സൈബർ തട്ടിപ്പിലൂടെ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

a
 

റിയാദ്: സൗദി അറേബ്യയിൽ(Saudi Arabia) സൈബർ തട്ടിപ്പിലൂടെ(Cyber fraud) ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ്(arrest) ചെയ്തു. സൗദി യുവാവും മൂന്നു പാക്കിസ്ഥാനികളുമാണ് അറസ്റ്റിലായത്. സൗദി യുവാവിനെ റിയാദിൽ നിന്നും പാക്കിസ്ഥാനികളെ ജിദ്ദയിൽ നിന്നുമാണ് പിടികൂടിയത്.  

കറൻസികളും ഓഹരികളും ക്രയവിക്രയങ്ങൾ ചെയ്യുന്നതിനുള്ള വ്യാജ ലിങ്കുകളും ഇതോടൊപ്പം ഇരകളുടെ വിശ്വാസം ആർജിക്കുന്നതിന് പ്രമുഖ ചാനലുകളുടെ ലോഗോകളും പ്രശസ്തരായ വ്യക്തികളുടെ ഫോട്ടോകളും അടങ്ങിയ പരസ്യങ്ങളും പ്രചരിപ്പിച്ച് ഇരകളുടെ വിവരങ്ങൾ കൈക്കലാക്കി ഇ-വക്കാലകൾ ഇഷ്യു ചെയ്ത് അവ ഉപയോഗിച്ച് ആളുകളുടെ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുകയാണ് സംഘം ചെയ്തിരുന്നത്. കൈക്കലാക്കുന്ന പണം വിദേശത്തെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു സംഘത്തിന്റെ പതിവ്.
തട്ടിപ്പുകൾ നടത്താൻ ആവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്തിരുന്നത് പാക്കിസ്ഥാനികളായിരുന്നു. സമാന രീതിയിൽ 70 ലക്ഷം റിയാൽ സംഘം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പുകൾക്ക് ഉപയോഗിച്ചിരുന്ന, പ്രാദേശിക ടെലികോം കമ്പനികളുടെ പേരിലുള്ള 1,159 സിം കാർഡുകളും 25 മൊബൈൽ ഫോണുകളും വിരലടയാള റീഡിംഗ് മെഷീനുകളും കംപ്യൂട്ടറുകളും പണവും പ്രതികളുടെ പക്കൽ കണ്ടെത്തി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.