കൂട്ടിൽ നിന്ന് രക്ഷപ്പെട്ട സിംഹത്തെ തൂക്കിയെടുത്ത് തിരികെയെത്തിച്ച് പെൺകുട്ടി

girl brings back lion to home at kuwait

കുവൈത്ത് സിറ്റി: വീട്ടിൽ വളർത്തുന്ന കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് റോഡിൽ ‌പരിഭ്രാന്തി പരത്തിയ സിംഹത്തെ പിടികൂടി കുവൈത്തി പെൺകുട്ടി. സബാഹിയ പ്രദേശത്താണ് ഉടമ കൂടിയായ പെൺകുട്ടി റോഡരികിൽ നിന്ന്  സിംഹകുഞ്ഞിനെ പിടികൂടിയത്. സിംഹം കൂട്ടിൽ നിന്ന് രക്ഷപ്പെട്ട വിവരമറിഞ്ഞ് പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് പെണ്‍കുട്ടി തന്നെ സിംഹത്തെ തൂക്കിയെടുത്ത് തിരികെ എത്തിച്ചത്.

ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സിംഹത്തെ കയ്യില്‍ തൂക്കിയെടുത്ത് പെണ്‍കുട്ടി തെരുവിലൂടെ നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുവൈത്ത് സിറ്റിക്ക് തെക്ക് സബാഹിയ മേഖലയില്‍ വളര്‍ത്തു സിംഹം കൂട്ടില്‍ നിന്നും രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.