20 വര്‍ഷത്തെിനുശേഷം യു.എസ്. സഖ്യസേന അഫ്ഗാനില്‍നിന്ന് മടങ്ങിയപ്പോള്‍ ഏതുവിധേനയും രാജ്യംവിടാന്‍, പറന്നുയരുന്ന വിമാനത്തില്‍ തൂങ്ങിക്കിടന്നവര്‍… ലോക മനസാക്ഷിയെ തകര്‍ത്ത് തരിപ്പണമാക്കുന്നതായിരുന്നു ആ ദൃശ്യങ്ങള്‍..വീണ്ടുമൊരു താലിബാന്‍ ഭരണത്തെ അഫ്ഗാന്‍ ജനത എത്രത്തോളം ഭയക്കുന്നു എന്നതിന്‍റെ നേര്‍ സാക്ഷ്യമായിരുന്നു ഈ ദൃശ്യങ്ങള്. താലിബാന്‍ ഭരണത്തില്‍ അഫ്ഗാനിസ്ഥാന്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മനുഷ്യാവകാശങ്ങളിലും സ്ത്രീ സ്വാതന്ത്ര്യത്തിലും രാജ്യം നൂറ്റാണ്ടുകള്‍ പിന്നോക്കം പോയിരിക്കുന്നു. തീവ്ര മതനിയമങ്ങൾ അടിച്ചേൽപ്പിക്കില്ലെന്ന വാഗ്ദാനം കാറ്റില്‍ പറത്തി താലിബാന്‍ സ്ത്രീകൾക്കെതിരെയടക്കം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അഫ്ഗാനിസ്ഥാനിൽ നടത്തുന്നത്. തങ്ങള്‍ക്കെതിരെ ഉയരുന്ന ഓരോ സ്വരത്തെയും അടിച്ചമര്‍ത്തി മതതീവ്രവാദത്തിന്‍റെ അസുര വിത്തുകളുമായി ഒരു കൂട്ടം പാഞ്ഞു നടക്കുകയാണ്.
മനുഷ്യാവകാശലംഘനങ്ങളുടെ കറുത്ത ഭൂമി;-
നേരത്തെ തന്നെ ദരിദ്ര രാജ്യമായി തുടരുന്ന അഫ്ഗാന്‍ താലിബാന്‍റെ ഭരണം പിടിച്ചടക്കലോടെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സിന്റെ കണക്കനുസരിച്ച്, 97% അഫ്ഗാനികളും കൊടിയ ദാരിദ്ര്യത്തിലാണ്. ഇതിനൊക്കെ പുറമേയാണ് കിരാത നിയമങ്ങള്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ഭരണകൂടം. സ്ത്രീകളടങ്ങുന്ന സമൂഹം പീഡന പര്‍വ്വത്തിന്‍റെ ഉച്ചസ്ഥായിലാണ് എന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പെണ്‍കുട്ടികള്‍ പഠിക്കണ്ട എന്ന താലിബാന് തീരുമാനം. കൗമാരപ്രായക്കാരായ പെൺകുട്ടികളെ സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്ന് ഇതിനകം വിലക്കിയിട്ടുണ്ട്. പാർക്കുകൾ, ജിമ്മുകൾ എന്നിവയിൽ സ്ത്രീകൾ പോകുന്നത് നിരോധിച്ചു. സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം മാത്രം പുറത്തിറങ്ങാം. സര്‍ക്കാര് സര്‍വ്വീസിലടക്കം തങ്ങള്‍ക്കുള്ള ജോലി പുരുഷന്മാര്‍ക്ക് നല്കി വീട്ടിലിരിക്കണം ഇങ്ങനെ ഏകപക്ഷീയ കിരാത നിയമങ്ങള്‍ അഫ്ഗാനില്‍ നടപ്പിലാക്കിക്കഴിഞ്ഞു. തങ്ങളുടെ കുടുംബങ്ങളിലെ സ്ത്രീകളും പെൺകുട്ടികളും നിയന്ത്രണങ്ങൾ ലംഘിക്കുന്ന ഏതൊരു ബന്ധത്തിനും പുരുഷ ബന്ധുക്കൾ ഉത്തരവാദികളായിരിക്കുമെന്നാണ് താലിബാൻ നിലപാട്. ആണ് തുണയില്ലാതെ പൊതു സ്ഥലത്ത് എത്തിയ സ്ത്രീയെ ഭീകരമായി മര്‍ദ്ദിക്കുന്നതും. ബന്ധക്കളുടെ മുന്നില്‍ വച്ചുള്ള പരസ്യമായ തൂക്കിക്കൊലകളുടെയുമൊക്കെ ദൃശ്യങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഉയര്‍ന്നുവരുന്ന ഒറ്റപ്പെട്ട പ്രതിഷേധ സ്വരങ്ങളെ മുളയിലേ നുള്ളുകയാണ് താലിബാന്‍ സര്‍ക്കാര്‍.ഇസ്ലാമിക ശരിയത്ത് പൂര്‍ണ്ണമായും നടപ്പിലക്കണമെന്ന അഫ്ഗാന് പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്സാദയുടെ ഉത്തരവ് ശിരസാ വഹിക്കുകയാണ് സര്‍ക്കാര്‍.
പിഴുതെടുക്കുന്ന നാവുകള്‍:-
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സൃഷ്ടിച്ച ഭയാനകമായ അന്തരീക്ഷം സ്വതന്ത്ര മാധ്യമത്തിനുള്ള ഇടം ഗണ്യമായി ചുരുക്കിയിരിക്കുന്നു. മാധ്യമപ്രവർത്തകർക്ക് നേരെയുളള ഏകപക്ഷീയമായ അറസ്റ്റ്, അനധികൃത തടങ്കൽ, പീഡനം എന്നിവ പിന്നാക്കം വലിക്കുന്നതായി. ഫലമായി നിരവധി മാധ്യമപ്രവർത്തകർ രാജ്യം വിട്ടു. ചുരുക്കത്തില്‍ അഫ്ഗാന്‍ അതിര്‍ത്തകള്‍ക്കുള്ളില്‍ എന്ത് നടക്കുന്ന എന്ന് പുറംലോകത്തെ അറിയിക്കുന്ന ജനാലകള്‍ പൂര്‍ണ്ണമായും അടക്കപ്പെട്ട സ്ഥിതി വിശേഷമെന്ന് തന്നെ പറയണം. ദേശീയ മനുഷ്യാവകാശ സ്ഥാപനമായ അഫ്ഗാനിസ്ഥാൻ ഇൻഡിപെൻഡന്റ് ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷൻ അടഞ്ഞുകിടക്കുകയാണ്. സ്വതന്ത്ര മനുഷ്യാവകാശ ഗ്രൂപ്പുകൾക്ക് കൂച്ചു വിലങ്ങിട്ടിരിക്കുന്നു താലിബാന്‍ ഭരണകൂടം.സമൂഹ മാധ്യമങ്ങളിലടക്കം ഭരണകൂടത്തിനെതിരെ മറുവാക്ക് മിണ്ടുന്നവര്‍ പിന്നീട് പുറം ലോകം കാണില്ല എന്ന സ്ഥിതി വിശേഷമാണ്.
ഒറ്റപ്പെട്ട് ഒരു ജനത:-
ലോക രാജ്യങ്ങലും ഐക്യ രാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും അവസ്ഥയെ ഐകകണ്ഠേന അപലപിക്കുന്നു. രാജ്യാന്തര സമൂഹത്തിന്റെ ഉപരോധവും പ്രകൃതി ദുരന്തങ്ങളും അഫാഗാനിസ്ഥാനെ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിന് ആവേഗം കൂട്ടുന്നു ശക്തമായ സാമൂഹിക സംരക്ഷണത്തിന്‍റെ അഭാവം. മനുഷ്യാവകാശങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന , മനുഷ്യനെ മനുഷ്യനായി കാണുക എന്നാഹ്വാനം ചെയ്യുന്ന ഇസ്ലാംമത വിശ്വാസത്തെ ദുരുപയോഹം ചെയ്യുന്ന ഒരു വിഭാഗത്തിന്‍റെ കൈകളിലാണ് അഫ്ഗാന്‍റെ ഭരണം എന്നതാണ് ഏറ്റവും വലിയ ദുരന്തം. നില്‍ക്കുന്നിടത്തെ മണ്ണൊലിക്കുന്നത് പോലും തിരിച്ചറിയാത്ത, അടിസ്ഥാന -മൊലിക അവകാശങ്ങള്‍ പോലും ഹനിക്കുന്ന പ്രാകൃത മതഭീകര ഭരണകൂടത്തിന് കീഴില്‍ അതിജീവനം അതി വിദൂരമെന്ന് തന്നെ പറയേണ്ടി വരുന്നു.