തബൂക്കിനു സമീപത്തെ ചെങ്കടലിൽ 600 വർഷം പഴക്കവുമുള്ള പവിഴപ്പുറ്റ്​ ശേഖരം കണ്ടെത്തി.

tabuk island
 

ജുബൈൽ : തബൂക്കിനു സമീപത്തെ  ചെങ്കടലിൽ അൽ-വഖാദി ദ്വീപിന് തെക്കു ഭാഗത്ത് 10 മീറ്ററിലധികം ഉയരവും 600 വർഷം പഴക്കവുമുള്ള പവിഴപ്പുറ്റ്​ ശേഖരം കണ്ടെത്തി.

സൗദി സമുദ്ര ശാസ്ത്രജ്ഞരും പരിസ്ഥിതി വിദഗ്‌ധരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കടലി​ൻ്റെ  അടിത്തട്ടിൽ ഇത്രയും വലിയ പവിഴപ്പുറ്റു നിറഞ്ഞ പ്രദേശം കണ്ടെത്തിയത്.  റെഡ്‌സീ ഡെവലപ്മെൻറ്​ കമ്പനിയാണ് ഈ കാര്യം അറിയിച്ചത്. 

പവിഴപ്പുറ്റി​ൻ്റെ  പുറം ഘടനയിൽ വർഷന്തോറും വളരുന്ന വളയങ്ങളുടെ അളവും എണ്ണവും അളന്നാണ് അവയുടെ പ്രായം കണക്കാക്കുന്നത്. പവിഴപ്പുറ്റുകളുടെ വളയങ്ങൾ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിലൂടെ ശാസ്ത്രജ്ഞർക്ക് മുൻ വർഷങ്ങളിലെ സമുദ്ര താപനിലയും ആ കാലഘട്ടത്തിലെ അതിൻ്റെ  രാസഘടനയും അറിയാൻ കഴിയും. തുടക്കത്തിൽ കടൽതീരത്തെ പാറയോട് ചേരുമ്പോഴാണ് അവയുടെ യഥാർഥ സൗന്ദര്യം രൂപപ്പെടുന്നത്. അതി​ൻ്റെ താഴ്ഭാഗം കട്ടിയുള്ള ചുണ്ണാമ്പുകല്ലുകൊണ്ടു നിർമിച്ചതാണ്.

ഏകദേശം നൂറോളം ഇനങ്ങളിലുള്ള‍ ഒച്ചുകൾ, നൂറു കണക്കിന് വിവിധ തരത്തിലുള്ള മത്സ്യങ്ങൾ, ചെറിയ സസ്യങ്ങൾ, വിവിധ തരത്തിലുള്ള കടൽക്കുതിരകൾ തുടങ്ങി ലക്ഷക്കണക്കിന്​ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.