വി.എം കുട്ടി എന്ന മാപ്പിളപ്പാട്ടിന്റെ സുൽത്താൻ ​​​​​​​

vm kutty
മാപ്പിളപ്പാട്ടിന്റെ ജനകീയ മുഖങ്ങളിൽ പ്രമുഖനായിരുന്ന വി.എം കുട്ടിയുടെ വിടവാങ്ങൽ സംഗീത ലോകത്തിന് തന്നെ തീരാ നഷ്ടമാണ്. ഒരു സമുദായത്തിനപ്പുറത്തേക്ക് ആസ്വാദകരില്ലാതിരുന്ന മാപ്പിളപ്പാട്ട് എല്ലാ ജനവിഭാഗത്തിനും ആസ്വാദ്യകരമാക്കിയതിൽ വ​ട​ക്കും​ക​ര മു​ഹ​മ്മ​ദ് കു​ട്ടി എ​ന്ന വി.എം കുട്ടിയുടെ പങ്ക് വളരെ വലുതാണ്. 86 ആം വയസിൽ അദ്ദേഹം വിടവാങ്ങുമ്പോൾ മാപ്പിളപ്പാട്ടിനൊപ്പം വിവിധ തലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒരു കലാകാരനെയാണ് മലയാളത്തിന് നഷ്ടമാകുന്നത്.

വി.എം.കുട്ടി പാടിത്തുടങ്ങിയപ്പോൾ അറബി മലയാളത്തിലായിരുന്നു മാപ്പിളപ്പാട്ടുകളെല്ലാം. അവയുടെ പ്രചാരം പക്ഷേ മുസ്‌ലിം സമുദായത്തിൽ മാത്രം ഒതുങ്ങിനിന്നു. മറ്റു മതങ്ങളിലും പെട്ട, പാടാൻ കഴിവുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവർക്കു മലയാളത്തിൽ വരികൾ എഴുതി നൽകി ഈണങ്ങൾ പറഞ്ഞുകൊടുത്ത് വി.എം.കുട്ടി ഒരു മാപ്പിളപ്പാട്ട് ഗായകസംഘം തന്നെ രൂപീകരിച്ചു. 

vm kutty2

ഗായകൻ, ഗാ​ന​ര​ച​യി​താ​വ്, സം​ഗീ​ത​ജ്ഞ​ൻ, ഗ​വേ​ഷ​ക​ൻ, ഗ്ര​ന്ഥ​കാ​ര​ൻ, ചി​ത്ര​കാ​ര​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യക്തിയാണ് വി.​എം. കു​ട്ടി. ആറു പതിറ്റാണ്ടിലേറെകാലം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന വി.എം കുട്ടി സിനിമകളിലും പാടിയിട്ടുണ്ട്. എട്ടോളം സിനിമകളിൽ പാടിയ അദ്ദേഹം മൂന്ന് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മൈലാഞ്ചി, പതിനാലാം രാവ്, ഉൽപത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം,1921, മാർക്ക് ആന്‍റണി ഉൾപ്പെടെയുള്ള സിനിമകളിൽ അദ്ദേഹത്തിന്റെ സ്വര മാധുര്യം മുഴങ്ങിക്കേട്ടു.

മലബാർ കലാപത്തിന്റെ കഥ പറഞ്ഞ 1921 എന്ന ചിത്രത്തിൽ, മോയീൻകുട്ടി വൈദ്യരുടെ ഒരു മാപ്പിളപ്പാട്ടിന് അദ്ദേഹം സംഗീതം നൽകി. മാർക്ക് ആന്‍റണി എന്ന ചിത്രത്തിൽ ഒരു ഗാനം എഴുതുകയും ആലപിക്കുകയും ചെയ്തു. ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാനശാഖയിൽ പാണ്ഡിത്യമുണ്ടായിരുന്നു. 

1954ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു കൊണ്ടാണ്‌ കലാരംഗത്തേക്ക് വി.എം. കുട്ടി ചുവട് വെച്ചത്. മാപ്പിളപ്പാട്ട് ഗായകനെന്ന നിലയിൽ പ്രസിദ്ധനായതോടെ സ്വദേശത്തും വിദേശത്തുമായി നൂറു കണക്കിന് വേദികൾ അദ്ദേഹത്തെ തേടിയെത്തി. വിളയിൽ ഫസീലയുമായി ചേർന്ന് നിരവധി ഗാനങ്ങൾ പാടിയ അദ്ദേഹം ഒരു കാലത്ത് മലബാറിലെ കല്യാണ വീടുകളിൽ ഗാനമേളകളുമായി സജീവമായിരുന്നു. കല്യാണരാവുകൾക്ക് അദ്ദേഹത്തിന്റെ പാട്ടുകൾ മൊഞ്ച് കൂട്ടി. വി.എം.കുട്ടി സംഘടിപ്പിക്കുന്ന ഗാനമേളകളുടെ സ്ഥിരം ഉദ്ഘാടകൻ എം.എസ്.ബാബുരാജ് ആയിരുന്നു. ഗായകൻ ഉദയഭാനു ട്രൂപ്പിൽ അതിഥി ഗായകനായും ഗായിക വിളയിൽ ഫസീല ട്രൂപ്പിൽ അംഗമായും എത്തി. 

മാപ്പിളപാട്ടിന്‍റെ ചരിത്രസഞ്ചാരങ്ങൾ, മാപ്പിളപ്പാട്ട് - ചരിത്രവും വർത്തമാനവും, വൈക്കം മുഹമ്മദ്‌ ബഷീർ മാലപ്പാട്ട്, മഹാകവി മോയിൻകുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം, മാപ്പിളപ്പാട്ടിന്റെ തായ് വേരുകൾ, ഒപ്പന എന്ന വട്ടപ്പാട്ട്, ഇശൽ നിലാവ്, മഹാകവി മോയിൻകുട്ടി വൈദ്യർ, ഭക്തിഗീതങ്ങൾ, കനിവും നിനവും, മൈത്രീഗാനങ്ങൾ തുടങ്ങിയ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. എം.എൻ. കാരശ്ശേരിയുമായി ചേർന്ന് മാപ്പിളപ്പാട്ടിന്‍റെ ലോകം എന്ന പുസ്തകവും പുറത്തിറക്കി. മഹിമ എന്ന പേരിൽ നാടക രചനയും നടത്തിയിട്ടുണ്ട് വി.എം കുട്ടി.

vm kutty

മാപ്പിള കലാരംഗത്തെ സമഗ്ര സംഭാവനക്ക് കേരള സംഗീത നാടക അക്കാദമി പുര‍സ്കാരം, കേരള ഫോക് ലോർ അക്കാദമി അവാർഡ് (2020), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുര‍സ്കാരം എന്നീ പുരസ്കാരങ്ങൾ  ലഭിച്ചിട്ടുണ്ട്.

കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാനായും കേരള സംഗീത നാടക അക്കാദമിയുടെ അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം എന്നിവിടങ്ങളില്‍ അംഗമായിരുന്നു.

1935 ഏ​പ്രി​ൽ 16ന് ​കൊ​ണ്ടോ​ട്ടി​ക്ക​ടു​ത്ത ആ​ലു​ങ്ങ​ലി​ൽ ഉ​ണ്ണീ​ൻ മു​സ്​​ലി​യാ​രു​ടെ​യും ഉ​മ്മാ​ച്ചു​ക്കു​ട്ടി​യു​ടെ​യും മകനായിട്ടായിരുന്നു വി.​എം. കു​ട്ടിയുടെ ജ​നനം. പരേതയായ ആ​മി​ന​ക്കു​ട്ടിയാണ് ഭാര്യ. 1957ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്കൂളിൽ അധ്യാപകനായിറ്റായിരുന്നു ഔദ്യോഗിക ജീവിതം തുടങ്ങിയത്. സ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചെങ്കിലും മാപ്പിളപ്പാട്ടിനോടുള്ള അഭിനിവേശം കൊണ്ട് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ ഗായകനായി മാറുകയായിരുന്നു.