സൗദിക്ക് പുറത്തുള്ള വിദേശികളുടെ റീഎൻട്രി കാലാവധി രണ്ട് മാസം മുമ്പ്​ കഴിഞ്ഞതാണെങ്കിൽ പുതുക്കാൻ സാധിക്കില്ല

New plan for foreign investment in Saudi Arabia

ജിദ്ദ: സൗദിക്ക് പുറത്തുള്ള വിദേശികളുടെ റീഎൻട്രി കാലാവധി രണ്ട് മാസം മുമ്പ്​ കഴിഞ്ഞതാണെങ്കിൽ ഇലക്‌ട്രോണിക് രീതിയിൽ പുതുക്കാൻ സാധിക്കില്ല.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷിർ പ്ലാറ്റ്ഫോം ട്വിറ്റർ വഴിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇഖാമ കാലാവധി ഉണ്ടായിരിക്കുകയും റീഎൻട്രി കാലാവധി രണ്ട് മാസത്തിൽ കൂടാതിരിക്കുകയും ചെയ്യുന്നവരുടെ റീഎൻട്രി വിസ കാലാവധി സൗദിയിൽ നിന്നും തൊഴിലാളികളുടെ സ്പോൺസർമാർക്ക് ഇലക്‌ട്രോണിക് സംവിധാനം മുഖേന പുതുക്കാൻ സാധിക്കും.

ഇങ്ങിനെ പുതുക്കുന്നതിന് സിംഗിൾ എക്‌സിറ്റ് റീ എൻട്രി വിസയാണെകിൽ ഒരു മാസത്തിന് 100 റിയാലും മൾട്ടിപ്പിൾ വിസയാണെകിൽ 200 റിയാലും ആദ്യം അടക്കണം. ആവശ്യത്തിന് പണം അടച്ചതിന് ശേഷം അബ്ഷിറിൽ പ്രവേശിച്ച് 'എംപ്ലോയ്മെന്റ്' എന്ന ഐക്കൺ തെരഞ്ഞെടുത്ത ശേഷം 'സർവീസ്' ഇനങ്ങളിൽ 'വിസ' സേവനം തെരഞ്ഞെടുത്ത ശേഷം റീഎൻട്രി നീട്ടേണ്ട ആളുടെ പേര് സെലക്റ്റ് ചെയ്‌ത്‌ നീട്ടാനുള്ള കാലാവധി തെരഞ്ഞെടുക്കണം. തൊഴിലാളി രാജ്യത്തിന് പുറത്താണെങ്കിൽ മാത്രമേ ഇത്തരത്തിൽ ഇലക്‌ട്രോണിക് രീതിയിൽ റീഎൻട്രി കാലാവധി നീട്ടാൻ സാധിക്കുകയുള്ളൂവെന്നും അബ്ഷിർ പ്ലാറ്റ്ഫോം അറിയിച്ചു.