ഖത്തർ ലോകകപ്പിന് ഇനി ഒരു വർഷത്തിന്റെ അകലം മാത്രം

m

ദോഹ:ഖത്തർ ലോകകപ്പിന് ഇനി ഒരു വർഷത്തിന്റെ അകലം മാത്രം. കിക്കോഫ് ദിനമായ 2022 നവംബർ 21 ലേക്കുള്ള ഒരു വർഷത്തെ കൗണ്ട് ഡൗൺ അടയാളപ്പെടുത്താൻ ദോഹ കോർണിഷിൽ ഭീമൻ ക്ലോക്ക് ഇടംപിടിക്കും. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം രാത്രി 8.30ന് ക്ലോക്ക് ചലിച്ച് തുടങ്ങും.

കൗണ്ട് ഡൗൺ ആഘോഷത്തിൽ ആഗോള തലത്തിലുള്ള ഫുട്‌ബോൾ ആരാധകർക്ക് വെർച്വലായി  പങ്കെടുക്കാമെന്ന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വ്യക്തമാക്കി.  'ജോയിൻ ദ ബീറ്റ്' എന്ന തലക്കെട്ടിലാണ് ആഘോഷ പരിപാടികളുടെ തൽസമയ സംപ്രേഷണം. 

ദോഹ കോർണിഷിൽ പ്രത്യേക ചടങ്ങോടെയാണ് ക്ലോക്ക് സ്ഥാപിക്കുന്നത്. ഫുട്‌ബോൾ ആരാധകർക്ക് വേൾഡ്കപ്പ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സന്തോഷം പങ്കുവയ്ക്കാം. 30 മിനിറ്റ് നീളുന്ന ചടങ്ങിൽ ഡ്രോൺ ഷോ ആണ് പരിപാടികളിലെ മുഖ്യ ഇനം. പ്രത്യേക അതിഥികളും ചടങ്ങിൽ പങ്കെടുക്കും.2022 നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായുള്ള 8 സ്‌റ്റേഡിയങ്ങളാണ് ഫിഫ ലോകകപ്പിന് വേദിയാകുന്നത്. 10 വർഷം നീണ്ട ഖത്തറിന്റെ ലോകകപ്പ് തയാറെടുപ്പുകൾ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ മധ്യപൂർവ ദേശവും അറബ് മേഖലയും പ്രഥമ ഫിഫ ലോകകപ്പിനായി ഒരുങ്ങി കഴിഞ്ഞു.