താലിബാന്‍ ശക്തിപ്രാപിക്കുന്നതിനിടെ പുതിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കം

qatar

അഫ്ഗാനിസ്ഥാനിൽ അധികാരം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങള്‍ താലിബാന്‍ കടുപ്പിക്കുന്നതിനിടെ പുതിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി. രാഷ്ട്രീയ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് അനുകൂലമാണെന്ന് ചര്‍ച്ചയില്‍ താലിബാന്‍ അറിയിച്ചതായാണ് വിവരം.

ശനിയാഴ്ചയോടെയാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ താലിബാനും അഫ്ഗാന്‍ സര്‍ക്കാരുമായുള്ള സമാധാന ചര്‍ച്ചകളുടെ പുതിയ റൗണ്ടിന് ദോഹയില്‍ തുടക്കമായത്. താലിബാനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നേതാക്കളും അഷ്‌റഫ് ഗനി സര്‍ക്കാര്‍ പ്രതിനിധികളുമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.

ചര്‍ച്ചയുടെ ആദ്യ ദിനം പ്രതീക്ഷാവഹമാണെന്നും എല്ലാ കാര്യങ്ങളിലും തുറന്ന ചര്‍ച്ചയ്ക്ക് ഇരുപക്ഷവും സന്നദ്ധത പ്രകടിപ്പിച്ചതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷത്തിന് അറുതി വരുത്താന്‍ ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പിനെ തങ്ങള്‍ ശക്തമായി അനുകൂലിക്കുന്നതായി താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുല്ല അഖുന്‍സദ പറഞ്ഞു. വിദേശികളെ ആശ്രയിക്കുന്നതിനു പകരം, നമുക്കിടയിലുള്ള പ്രശ്നങ്ങള്‍ ആഭ്യന്തരമായി തന്നെ പരിഹരിച്ച് നമ്മുടെ മാതൃരാജ്യത്തെ രക്ഷിക്കാവുന്നതേയുള്ളൂ. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പരിഹാരം കാണുന്നതിന് താലിബാന്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വെറുതെ സമയം കളയുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിലെ പകുതിയിലേറെ ജില്ലകളും താലിബാന്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലുള്ള പുതിയ ചര്‍ച്ചകളെ ഏറെ പ്രതീക്ഷകളോടെയാണ് അഫ്ഗാന്‍ ജനത നോക്കിക്കാണുന്നത്.