ജോര്‍ഡന്‍ ഭരണാധികാരി അബ്​ദുല്ല ബിന്‍ ഹുസൈന്‍ രാജാവിന്​ ഖത്തറിൽ രാജകീയ സ്വീകരണം

qatar

ദോഹ: ഖത്തറിൽ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ജോര്‍ഡന്‍ ഭരണാധികാരി അബ്​ദുല്ല ബിന്‍ ഹുസൈന്‍ രാജാവിന്​ രാജകീയ സ്വീകരണം.അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി വിമാനത്താവളത്തിൽ നേരി​ട്ടെത്തിയാണ്​ ജോർഡൻ രാജാവിനെ സൗഹൃദരാജ്യത്തേക്ക്​ വരവേറ്റത്​. തുടർന്ന്​ അമിരി ദീവാനിൽ കൂടിക്കാഴ്​ചയും നടത്തി.

ഉഭയകക്ഷി നയതന്ത്ര സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ കൂടിക്കാഴ്ചയിലുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെയും അന്താരാഷ്​ട്രതലത്തിലെയും രാഷ്​ട്രീയസ്ഥിതിഗതികളും ചര്‍ച്ചയായി. ലോകകപ്പിനായി ഖത്തര്‍ സജ്ജീകരിച്ച എജുക്കേഷന്‍ സിറ്റി സ്​റ്റേഡിയം ജോർഡൻ രാജാവ് സന്ദര്‍ശിച്ചു.

ഖത്തര്‍ അമീറും മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു. രാജ്യത്തിൻ്റെ  തന്ത്രപ്രധാന സ്ഥാപനങ്ങളിലൊന്നായ നാഷനല്‍ കമാന്‍ഡ് സെൻററിലും രാജാവ് സന്ദര്‍ശനം നടത്തി. രാജാവിനൊപ്പമുള്ള ജോര്‍ഡന്‍ പ്രധാനമന്ത്രി ഡോ. ബിഷേര്‍ അല്‍ ഖസൗനേ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ്​ ഖാലിദ് ബിന്‍ അസീസ് ആൽഥാനിയുമായും ചര്‍ച്ച നടത്തി.

രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി​ ചൊവ്വാഴ്​ച വൈകീ​ട്ടോടെ ജോർഡൻ രാജാവ്​ മടങ്ങി. മടക്കയാത്രയിൽ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ നേതൃത്വത്തിൽ ഉന്നതസംഘം യാത്രയയക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു.