അമേരിക്കാനന്തര അഫ്ഘാനിസ്ഥാൻ

afaganisthan

രണ്ടുദശാബ്ദക്കാലം അഫ്ഘാനിസ്ഥാനെ ആയുധമുനയിൽനിർത്തിയ അമേരിക്ക അപമാനിതരായി പലായനംചെയ്തു. രണ്ടുതവണ പ്രസിഡന്റായിതെരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ്ഘനിയും നാടുവിട്ടു. അമേരിക്കയും അഷ്‌റഫ്ഘനിയും അരങ്ങൊഴിഞ്ഞ അഫ്ഘാനിസ്ഥാനിലേക്ക്‌ വർദ്ധിതവീര്യത്തോടെ താലിബാന്റെ രണ്ടാംവരവും നടന്നിരിക്കുന്നു. തങ്ങളെ എതിർക്കുന്ന എല്ലാവിഭാഗങ്ങളെയും പരാജയപ്പെടുത്തി അഫ്ഘാനിസ്ഥാനിൽ സമ്പൂർണ ആധിപത്യംസ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് താലിബാൻ. സുസ്ഥിരമായ ഒരുഭരണം സ്ഥാപിക്കുക, അഫ്ഘാനിസ്ഥാനിലെ ജനങ്ങളുടെ വിശ്വാസംനേടുക, തകർന്നുകിടക്കുന്ന സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുക, അതിനായി വിദേശരാജ്യങ്ങളുടെയും അന്താരാഷ്‌ട്ര ധനകാര്യസ്ഥാപനങ്ങളുടെയും, സമൂഹത്തിന്റെയും അംഗീകാരംനേടുകയെന്നതെല്ലാമാണ് താലിബാൻ ഇപ്പോൾനേരിടുന്ന വെല്ലുവിളി. അതിൻറെഭാഗമായി സർക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

താലിബാന്റെ മുന്നിലെ വെല്ലുവിളികൾ

സർക്കാർ രൂപീകരണം എളുപ്പമാകാനുള്ള സാധ്യത കുറവാണ്. അതിന് ആദ്യം താലിബാനുള്ളിൽ യോജിപ്പിലെത്തേണ്ടതുണ്ട്. കാരണം, താലിബാൻ ഏകശിലാഖണ്ഡസ്വഭാവമുള്ള ഒരു പ്രസ്ഥാനമല്ല. വിവിധ വംശീയ-പ്രാദേശിക ഗ്രൂപ്പുകളായുള്ള വിഭജനം താലിബാനിൽ ശക്തമാണ്. അതിൽ ഏറ്റവും പ്രധാനം, ജലാലുദീൻ ഹഖാനി സ്ഥാപിച്ച പാകിസ്ഥാൻഅനുകൂല, ഇൻഡ്യാ-വിരുദ്ധ തീവ്രനിലപാടുകാരായ സിറാജുദീൻ ഹഖാനിവിഭാഗവും, താരതമ്യേന മൃദുനിലപാടുകാരനായ അബ്ദുൽഗനി ബറാദർ നയിക്കുന്ന വിഭാഗവുംതമ്മിലുള്ളതാണ്. അമേരിക്കയ്‌ക്കെതിരായ പോരാട്ടംനടത്തിയത് താലിബാനാണെന്നും, അതിനാൽ ദോഹ കരാറും, അന്തർദേശീയ സമൂഹവും ആഗ്രഹിക്കുന്നതുപോലെ ന്യൂനപക്ഷങ്ങളായ ഹസാരകളും, താജിക്കുകളും, മുൻപ്രസിഡന്റ്റ് ഹമീദ് കാഴ്‌സായിയും, ചീഫ് എക്സിക്യൂട്ടിവ് അബ്‌ദുല്ല അബ്‌ദുള്ളയും, അഹമ്മദ് മസൂദിന്റെ വടക്കൻ സഖ്യത്തിലെ പ്രതിനിധികളും അടങ്ങുന്ന ഒരു ഭരണകൂടം ആവശ്യമില്ലെന്നുമാണ് ഹഖാനിവിഭാഗത്തിന്റെ നിലപാട്.

അഫ്ഘാനിസ്ഥാന്റെ മുന്നോട്ടുള്ളപോക്കിന്‌ അന്തർദേശീയ സമൂഹത്തിന്റെപിന്തുണ ആവശ്യമാണെന്നും, എല്ലാവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു സർക്കാരെന്ന അവരുടെ ആവശ്യം അംഗീകരിക്കണമെന്നുമാണ് ബറാദർ നിർദേശിക്കുന്നത്. എന്നാൽ ഹഖാനിവിഭാഗത്തിന്റെ നിലപാടിനോടാണ് പാകിസ്ഥാന് താല്പര്യം. സർക്കാരിലെ പ്രമുഖസ്ഥാനങ്ങളിലും, സുപ്രധാന പ്രവിശ്യകളിലെ ഗവർണർസ്ഥാനവും ഹഖാനിവിഭാഗത്തിനു നേടിക്കൊടുക്കാൻ പാകിസ്ഥാൻ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. അതിന്റെ ഭാഗമായി, ഹഖാനിവിഭാഗത്തെ നിയന്ത്രിക്കുന്ന പാകിസ്ഥാൻചാരസംഘടനയായ ഐ.എസ്..യുടെ തലവൻ ഫൈസ് ഹമീദ് കാബൂളിലെത്തിക്കഴിഞ്ഞു. അഫ്‌ഗാനിസ്ഥാൻകാര്യങ്ങളിൽ പാക്കിസ്ഥാനുള്ള നിർണായക സ്വാധീനംവെളിവാക്കുന്നതാണ് പാകിസ്ഥാൻസൈനികമേധാവി, ജനറൽ ഖമർ ജാവേദ് ബജ്‌വാ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡൊമിനിക് റാബിനുനൽകിയ ഉറപ്പുകൾ.

ഇറാൻ മോഡൽ ഭരണം

താലിബാന്റെ സമ്പൂർണമായ ആധിപത്യത്തിൻകീഴിൽ അഫ്ഘാനിസ്ഥാനെ ഉറപ്പിച്ചുനിർത്താൻ, ഇസ്‌ലാമിലെ ഷിയാ വിഭാഗംനയിക്കുന്ന ഇറാന്റെ ഭരണമാതൃക സ്വീകരിക്കാനാണ് താലിബാൻ ആലോചിക്കുന്നത്. ഇറാനിലെ പരമാധികാരം പരമോന്നതനേതാവായ അലി ഖമനേയിൽ കേന്ദ്രീകരിച്ചിരിക്കയാണ്. ജനാപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഉൾപ്പെടെ എല്ലാവരും ഖമനേയിയുടെകീഴിലാണ്. അതേമാതൃകയിൽ, കാണ്ഡഹാർ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന താലിബാൻ സഹസ്ഥാപകനായ ഹൈബത്തുല്ല അഖുൻഡ്സാദയെ പരമോന്നതനേതാവായി അവരോധിക്കാനാണ് ആലോചിക്കുന്നത്. താലിബാൻ സ്ഥാപകനേതാക്കളിലൊരാളും ഖത്തറിൽ അമേരിക്കയുമായി ചർച്ചകൾക്ക് നേതൃത്വംനൽകി കരാറിലൊപ്പിട്ട അബ്ദുൽഗനി ബറാദർ, ദൈനംദിന ഭരണത്തിന്റെ നേതൃത്വത്തിലേക്കുവന്നേക്കും. (അതിനെ പാകിസ്ഥാനും, ഹഖാനിവിഭാഗവും എതിർക്കുണ്ടായതായുള്ള വാർത്തകളുംവരുന്നുണ്ട്). താലിബാൻസ്ഥാപകനായ മുല്ലഉമറിന്റെ മകൻ മുല്ലമുഹമ്മദ്
യാഖൂബ്, ഹഖാനിവിഭാഗത്തിന്റെ നേതാവ് സിറാജുദീൻ ഹഖാനി, അഫ്ഘാൻദേശീയസേനയുടെ ഭാഗമായിരുന്നപ്പോൾ ഇന്ത്യയിൽ സൈനികപരിശീലനംലഭിച്ചിട്ടുള്ളയാളും, ഇപ്പോൾ താലിബാൻനേതാവുമായ ഷേർമുഹമ്മദ് സ്റ്റാനിക്‌സായും ഭരണകൂടത്തിന്റെ ഭാഗമാകാൻ സാധ്യതയുള്ള പ്രമുഖരാണ്. താലിബാന്റെ നേതൃത്വത്തിൽ ഭരണകൂടംസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഒരുഭാഗത്തുനടക്കുമ്പോൾ അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും അഫ്‌ഘാനിസ്ഥാനിൽ ആരംഭിച്ചുകഴിഞ്ഞു.

ഏഷ്യയ്ക്കു ഭീഷണി

ഓഗസ്റ്റ് 26ന് കാബൂൾ വിമാനത്താവളത്തിലുണ്ടായ ബോംബുസ്ഫോടനം അഫ്‌ഘാനിസ്ഥാനിൽ വരുംനാളുകളിൽ ഉണ്ടാവാനിടയുള്ള സംഘർഷങ്ങളുടെ വെടിയൊച്ചയാണ്. അമേരിക്കയുടെ പതിമൂന്നുസൈനികരുൾപ്പെടെ 179പേരാണ് ആ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഭീകരതയുടെ ആഗോളവ്യാപാരികളായിമാറിയ ഐ.എസിന്റെ കാബൂൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.എസ്.കെ.പി.(കോറാസൻ പ്രൊവിൻസ്) ആണ് ബോംബുസ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ദക്ഷിണേഷ്യയും സെൻട്രൽ ഏഷ്യയും ഇസ്ലാമികഭരണത്തിൽകൊണ്ടുവരികയെന്നതാണ് താലിബാനിൽനിന്നും വിട്ടുമാറി ഐ.എസ്.കെ.പി. രൂപീകരിച്ചവരുടെ ലക്‌ഷ്യം.

അവർക്കുപുറമെ, 2014, ഇന്ത്യയിലെ കാശ്മീർ, ബംഗ്ലാദേശ്, മ്യാൻമർ മുതലായ രാഷ്ട്രങ്ങളിൽ ഇസ്‌ലാമിക ഭരണം ഉറപ്പാക്കാൻ സ്ഥാപിതമായ എ.ക്യൂ..എസ്. അഥവാ അൽഖൈദ ഇന്ത്യൻ സബ്‌കോണ്ടിനെൻറ്, ചൈനയിൽ ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത് ഈസ്റ് തർക്കിസ്ഥാൻ ഇസ്‌ലാമിക് മൂവ്മെൻറ്റ്(.റ്റി..എം.), കാശ്മീരിലും ഇന്ത്യയിൽ പൊതുവെയും ഭീകരാക്രമണങ്ങൾക്കു നേതൃത്വംനൽകുന്ന ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തയ്ബ, പാകിസ്ഥാനിൽ ഇസ്‌ലാമികഭരണം സ്ഥാപിക്കാൻ നിലകൊള്ളുന്ന തെഹ്‌രി കെ താലിബാൻ പാകിസ്ഥാൻ(ടി.ടി.പി.), മുതലായവയും അഫ്‌ഘാനിസ്ഥാനിലെത്തിക്കഴിഞ്ഞു. അഫ്‌ഘാനിസ്ഥാൻ കേന്ദ്രീകരിച്ച് ഈ ഭീകരസംഘങ്ങളുടെ പ്രവർത്തനം അയൽരാജ്യങ്ങൾക്ക് വലിയസുരക്ഷാഭീഷണിയാണ് സൃഷ്ടിക്കാൻപോകുന്നത്. അതിനെ ചെറുക്കാനുള്ള നയതന്ത്രനടപടികൾ അവിടെ അധികാരമേൽക്കാൻപോകുന്ന താലിബാൻസർക്കാരുമായുള്ള ചർച്ചകളിലൂടെയേ സാധ്യമാകൂ. അതിനുള്ള ചർച്ചകൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി റഷ്യയും, ചൈനയും, ഇറാനും, താജികിസ്ഥാനുമെല്ലാം താലിബാൻ നേതാക്കളുമായി ബന്ധപ്പെടുകയാണ്. താലിബാൻ ഭരണം ഒരു യാഥാർഥ്യമായ സാഹചര്യത്തിൽ, ദോഹ കരാറിൽ പറഞ്ഞിട്ടുള്ളതുപോലെ, അഫ്‌ഘാനിസ്ഥാൻ മണ്ണിൽനിന്നും ഭീകരസംഘങ്ങൾ പ്രവർത്തിക്കാതിരിക്കണമെങ്കിൽ അവിടെനിലവിൽവരുന്ന സർക്കാരുമായി സഹകരിച്ചുമാത്രമേ സാധ്യമാകൂ.

താലിബാന്റെ രണ്ടാംവരവ് ഏറ്റവുമധികം പ്രശ്നമുണ്ടാക്കാൻപോകുന്നത് ഏഷ്യൻരാജ്യങ്ങളിലാണ്. ഇപ്പോൾത്തന്നെ അഫ്ഘാനിസ്ഥാനുചുറ്റുമുള്ള രാജ്യങ്ങൾ ഭീകരപ്രവർത്തനങ്ങൾനേരിട്ടുകൊണ്ടിരിക്കയാണ്. ഈ രാജ്യങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് എല്ലാ ഒത്താശയുംനൽകുന്നവരാണ് താലിബാൻ. അവർ ഒരു രാഷ്ട്രത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുകയും, ഏഷ്യൻരാജ്യങ്ങളിൽ ഭീകരപ്രവർത്തനംനടത്തുന്ന സംഘടനകൾ കൂട്ടത്തോടെ അഫ്ഘാനിസ്ഥാനിൽ സുരക്ഷിതസ്ഥാനങ്ങളിൽ അഭയംതേടുകയുംചെയ്യുമ്പോൾ ഭീകരാക്രമണഭീഷണി വര്ധിക്കുമെന്നകാര്യത്തിൽ സംശയവുമില്ല. കാശ്മീർപോലുള്ള പ്രശ്നങ്ങൾ തങ്ങളുടെ പ്രശ്നങ്ങളാണെന്ന്‌ അർഥശങ്കയ്ക്കിടയില്ലാത്തവിധം അവർ പ്രസ്താവിച്ചിരിക്കുന്നസാഹചര്യത്തിൽ പ്രത്യേകിച്ചും. (പാകിസ്ഥാന്റെ തീവ്രവാദകേന്ദ്രങ്ങളിൽ പരിശീലനംനേടിയവരുടെ സിരകളിൽ ഇൻഡ്യാവിരുദ്ധത ശക്തമാവുമെന്നകാര്യത്തിൽ സംശയത്തിനുവകയില്ല.) ഈ സവിശേഷസാഹചര്യത്തിൽ യാഥാർഥ്യബോധത്തിലൂന്നിയ സമീപനങ്ങൾ സ്വീകരിക്കാൻ അഫ്ഘാനിസ്ഥാനുചുറ്റുമുള്ള രാജ്യങ്ങൾ നിര്ബന്ധിതമാവുകയാണ്. ഒരുഘട്ടത്തിൽ താലിബാനുമായി ഒരുചർച്ചയ്ക്കുമില്ലെന്നുപറഞ്ഞിരുന്ന നമ്മുടെ രാജ്യം ഇപ്പോൾ അവരുമായി ചർച്ചകൾ ആരംഭിച്ചിരിക്കയാണ്. അത്തരം സമവായചർച്ചകൾപോലും കരിതേച്ചുകാണിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക.

അമേരിക്കയുടെ ചൈനാപ്പേടി

ഇരുപതുവര്ഷക്കാലം അമേരിക്ക കീഴടക്കിവച്ചിരുന്ന അഫ്ഘാനിസ്ഥാനെ, ഇപ്പോൾ ചൈനാവിഴുങ്ങാൻപോകുന്നെന്ന് അലമുറയിടുകയാണവർ. അഫ്ഘാനിസ്ഥാനെ അരാജകത്വത്തിലേക്കുതള്ളിവിട്ടുകൊണ്ട് കളമൊഴിഞ്ഞതു്, ചൈനയെനേരിടാനാണെന്നുപറയുന്ന അമേരിക്കയാണ് ചൈനപ്പേടിയിൽ കരയുന്നത്. റഷ്യയിലെ ചെച്ന്യയിലും, ചൈനയിലെ ഷിൻജിയാങ്ങിലും, ഇന്ത്യയിലെ കാശ്മീരിലും, പാകിസ്ഥാനിൽ പൊതുവെയും, താലിബാൻ പിന്തുണയുള്ള ഭീകരസംഘങ്ങൾ പ്രവർത്തിക്കുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. അമേരിക്കയുടെ പരാജയംമൂലം അവിടെ അധികാരമേൽക്കുന്ന താലിബാന്റെ നേതൃത്വത്തിലുള്ള ഭരണകൂടവുമായുള്ള ചർച്ചകളിലൂടെയും സഹകരണത്തിലൂടെയുംമാത്രമേ അയൽരാജ്യങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാനാണവൂ. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ അതിനാണ് ശ്രമിക്കുന്നത്. ഇതുകണ്ട് ഹാലിളകിയിരിക്കയാണ് അമേരിക്കയ്ക്ക്. അമേരിക്കയിൽനിന്നും ചൈനയ്‌ക്കെതിരായി ഉയരുന്ന പ്രസ്താവനകൾ അതിന്റെസൂചനയാണ്.

അമേരിക്കയുടെ പലായനവും, വർദ്ധിതവീര്യത്തോടെയുള്ള താലിബാന്റെവരവും, അഫ്‌ഘാനിസ്ഥാനും, ചുറ്റുമുള്ള രാജ്യങ്ങൾക്കും വലിയ ഭീഷണിയാണെന്നകാര്യത്തിൽ യാതൊരുസംശയവുമില്ല. താലിബാനുപുറമെ അവരെക്കാൾ തീവ്രനിലപാടുകാരായ ഐ.എസ്.കെ.പി.യും, .ക്യൂ..എസും, ടി.ടി.പി.യും, മറ്റുള്ളവരും എത്തുന്നതും അഫ്‌ഗാനിസ്ഥാന്റെ ദുരിതംവർധിപ്പിക്കാൻമാത്രമേ സഹായിക്കൂ. അമേരിക്കാനന്തര അഫ്‌ഘാനിസ്ഥാൻ വറചട്ടിയിൽനിന്നും എരിതീയിലേക്കുവീഴുകയാണ്.

അശുദ്ധാത്മാക്കളെക്കുറിച്ച് യേശുക്രിസ്തുപറയുന്ന ഒരുകഥയുണ്ട് ബൈബിളിൽ: "അശുദ്ധാത്മാവ് ഒരു മനുഷ്യനെവിട്ടുപോകുമ്പോൾ അത് ആശ്വാസംതേടി വരണ്ടസ്ഥലങ്ങളിലൂടെ അലഞ്ഞുനടക്കുന്നു; എന്നാൽ കണ്ടെത്തുന്നില്ല. അപ്പോൾ അതുപറയുന്നു: ഞാൻ ഇറങ്ങിപ്പോന്ന എന്റെഭവനത്തിലേക്ക് തിരിച്ചുചെല്ലും. അതുമടങ്ങിവരുമ്പോൾ ആ സ്ഥലം ആളൊഴിഞ്ഞും അടിച്ചുവാരിസജ്ജീകരിക്കപ്പെട്ടുംകാണുന്നു. അപ്പോൾ അതുപുറപ്പെട്ടുചെന്നു തന്നെക്കാൾദുഷ്ടരായ ഏഴ് ആത്മാക്കളെക്കൂടി തന്നോടൊത്തുകൊണ്ടുവരുകയും അവിടെപ്രവേശിച്ച് വാസമുറപ്പിക്കുകയുംചെയ്യുന്നു. അങ്ങനെ, ആ മനുഷ്യന്റെ അവസാനത്തെസ്ഥിതി ആദ്യത്തതിനെക്കാൾ ശോചനീയമായിത്തത്തീരുന്നു." നിർഭാഗ്യവശാൽ, അഫ്‌ഘാനിസ്ഥാന്റെ ഇപ്പോഴത്തേസ്ഥിതി ഇതിനുസമാനമാണ്. താലിബാനായിരുന്നു നേരത്തേ അഫ്‌ഘാനിസ്ഥാനെ പീഡിപ്പിച്ചിരുന്നതെങ്കിൽ, അമേരിക്കയുടെ പലായനം വഴിവച്ചിരിക്കുന്നത് ലോകത്തെമുഴുവൻ ഭീകരസംഘടനകളുടെയും സുരക്ഷിതവാസകേന്ദ്രമായും ആക്രമണപദ്ധതികളുടെ ആസൂത്രണ-നടത്തിപ്പുകേന്ദ്രമായും അഫ്‌ഘാനിസ്ഥാൻ മാറ്റപ്പെട്ടിരിക്കുന്നുവെന്നതാണ്. ഇപ്പോൾ രൂപപ്പെട്ടുവന്നിരിക്കുന്ന ഈ സാഹചര്യം അഫ്‌ഘാനിസ്ഥാനുമാത്രമല്ല, ലോകത്തിനൊട്ടാകെ അശാന്തിയുടെ ദിനങ്ങളായിരിക്കും സമ്മാനിക്കുക.

(കേരള സർവകലാശാല അന്താരാഷ്‌ട്ര മാർക്സിയൻ പഠന-ഗവേഷണ കേന്ദ്രം ഡയറക്ടറാണ് ലേഖകൻ)