×

അറബി നാടിന്റെ കനിവില്‍ നാവികര്‍ : മരണം വഴിമാറി ജീവിത വെളിച്ചത്തിലേക്ക്

google news
.

രാജ്യദ്രോഹ കുറ്റം ചുമത്തി ഖത്തര്‍ കോടതി വധശിക്ഷയ്ക്കു വിധിച്ച എട്ട് മുന്‍ ഇന്ത്യന്‍ നാവികര്‍ക്ക് ജീവിതത്തിലേക്ക് മടക്കം. മരണത്തിനും ജീവിതത്തിനുമിടയില്‍ കഴിഞ്ഞ നാളുകളില്‍ വിളിക്കാത്ത ദൈവങ്ങളില്ലെന്ന് മോചിതരായ നാവികര്‍ പറയുന്നു. എല്ലാ ദൈവങ്ങളും വിളികേട്ടു. ഖത്തര്‍ കോടതി തങ്ങളെ വെറുതേ വിട്ടു. അറബിനാടിന്റെ മഹാമനസ്സും, നീതിന്യായ കോടതിയുടെ കരുണയും ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലുമാണ് നാവികര്‍ക്ക് മരണത്തിന്റെ പിടിയില്‍ നിന്ന് ജീവിതത്തിലേക്കെത്താന്‍ സാധിച്ചത്. 

.

ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരാണ് രണ്ടു വര്‍ഷവും രണ്ടു മാസവും ഖത്തര്‍ ജയിലില്‍ മരണം കാത്തു കിടന്നത്. 2019ല്‍ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തെ പ്രവാസി ഭാരതീയ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. കമ്പനിയുടെ വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ഇന്ത്യന്‍ നാവികസേനയിലെ നിരവധി വലിയ കപ്പലുകളുടെ കമാന്‍ഡായിരുന്നു പൂര്‍ണേന്ദു തിവാരി. 

.

2022 ഓഗസ്റ്റില്‍ ഇസ്രായേലിന്റെ ചാരന്മാരായി പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് മുന്‍ നേവി ഉദ്യോഗസ്ഥരെ ഖത്തര്‍ കസ്റ്റഡിയിലെടുത്തത്. കേസില്‍ നാവിക സേനാംഗങ്ങള്‍ പലതവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഖത്തര്‍ അധികൃതര്‍ അത് തള്ളുകയായിരുന്നു. ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് വിരമിച്ചശേഷം ഇറ്റാലിയന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള രഹസ്യസ്വഭാവമുള്ള മിഡ്ജെറ്റ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ദഹ്റ ഗ്ലോബല്‍ ടെക്‌നോളജീസില്‍ ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കമ്പനിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഇവര്‍. ഖത്തര്‍ എമിരി നേവിക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്നതാണ് കമ്പനിയുടെ രീതി. 

.

ഖത്തര്‍ പ്രതിരോധ വകുപ്പ്, സുരക്ഷ, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രാദേശിക പങ്കാളിയെന്നാണ് കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്. റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സ് റിട്ടയേര്‍ഡ് സ്‌ക്വാഡ്രണ്‍ ലീഡര്‍ ഖമീസ് അല്‍ അജാമിയാണ് ഈ കമ്പനിയുടെ സി ഇ ഒ. ഖത്തര്‍ ഇന്റലിജന്‍സാണ് നാവികരെ അറസ്റ്റ് ചെയ്യുന്നത്. സൈനിക സേവനം നല്‍കുന്ന കമ്പനിയുടെ ഉടമയായ ഖത്തര്‍ പൗരനും കേസില്‍ അറസ്റ്റിലായെങ്കിലും പിന്നീട് ഇയാളെ വിട്ടയച്ചു. 2023 മാര്‍ച്ചില്‍ നടന്ന വിചാരണയ്ക്കു ശേഷം ഒക്ടോബര്‍ 26ന് ഇവരെ വധശിക്ഷ വിധിച്ചത്. ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളെന്തെല്ലാമാണെന്ന് ഔദ്യോഗികമായി പുറത്തുവിട്ടില്ല. 

.

മുങ്ങിക്കപ്പല്‍ നിര്‍മ്മാണ രഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയതിനാണ് കേസെന്ന് മാത്രമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലുള്ളവര്‍ ഇവര്‍ക്കെതിരേ ആസൂത്രണം ചെയ്തതാണ് ചാരപ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് നാവിക സേനാംഗങ്ങള്‍ക്ക് വധശിക്ഷ വിധിക്കുന്നത്. മോചനത്തിനായുള്ള എല്ലാ വഴികളും പൂര്‍ണ്ണമായി അടഞ്ഞെന്നുറപ്പായ നേവി ഉദ്യോഗസ്ഥര്‍ തങ്ങളുടെ വധശിക്ഷയുടെ ദിവസവും കാത്ത് നാല് മാസമായി തടവറയില്‍ കിടക്കുമ്പോഴാണ്, ഉദ്യോഗസ്ഥരില്‍ ഒരാളുടെ സഹോദരിയായ മിതു ഭാര്‍ഗവ ഖത്തറില്‍ നിന്ന് തന്റെ സഹോദരനെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യയുടെ സഹായം തേടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. 

.

ഇതോടെയാണ് വാര്‍ത്ത പുറംലോകമറിഞ്ഞത്. അതിനു ശേഷം ഇന്ത്യ നടത്തിയ ശക്തമായ നയതന്ത്ര നീക്കങ്ങള്‍ക്കൊടുവിലാണ് മരണത്തിന്റെ കരിനിഴല്‍ നീങ്ങി ജീവിതത്തിന്റെ നിലാവ് പരന്നത്. വധശിക്ഷയുടെ വാര്‍ത്തയറിഞ്ഞ ഇന്ത്യ ആദ്യം ഞെട്ടല്‍ രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍, പിന്നീട് നടത്തിയ ഇടപെടലുകള്‍ ചരിത്രമായി മാറി. കേസ് പഠിച്ചുവരികയാണെന്നും ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ നിയമപരവും കോണ്‍സുലര്‍ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അന്ന് പറഞ്ഞിരുന്നു. അങ്ങനെ ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ കോടതി അംഗീകരിച്ചു. തടവില്‍ കഴിയുന്നവരുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടു. അവരുടെ കുടുംബങ്ങളുമായും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.  

.

കൂടാതെ, ഡിസംബര്‍ ഒന്നിന് ദുബായില്‍ നടന്ന കേപ്-28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികരെ കാണാനായി കോണ്‍സുലര്‍ ഇന്ത്യന്‍ അംബാസിഡര്‍ക്ക് പ്രവേശനം അനുവദിച്ചതും. ഇതിനു ശേഷം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആത്മാര്‍ത്ഥമായ ഇടപെലാണ് ഇന്ത്യന്‍ നാവികരുടെ മോചനത്തിന് വഴിയൊരുക്കാന്‍ കാരണമായത്. മോചിപ്പിക്കപ്പെട്ട എട്ടുപേരില്‍ 7 പേരും ഇന്ത്യയില്‍ സുരക്ഷിതരായ് എത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ മറ്റൊരു ഉദാഹരണം കൂടായണിതെന്നാണ് വിലിരുത്തപ്പെടുന്നത്. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 

Tags