തൊഴിലാളികൾക്ക് ആശ്വാസമായി സോഷ്യൽ ഫോറം മെഗാ മെഡിക്കൽ ക്യാമ്പ്

qatar indian social foram
 ദോഹ: ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം നസീം മെഡിക്കൽ സെൻററുമായി സഹകരിച്ച് സി-റിങ് റോഡ് ബ്രാഞ്ചിൽ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ഡ്രൈവർമാർക്കും തൊഴിലാളികൾക്കും ആശ്വാസമായി. രാവിലെ ആറിന്​ തുടങ്ങിയ ക്യാമ്പ് ഉച്ച രണ്ടുവരെ നീണ്ടു. 800ലധികം പേർ പങ്കെടുത്തു. ഡ്രൈവർമാർ, തൊഴിലാളികൾ അടക്കം താഴ്ന്ന വരുമാനക്കാരെ ഉദ്ദേശിച്ച് നടത്തിയ പരിപാടിയിൽ രജിസ്​റ്റർ ചെയ്തവർക്ക് മാത്രമായിരുന്നു പ്രവേശനം. ബി.പി, ബി.എം.ഐ, ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്‌ട്രോൾ പരിശോധനകൾക്കു‌ശേഷം ജനറൽ മെഡിസിൻ, നേത്രരോഗം, ദന്ത രോഗം എന്നീ വിഭാഗങ്ങളുടെ ഡോക്ടർ കൻസൽേട്ടഷനും ആവശ്യമായവർക്ക് സൗജന്യമരുന്നും നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്കായി ഫോട്ടോഷൂട്ട് മത്സരവും സംഘടിപ്പിച്ചിരുന്നു. റേഡിയോ സുനോ, ടീ ടൈം എന്നിവരായിരുന്നു ഒഫീഷ്യൽ പാർട്ണർമാർ.