വിശ്വാസികളെ മാറ്റി നിർത്തി മുസ്‌ലിം നാമധാരികളോട് മാത്രം സ്നേഹമുള്ള സിപിഎം

cpm
സിപിഐഎം എന്ന പാർട്ടിയും അതിന്റെ രാഷ്ട്രീയ നിലപാടുകളും എക്കാലത്തും സമൂഹത്തിൽ ചർച്ചാ വിഷയമാണ്. കേരളത്തിന്റെ രൂപീകരണ കാലം മുതൽ ഭരണത്തിന്റെ രുചിയറിയുന്ന പാർട്ടിയുടെ നിലപാടുകൾ പലപ്പോഴും അതിന്റെ രുപീകരണ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഏറെ വിമർശനം കേൾക്കാറുള്ള പാർട്ടി പക്ഷെ  തെറ്റുകൾ തിരുത്തിക്കാണാറില്ല.

തൊഴിലാളിയുടെയും സാധാരണക്കാരുടെയും പാർട്ടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിപിഐഎം പാർട്ടിയിൽ സമൂഹത്തിലെ എല്ലാ മേഖലയിൽ നിന്നുമുള്ള അംഗങ്ങൾ മെമ്പർമാരായി ഉണ്ട്. പാർട്ടിക്ക് ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള കേരളത്തിൽ എല്ലാ മത വിഭാഗക്കാരും മെമ്പർമായി ഉണ്ട്. എന്നാൽ സാധാരണ അംഗങ്ങൾ എന്നതിന് അപ്പുറത്തേക്ക് പലപ്പോഴും മുസ്‌ലിം മത വിശ്വാസികളായ ആളുകൾ സിപിഐഎമ്മിന്റെ നേതാക്കളായി എത്താറില്ല എന്നത് പരസ്യമായ രഹസ്യമാണ്.

22 മത് പാർട്ടി കോൺഗ്രസ് പ്രകാരം സിപിഐഎമ്മിന്റെ കേന്ദ്ര കമ്മറ്റിയിൽ 74 അംഗങ്ങളും 20 പുതിയ അംഗങ്ങളും രണ്ട് സ്ഥിരം ക്ഷണിതാക്കളും ആറ് പ്രത്യേക ക്ഷണിതാക്കളും അഞ്ച് സെൻട്രൽ കൺട്രോൾ കമ്മീഷൻ അംഗങ്ങളുമാണ് ഉള്ളത്. ആകെ 107 അംഗങ്ങൾ. ഇതിൽ ആറ് പേർ മാത്രമാണ് മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവർ. അതായത് 5.6 ശതമാനം ആളുകൾ മാത്രമാണ് മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളത്. ജനസംഖ്യാനുപാതികമായി ഉള്ള പ്രാതിനിധ്യം പോലും പുരോഗമനം പറയുന്ന സിപിഐഎം ന്യൂനപക്ഷമായ മുസ്‌ലിം വിഭാഗത്തിന് നൽകുന്നില്ല.

sitaram yechuri

സിപിഎമ്മിന്റെ ഏറ്റവും ഉയർന്ന കമ്മറ്റിയായ പോളിറ്റ് ബ്യുറോയിലെ 17 അംഗങ്ങളിൽ രണ്ട് പേർ മാത്രമാണ് മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളള്ളത്. കേന്ദ്ര കമ്മറ്റിയിലും പോളിറ്റ് ബ്യുറോയിലുമായി ഉള്ള മുസ്‌ലിം അംഗങ്ങളിൽ പാർട്ടിക്ക് ഇപ്പോൾ കൂടുതൽ അംഗങ്ങൾ ഉള്ള കേരളത്തിൽ നിന്നുള്ള ഒരു മുസ്‌ലിം സാമുദായക്കാരൻ പോലും ഇല്ല.

ഡിവൈഎഫ്ഐ അധ്യക്ഷനായ എ എ റഹീമിനെയും മന്ത്രി മുഹമ്മദ് റിയാസിനെയും എംഎൽഎ ഷംസീറിനെയും എല്ലാം കാണിച്ച് സിപിഎമ്മിന് മറുവാദം ഉന്നയിക്കാവുന്നതാണ്‌. അപ്പോഴും കേരളത്തിലെ വിശ്വാസികളായ മുസ്‌ലിം വിഭാഗക്കാർ തിരിച്ച് ചോദ്യമുന്നയിക്കും. സിപിഎമ്മിലെ മുസ്‌ലിം നേതാക്കൾ എന്ന രീതിയിൽ ഉയർത്തി കാണിക്കുന്നവരിൽ യഥാർത്ഥത്തിൽ എത്രപേരുണ്ട് വിശ്വാസികളായി? ഈ ചോദ്യത്തിന് സിപിഎമ്മിന് മറുപടിയുണ്ടാകാൻ ബുദ്ധിമുട്ടുണ്ടാകും. വേണമെങ്കിൽ മുൻമന്ത്രിയും എംഎൽഎയുമായ കെ.ടി ജലീലിനെ പോലുള്ള വിശ്വാസികളെ കാണിക്കാമെങ്കിലും അവിടെയും പ്രശ്നമുണ്ട്. അദ്ദേഹം ഔദ്യോഗികമായി പാർട്ടി അംഗം അല്ല.

pinarayi vijayan

ഫലത്തിൽ, സിപിഎം മുസ്‌ലിം വിഭാഗക്കാരായ നേതാക്കൾ തങ്ങൾക്കുണ്ട് എന്ന് കാണിച്ച് നടത്തുന്ന ന്യൂനപക്ഷ സ്നേഹം കപടമാണ്. ഒരു യഥാർത്ഥ മുസ്‌ലിം മത വിശ്വാസിയെപ്പോലും തങ്ങളുടെ ഉന്നത നേതൃത്വങ്ങളിൽ ഇരുത്താതെ മുസ്‌ലിം നാമധാരികളെ മാത്രം ഇരുത്തി സിപിഐഎം അതിന്റെ യഥാർത്ഥ മുസ്‌ലിം വിരുദ്ധത തുറന്ന് കാട്ടുകയാണ്.

ലക്ഷക്കണക്കിന് മാപ്പിള സഖാക്കൾ ഉള്ള പാർട്ടിക്ക് ഒരു മാപ്പിള നേതാവ് പോലും ഇല്ല എന്നത് കഷ്ടമാണ്. സിപിഎം ഒരു വരേണ്യ സവർണ പാർട്ടിയാണ് എന്ന വിമർശനം പല പ്രമുഖരും നേരത്തെതന്നെ ഉയർത്തിയിട്ടുള്ളതാണ്. ഇത് ശരിവെക്കുന്നതാണ് മുസ്‌ലിം നാമധാരികളായ നിരീശ്വരവാദികളെ സ്വീകരിക്കുകയും മുസ്‌ലിമായ ആളുകളെ തിരസ്കരിക്കുകയും ചെയ്യുന്ന നടപടികൾ.

കേരളത്തിലെ 88 അംഗ സംസ്ഥാന കമ്മറ്റിയിൽ രണ്ട് മുസ്‌ലിം നാമധാരികൾ മാത്രമാണുള്ളത്. എട്ട് അംഗ പ്രത്യേക ക്ഷണിതാക്കളിൽ ഒരാൾ മാത്രമാണ് മുസ്‌ലിം. അതായത് ആകെ 96 പേരിൽ വെറും മൂന്ന് പേർ മാത്രം!. 14 ജില്ലാ കമ്മറ്റി സെക്രട്ടറിമാരിൽ ഒരാൾ മാത്രമാണ് മുസ്‌ലിം. മുസ്‌ലിം വിഭാഗം ഏറ്റവും കൂടുതലുള്ള മലബാർ ജില്ലകളിൽ ഒരു ജില്ലയിൽ പോലും സെക്രട്ടറിയായി മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള ഒരാൾ പോലും ഇല്ല. 

cpm

കേന്ദ്രത്തിലെയും കേരളത്തിലെയും കമ്മറ്റികളിലായി 200 ലേറെ അംഗങ്ങൾ സിപിഐഎം ന് ഉള്ളപ്പോൾ മുസ്‌ലിം പ്രാതിനിധ്യം 10 ൽ താഴെ മാത്രമാണ്. അതായത് അഞ്ച് ശതമാനം പോലും മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവർ ഇല്ല. നേരത്തെ സൂചിപ്പിച്ചത് പോലെ ഈ പത്തിൽ താഴെയുള്ള അംഗങ്ങളിൽ മത വിശ്വാസിയായവരുടെ എണ്ണം ഉണ്ടോ എന്ന് പോലും സംശയമാണ്.

മലപ്പുറത്ത് ഉൾപ്പെടെ പാർട്ടിയിലേക്ക് കൂടുതൽ അംഗങ്ങളെ ചേർത്ത് നിർത്താൻ ശ്രമിക്കുന്ന സിപിഐഎമ്മിന്റെ ഈ മുസ്‌ലിം വിരുദ്ധ നിലപാട് ചർച്ചയാക്കപ്പെടേണ്ടതുണ്ട്. സിപിഐഎമ്മിന്റെ മുസ്‌ലിം സ്നേഹമെന്നാൽ നിരീശ്വരവാദികളായ മുസ്‌ലിം വിഭാഗത്തോടുള്ള സ്നേഹമാണ് എന്ന് പറയാതെ വയ്യ. മുസ്‌ലിം വിശ്വാസവും ആചാരങ്ങളുമെല്ലാം സിപിഐഎമ്മിന് പടിക്ക് പുറത്താണ്. അത് പുതിയ കാലത്ത് കൂടിവരുന്നു. എക്കാലവും സിപിഐഎമ്മിന് തലശ്ശേരി പള്ളി സംരക്ഷണത്തിന്റെ കഥയും പറഞ്ഞ് മുസ്‌ലിം സ്നേഹം വാങ്ങാൻ സാധിക്കില്ല എന്ന് നേതൃത്വം ഇനിയും തിരിച്ചറിയേണ്ടതുണ്ട്.