ജനസംഖ്യ നിയന്ത്രിക്കാൻ ആനുകൂല്യങ്ങളുമായി യോഗി സർക്കാർ; ലക്ഷ്യം യുവ വോട്ടർമാരോ?

yogi

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ജനസംഖ്യ നിയന്ത്രണ നിയമം കർശനമായി നടപ്പിലാക്കുവാന്‍ ഒരുങ്ങി ബിജെപി സര്‍ക്കാര്‍. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുറത്തിറക്കിയ കരട് നിയമപ്രകാരം പ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് വിവിധ നിയന്ത്രണം വരും. നിയമം വരുന്നതോടെ സര്‍ക്കാര്‍ പദ്ധതികളില്‍ അടക്കം രണ്ട് തരം ജനങ്ങൾ ഉണ്ടാകുമെന്ന ആശങ്കയുയർത്തുന്നത് കൂടിയാണ് കരട്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു .

2022 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ നിയമം നിലവില്‍ കൊണ്ടുവരാനാണ് യോഗി സര്‍ക്കാറിന്‍റെ ശ്രമം എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം രണ്ട് കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് ഏറെ ആനുകൂല്യങ്ങളും നിയമം ഉറപ്പ് നല്‍കുന്നു. ഈ ആനുകൂല്യങ്ങൾ നൽകി യുവ തലമുറയെ ആകർഷിക്കുന്നതോടെ നിയമം നടപ്പിലാക്കുകയും ആനുകൂല്യങ്ങളുടെ പേരിൽ വോട്ട് ഉറപ്പിക്കുകയുമാണ് ബിജെപി ലക്ഷ്യം.

രണ്ട് കുട്ടികള്‍ മാത്രം ഉള്ളവര്‍ ഇന്‍സെന്‍റീവുകള്‍ക്ക് അര്‍ഹരാകും. ഇത്തരക്കാര്‍ക്ക് അവരുടെ സര്‍വീസിനിടെ രണ്ട് അധിക ശമ്പള വര്‍ദ്ധനവിന് അര്‍ഹതയുണ്ടാകും. വീട് വാങ്ങുന്നതിന് ഇത്തരക്കാര്‍ സബ്സിഡി ലഭിക്കും. ഇപിഎഫ് പെന്‍ഷന്‍ സ്കീമില്‍ ഇത്തരക്കാര്‍ക്ക് യൂട്ടിലിറ്റി ചാര്‍ജില്‍ 3 ശതമാനം റിബേറ്റ് ലഭിക്കും. 

ഇനി, ഒരു കുട്ടി മാത്രം ഉള്ളവരാണെങ്കില്‍ ആനുകൂല്യങ്ങള്‍ വീണ്ടും വര്‍ദ്ധിക്കും. ഇത്തരക്കാര്‍ക്ക് നാല് അധിക ശമ്പള വര്‍ദ്ധനവ് സര്‍വീസ് കാലത്ത് ലഭിക്കും. സൗജന്യ ആരോഗ്യ പരിരക്ഷ 20വയസുവരെ കുട്ടിക്ക് ലഭിക്കും. സ്കൂള്‍ അഡ്മിഷന് കുട്ടിക്ക് മുന്‍തൂക്കം ലഭിക്കും. ബിരുദ തലം വരെ കുട്ടിയുടെ പഠന ചിലവ് സൗജന്യമായിരിക്കും.

അതേസമയം, രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യം കുറയും. ഒപ്പം റേഷന്‍ കാര്‍ഡില്‍ പരമാവധി നാല് യൂണിറ്റ് മാത്രമേ അനുവദിക്കൂ. രണ്ടില്‍ ഏറെ കുട്ടികള്‍ ഉള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ, സര്‍ക്കാര്‍ ജോലികളില്‍ അപേക്ഷിക്കാനോ സാധിക്കില്ല. അതേസമയം ആനുകൂല്യങ്ങള്‍ കൈപറ്റിയ ശേഷം നിയമം തെറ്റിച്ച് രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടായാല്‍ അയാളില്‍ നിന്നും കൈപറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും നിയമത്തില്‍ പറയുന്നുണ്ട്. 

സംസ്ഥാന നിയമ കമ്മീഷന്‍റെ വെബ് സൈറ്റില്‍ ഇപ്പോള്‍ നിയമത്തിന്‍റെ കരട് ലഭ്യമാക്കിയിട്ടുണ്ട്. പൊതുജന അഭിപ്രായത്തിനായി ജൂലൈ 19,2021 വരെ ഇത് ലഭ്യമാകും. നിയമത്തിന്‍റെ കരടില്‍ വരുന്ന നിര്‍ദേശങ്ങളും കൂട്ടിച്ചേര്‍ത്ത് ഓഗസ്റ്റോടെ നിയമം സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നാണ് ഉത്തര്‍പ്രദേശ് നിയമ കമ്മീഷന്‍ അദ്ധ്യക്ഷന്‍ അറിയിക്കുന്നത്. 

അതേസമയം, മതപരമായ കാരണങ്ങളാലും, വ്യക്തിനിയമത്തിന്‍റെ ആനുകൂല്യത്തിലും ഒന്നിലധികം വിവാഹം കഴിക്കുന്നവർ ഉണ്ട്.  ഇങ്ങനെ രണ്ട് ബന്ധത്തിലായി കൂടുതൽ കുട്ടികൾ ഉണ്ടെങ്കിലും ഭാര്യയായലും ഭര്‍ത്താവ് ആയാലും ഈ നിയമപ്രകാരം ഒരു വ്യക്തിയായാണ് നിയമം പരിഗണിക്കുക എന്ന് കരട് നിയമം പറയുന്നു. 

ഇതിനിടെ, ജനസംഖ്യാ നിയന്ത്രണം അടിച്ചേൽപ്പിക്കുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധവും ഉയരുന്നുണ്ട്. വ്യക്തി സ്വാതന്ത്രത്തിലേക്കുള്ള കൈകടത്തലാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്നാണ് ആക്ഷേപം. കുട്ടികൾ എത്ര വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. ഇതിനാണ് സർക്കാർ വിലങ്ങിടുന്നത്. മാത്രമല്ല, രണ്ടിൽ കൂടുതൽ കുട്ടികളുണ്ടായതിന്റെ പേരിൽ അവകാശങ്ങൾ നിഷേധിക്കുന്നത് ശരിയല്ലെന്നും ഇത് നീതി രഹിതമാണെന്നും ആക്ഷേപമുണ്ട്.