നോവാകുന്ന കുടിയേറ്റം; ഈ വർഷം അപകടം നിറഞ്ഞ ഡാരിയൻ ഗ്യാപ്പ് കടന്നത് ഒരു ലക്ഷത്തോളം പേർ

haiti
ജീവിതത്തിന്റെ മോശം ദിനങ്ങളിലിൽ നിന്ന് നല്ല നാളെ സ്വപനം കണ്ട് ഒരു ലക്ഷത്തോളം കുടിയേറ്റക്കാർ പനാമയിലെ അപകടകരമായ ഡാരിയൻ ഗ്യാപ്പ് വനത്തിലൂടെ ട്രെക്കിംഗ് നടത്തി. വടക്കേ അമേരിക്കയിൽ എത്തുമെന്ന പ്രതീക്ഷയിൽ 91,300 ലേറെ മനുഷ്യരാണ് ഈ അപകട പാത തിരഞ്ഞെടുത്തത്. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) പുറത്തുവിട്ട കണക്ക് പ്രകാരമാണ് ഈ വസ്തുത പുറത്തുവരുന്നത്. ഈ കുടിയേറ്റക്കാരിൽ മിക്കവരും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന ഹെയ്തിയിൽ നിന്നുള്ളവരാണ്.

പനാമിയൻ കുടിയേറ്റ അധികാരികളുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2021 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഡാരിയൻ ഗ്യാപ്പിലൂടെ 56,600 ഹെയ്തി കുടിയേറ്റക്കാർ കടന്നുപോയതായി ഐഒഎം പറഞ്ഞു. ഈ കുടിയേറ്റക്കാരിൽ പലരുടേയുമൊപ്പം കുട്ടികളുണ്ടായിരുന്നതായും ഐഒഎം വ്യക്തമാക്കുന്നു. ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും അപകടകരമായ റൂട്ടുകളിലൊന്നാണ് ഇവർ അമേരിക്കയിലെത്താൻ തിരഞ്ഞെടുത്ത ഡാരിയൻ ഗ്യാപ്.

DARIEN gap

2016 ൽ 30,000 പേർ ഡാരിയൻ ഗ്യാപ്പിലൂടെ സഞ്ചരിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ റെക്കോർഡ്. എന്നാൽ ഈ വർഷം സെപ്റ്റംബർ വരെയുള്ള ഒമ്പത് മാസങ്ങൾ പിന്നിട്ടപ്പോൾ കുടിയേറ്റക്കാരുടെ എന്നതിൽ ഉണ്ടായത് ഭീമമായ വർധനയാണ്. 2016 നേക്കാൾ മൂന്നിരട്ടിയോളമാണ് കഴിഞ്ഞ ഒമ്പത് മാസത്തെ കുടിയേറ്റം.

കോവിഡ് മഹാമാരി മൂലമുള്ള അതിർത്തി അടയ്ക്കലും സാമ്പത്തിക ഞെരുക്കവുമാണ് കുടിയേറ്റം വർദ്ധിക്കുന്നതിലേക്ക് നയിച്ചതെന്ന് പനാമയിലെ ഐ‌ഒ‌എം മിഷന്റെ തലവനായ സാന്റിയാഗോ പാസ് കണക്കുകളെക്കുറിച്ച് പ്രസ്താവനയിൽ പറയുന്നു. വളരെ ദുർബലമായ സാഹചര്യങ്ങളിലാണ് കരീബിയൻ, പ്രദേശികേതര ജനങ്ങൾ കുടിയേറ്റത്തിന് മുതിരുന്നത്. എന്നാൽ അവരുടെ വഴിയിൽ, പ്രത്യേകിച്ച് പനാമയ്ക്കും കൊളംബിയയ്ക്കും ഇടയിലുള്ള അതിർത്തിയിലെ ഡാരിയൻ ഗ്യാപ്പ് മുറിച്ചുകടക്കുമ്പോൾ അപകടസാധ്യതകൾ നേരിടുന്നതായും പാസ് വ്യക്തമാക്കുന്നു.

അപകടം ഓരോ ചുവടിലും പതിയിരിക്കുന്ന പ്രദേശമാണ് ഡാരിയൻ ഗ്യാപ്പ്. പനാമയുടെയും കൊളംബിയയുടെയും അതിർത്തിയിലുള്ള 575,000 ഹെക്ടർ (1.42 ദശലക്ഷം ഏക്കർ) വനമേഖലയാണ് ഡാരിയൻ ഗ്യാപ്പ്. ഈ മേഖല നിയന്ത്രിക്കുന്നത് സായുധ സംഘങ്ങളാണ്. അമേരിക്കയിലേക്ക് കുടിയേറ്റം നടത്തിത്തരാമെന്ന് പറഞ്ഞ് കള്ളക്കടത്തുകാർ സാധാരണയായി ചെറിയ സംഘങ്ങളെ വഴിയിലൂടെ നയിക്കുന്നു, എന്നാൽ വഴിയിൽ ഇവരാലോ മറ്റ് സംഘങ്ങളാലോ നിരവധി പേർ കൊള്ളയടിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഈ വർഷം മാത്രം ഡസൻ കണക്കിന് പേർ ഇവിടെ കൊല്ലപ്പെട്ടെന്നാണ് കണക്ക്. കൊള്ളയുടെയും ബലാൽസംഘത്തിന്റെയും കണക്കുകൾ വളരെ വലുതാണ്.

DARIEN gap3

2021 ൽ ഇതുവരെ 50 ലധികം കുടിയേറ്റക്കാർ ജംഗിൾ പാസ് മുറിച്ചുകടന്ന് മരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ യാത്ര ചെയ്യുന്നവരുടെ യഥാർത്ഥ മരണസംഖ്യയേക്കാൾ താഴെയായിരിക്കും ഈ സംഖ്യയെന്ന് അധികൃതർ പറഞ്ഞു. സമീപ കാലത്തായി, പ്രതിവർഷം ശരാശരി 20 മുതൽ 30 വരെ മൃതദേഹങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെടുക്കാറുണ്ട്. എന്നാൽ ഈ വർഷം മരണസംഖ്യ ഉയർന്നു. ഇത് കുടിയേറ്റത്തിലെ വർദ്ധനവിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് നിരീക്ഷകർ പറയുന്നു.

DARIEN gap2

ഡാരിയൻ ഗ്യാപ്പിലെ മരണത്തിന് കാരണം എല്ലായിപ്പോഴും കൊള്ളസംഘങ്ങളുടെ ആക്രണമല്ല. ഹൃദയാഘാതമോ വീഴ്ചയോ പോലുള്ള സ്വാഭാവിക കാരണങ്ങളാലാണ് പല മരണങ്ങളും സംഭവിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. മുങ്ങിമരണം, പാമ്പുകടി എന്നിവയും സാധാരണമാണ്. എന്നാൽ മറ്റുള്ളവരെ സായുധ സംഘങ്ങൾ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു.

കുടിയേറ്റം വർധിച്ചതോടെ ഡാരിയൻ ഗ്യാപ്പ് റൂട്ട് കഴിഞ്ഞ ആഴ്ചകളിൽ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിൽ ഏകദേശം 15,000 ആളുകൾ, അമേരിക്കയിൽ അഭയം പ്രാപിക്കുമെന്ന് പ്രതീക്ഷിച്ച് കഴിഞ്ഞ മാസം തെക്കൻ ടെക്സസിലെ ഒരു പാലത്തിനടിയിൽ ക്യാമ്പ് ചെയ്തിരുന്നതായി കണ്ടെത്തി.

എന്നാൽ അമേരിക്ക ഹെയ്തിയിൽ നിന്ന് എത്തുന്നവരെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. യുഎസ് ഇതുവരെ 7,500 ലധികം ആളുകളെ ഹെയ്തിയിലേക്ക് തിരിച്ചയച്ചതായി ഹെയ്തിയിലെ ഐ‌ഒ‌എം മിഷന്റെ തലവനായ ഗ്യൂസെപ്പെ ലോപ്രറ്റ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. ആയിരക്കണക്കിന് ഹെയ്തിയൻ അഭയാർഥികളെ ഹെയ്തിയിലേക്ക് നാടുകടത്തിയതിന് യുഎസ് ഭരണകൂടം വ്യാപകമായ വിമർശനത്തെ അഭിമുഖീകരിക്കുന്നുണ്ട്.