധനസഹായം നല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തടസ്സവാദം ഉന്നയിക്കുന്നത്. 

.

ഇതുവരെ മൂന്നുലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് പ്രളയ ദുരിത ധനസഹായം നല്‍കിയിട്ടുണ്ട്. എന്നിട്ടും, ബാക്കിയുള്ളവരെ നിരന്തരം നടത്തുന്നത്, റവന്യൂ ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം ഒന്നുകൊണ്ടാണെന്നാണ് മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. 10,000 രൂപ മുതല്‍ 4 ലക്ഷം വരെയാണ് നഷ്ടപരിഹാരത്തുക. ഇത് നല്‍കുന്നത്, ദുരന്തനിവാരണ നിധി അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ക്കു വിധേയമാണ്. ഇതിന് റവന്യൂ ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷയിലെ വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പണം അനുവദിക്കുക. ഇങ്ങനെ എല്ലാ, നടപടികളും പുൂര്‍ത്തിയാക്കിയ ശേഷമാണ് മുട്ടാ തര്‍ക്കങ്ങള്‍ ഉന്നയിച്ച് നഷ്ടപരിഹാരം നല്‍കാതെ പാവങ്ങളെ കഷ്ടപ്പെടുത്തുന്നത്. 

.

റവന്യൂ വകുപ്പിനാണ് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും പണം അനുവദിക്കാനുള്ള അധികാരം. എന്നാല്‍, ദുരന്ത നിവാരണ അഥോറിട്ടിയാണ് ഇതിനുള്ള ഫണ്ട് നല്‍കുന്നത്. ദുരന്ത പ്രതികരണ നിധിയില്‍ നിന്നും നല്‍കുന്ന ഫണ്ടാണ് ഇതിനായി ഉപയോഗിക്കുന്നതും. കൃത്യമായി ഫണ്ട് നല്‍കിയിട്ടും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കാട്ടുന്ന നിഷേധാത്മക നിലപാടു കൊണ്ട് പഴി കേള്‍ക്കേണ്ടി വരുന്നത്, ഇടത് സര്‍ക്കാര്‍ മൊത്തത്തിലാണ്. ഇത് പരിഹരിക്കാനും പാവപ്പെട്ടവര്‍ക്ക് ഇനിയെങ്കിലും നഷ്ടപരിഹാരം നല്‍കുന്നതിന് ഇടപെടല്‍ നടത്തണണെന്നുമാണ് ഇവരുടെ ആവശ്യം. 

.

സി.പി.ഐയുടെ വകുപ്പാണ് റവന്യൂ. കെ. രാജനാണ് റവന്യൂമന്ത്രി. സി.പി.ഐയുടെ ഉദ്യോഗസ്ഥരുടെ സംഘടനയായ ജോയിന്റെ കൗണ്‍സിലിലെ ഉദ്യോഗസ്ഥരാണ് പാവപ്പെട്ടവരെ കുരങ്ങു കളപ്പിക്കാന്‍ മുമ്പില്‍ നില്‍ക്കുന്നത്. ഭരണകക്ഷി സംഘടനയിലെ ഉദ്യോഗസ്ഥരായതു കൊണ്ടു തന്നെ അര്‍ഹിക്കുന്ന ധനസഹായം ലഭിക്കാന്‍ ഇവരുടെ കാലു പിടിക്കേണ്ട അവസ്ഥയാണുള്ളത്. ദുരന്ത നിവരണ അതോറിട്ടിയുടെ ചെയര്‍മാന്‍ നേരത്തെ റവന്യൂ മന്ത്രി ആയിരുന്നു. റവന്യൂ വകുപ്പിന്റെ കീഴിലായിരുന്നു വകുപ്പും. എന്നാല്‍, പിന്നീട് ഓഖി-പ്രളയം എന്നിവ വന്നപ്പോള്‍ മുഖ്യമന്ത്രി ചെയര്‍മാന്‍ സ്ഥാനത്തേക്കെത്തി. റവന്യൂ മന്ത്രി വൈസ് ചെയര്‍മാനുമായി. എന്നാല്‍, ഇപ്പോള്‍ ദുരന്ത നിവാരണ അഥോറിട്ടി തന്നെ മുഖ്യമന്ത്രി സ്വന്തം വകുപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. 

.

റവന്യൂ വകുപ്പിന് ദുരന്ത നിവാരണ അഥോറിട്ടിയുമായി യാതൊരു ബന്ധവുമില്ലാതായി. ദുരന്തത്തില്‍പ്പെട്ടുന്നവര്‍ക്ക് ധനസഹായം നല്‍കുക എന്ന ഉത്തരവാദിത്വം മാത്രമേയുള്ളൂ. ഇത് സി.പി.ഐയിലും, റവന്യൂ വകുപ്പിലും വലിയ എതിര്‍പ്പുകള്‍ ഉര്‍ത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണോ റവന്യൂ ഉദ്യോഗസ്ഥര്‍ ധനസഹായത്തില്‍ തടസ്സം നില്‍ക്കുന്നത് എന്നാണ് സംശിക്കുന്നത്. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags