രൂപയുടെ മൂല്യമിടിവ്;പണമയക്കാൻ തിരക്കുകൂട്ടി പ്രവാസികൾ

pravasikal
 

ദോഹ: അന്താരാഷ്​ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ നാട്ടിലേക്ക്​ പണമയക്കാൻ തിടുക്കം കൂട്ടി പ്രവാസികൾ. കഴിഞ്ഞ ഒരാഴ്​ചയായി തുടരുന്ന പ്രവണത ഓരോ ദിവസവും വർധിക്കുന്നതോടെ മനസ്സിൽ ലഡുപൊട്ടുന്നത്​ പ്രവാസികൾക്കാണ്​.

ഖത്തർ റിയാൽ ഉൾപ്പെടെ ഗൾഫ്​ കറൻസികൾക്ക്​​ വർഷത്തിനിടയിലെ ഏറ്റവും മികച്ച മൂല്യം ലഭിച്ചു തുടങ്ങിയതോടെ കിട്ടിയ അവസരം മുതലെടുത്ത്​ നാട്ടിലേക്ക്​ പണമയക്കാനുള്ള തിടുക്കത്തിലാണ്​ ​എല്ലാവരും. വെള്ളിയാഴ്​ച ഖത്തർ റിയാലിന്​ 20.43 രൂപയായിരുന്നു വിനിമയ നിരക്ക്​. ഓൺലൈൻ ബാങ്കിങ്​ ഉപയോഗിച്ചവർക്ക്​ 20.50ന്​ മുകളിൽ ലഭിച്ചു. ശനിയാഴ്​ച റിയാലിന്​ 20.50 രൂപയാണ്​ വിനിമയ നിരക്ക്​.

മാസം ആദ്യമായതിനാൽ പ്രവാസികൾക്ക്​ ശമ്പളം കിട്ടിയ സമയം കൂടിയാണ്​. മൂല്യത്തിൽ കാര്യമായ വർധനവുണ്ടായതോടെ പ്രവാസികൾ​ കൂടുതൽ തുക നാട്ടിലേക്ക്​ അയക്കുന്നു. ഈ പ്രവണത അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് ധനവിനിമയ രംഗത്തുള്ളവർ നൽകുന്ന സൂചന. രണ്ടാഴ്​ച മുമ്പ്​ റിയാലിന്​ 20 രൂപയിൽ താഴെയായിരുന്നു വിനിമയ മൂല്യം.

രാജ്യാന്തര വിപണിയിൽ യു.എസ് ഡോളർ ശക്തി പ്രാപിക്കുന്നതും ക്രൂഡോയിൽ, സ്വർണ വില ഉയരുന്നതുമാണ് ഇന്ത്യ ഉൾപ്പെടെ തെക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കറൻസി മൂല്യം ഇടിയാൻ കാരണമായത്​. ഈവർഷം ഏപ്രിലിന് ശേഷം ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ഇന്ത്യൻ രൂപ എത്തിയിരിക്കുന്നത്. മുഴുവൻ ഗൾഫ് കറൻസികളുടെയും മൂല്യം കുത്തനെ ഉയർന്നിട്ടുണ്ട്. ഇന്ത്യ, പാകിസ്​താൻ, ഫിലിപ്പീൻസ്​, ബംഗ്ലാദേശ്​, ശ്രീലങ്ക, ഇന്തോനേഷ്യ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളാണ്​ കാര്യമായും ഇത്​ ഉപയോഗപ്പെടുത്തുന്നത്​. അവധി ദിവസം കൂടിയായതിനാൽ വെള്ളിയാഴ്​ച ദോഹയിലെ എല്ലാ മണി എക്സ്ചേഞ്ച്​ സ്​ഥാപനങ്ങളിലും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്​.