കോവിഡ് 19: സൗദിയില്‍ ക്വാറന്റീന്‍ ലംഘിച്ച 238 പേര്‍ അറസ്റ്റില്‍

saudi police

റിയാദ്: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ച 238 കോവിഡ് രോഗികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പ്രാഥമിക നിയമനടപടികള്‍ക്ക് ശേഷം ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. അതേസമയം, രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പൊലീസ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് ബിന്‍ ശാര്‍ അല്‍ ഷെഹ്‌രി പറഞ്ഞു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  

സൗദി അറേബ്യയില്‍ ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിക്കുന്നത് രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയും രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിയമലംഘനത്തിന് വീണ്ടും പിടിക്കപ്പെട്ടാല്‍ ശിക്ഷ ഇരട്ടിയാവും.