മലയാളി ഉൾപ്പെടെ 26 പ്രവാസി നിക്ഷേപകർക്ക് ദീര്‍ഘകാല വിസ അനുവദിച്ചു

investors oman
മസ്കറ്റ്: ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍വെസ്റ്റ്‌മെന്റ് റെസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി രാജ്യത്ത് നിക്ഷേപം നടത്തിയ 26 പേര്‍ക്ക് കൂടി ദീര്‍ഘകാല വിസ അനുവദിച്ചു.2021 ഒക്ടോബര്‍ മൂന്ന് മുതല്‍ മന്ത്രാലയത്തിന്റെ ഇ-ഇന്‍വെസ്റ്റ് സര്‍വീസസ് വഴി ദീര്‍ഘകാല വിസ ലഭിക്കുവാനുള്ള അപേക്ഷകള്‍ സ്വീകരിച്ച്‌ തുടങ്ങിയിരുന്നു. 

ഒമാനില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് അഞ്ചു മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അനുവദിക്കുമെന്നും പിന്നീട് വിസയുടെ കാലാവധി നീട്ടി നല്‍കുമെന്നുമാണ് മന്ത്രാലയം അറിയിച്ചത്.വാണിജ്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വകുപ്പ് മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ്‌ പത്ത് വര്‍ഷ കാലാവധിയുള്ള വിസകള്‍ വിതരണം ചെയ്‍തു.ഒമാന്റെ 'വിഷന്‍ 2040'ന്റെ ഭാഗമായി രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ചയ്‍ക്ക് സഹായകമാവുന്ന തരത്തില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും തൊഴില്‍ സാധ്യതകള്‍ ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് ഈ പുതിയ പദ്ധതി.

ദീര്‍ഘ കാല വിസ ലഭിച്ചവരില്‍ മലയാളികളായ ബദര്‍ സമാ ഗ്രൂപ് ഓഫ് ഹോസ്‍പിറ്റല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് പി.എ, ശാഹി ഫുഡ്സ് ആന്റ് സ്‍പൈസസ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അഷ്റഫ്, ബാബില്‍ ഗ്രൂപ്പ് ഓഫ് കമ്ബനീസ് മാനേജിങ് ഡയറക്ടര്‍ എസ്. മുഹമ്മദ് ബഷീര്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഒമാന്‍ റീജ്യണല്‍ ഹെഡ് കെ. നജീബ്, അല്‍ കരാമ ഗ്രൂപ്പ് ഓഫ് കമ്ബനീസ് മാനേജിംഗ് ഡയറക്ടര്‍ അബ്‍ദുല്‍ നാസര്‍ കുനിങ്കരാത് എന്നിവര്‍ ഉള്‍പ്പെടുന്നു.