മലപ്പുറം: പൂക്കോട്ടുംപാടം ഗവണ്മെന്റ് സ്കൂൾ ഗ്രൗണ്ടിലെ ഐസിസി സൂപ്പർ സെവൻസ് ഫുട്ബാൾ മൽസരത്തിനിടെ ഗാലറി തകർന്ന് വീണു. 10 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.
മത്സരം കാണാൻ എഴുന്നൂറോളം പേരാണ് മൈതാനത്ത് തടിച്ചുകൂടിയത്. മുള ഉപയോഗിച്ച് നിർമിച്ച ഗാലറിയാണ് അനുവദനീയമായതിലും കൂടുതൽ ആളുകൾ കയറിയതോടെ തകർന്നത്.
രാത്രി ഒമ്പത് മണിയോടെ മത്സരം ആരംഭിച്ചതിന് ശേഷമാണ് അപകടം. മഴ കാരണം കഴിഞ്ഞ ദിവസങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് ടൂർണമെന്റ് ആരംഭിച്ചത്.
കഴിഞ്ഞ ദിവസം മഴയെ തുടർന്ന് മാറ്റിവച്ച മത്സരമാണ് ഇന്ന് വീണ്ടും നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് നിർത്തിവച്ച മത്സരം പിന്നീട് പുനരാരംഭിച്ചു.
Comments