2022 ഡാക്കര്‍ റാലിയില്‍ ഖത്തർ പൗരന് വിജയകിരീടം

Dakar ride
ജിദ്ദ: ഈ വര്‍ഷത്തെ സൗദി ഡാക്കര്‍ റാലിയില്‍ ഖത്തറി കാറോട്ട താരം നാസര്‍ അല്‍അത്വിയ കാര്‍ വിഭാഗത്തില്‍ ജേതാവായി​.12​​ ഘട്ടങ്ങളായാണ്​ മത്സരം നടന്നത്​. മത്സരത്തിന്‍റെ ആദ്യംഘട്ടം മുതലേ നാസര്‍ അല്‍അത്വിയ മുന്നിലായിരുന്നു. സെബാസ്റ്റ്യന്‍ ലോബിനെ 27 മിനിറ്റും 46 സെക്കന്‍ഡും വ്യത്യാസത്തില്‍ പിന്നിലാക്കിയാണ്​ അല്‍അത്വിയ വിജയകിരീടം ചൂടിയത്​. 

ഫ്രഞ്ച് താരം സെബാസ്റ്റ്യന്‍ ലോബ് രണ്ടാം സ്ഥാനവും സൗദി താരം യസീദ് അല്‍റാജ്ഹി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലാം തവണയാണ്​ നാസര്‍ അല്‍അത്വിയ ഡാക്കര്‍ റാലിയില്‍ കിരീടം നേടുന്നത്​. ഒരു മണിക്കൂര്‍ ഒരു മിനിട്ട്​ 13 സെക്കന്‍ഡിലാണ്​​ സൗദി യസീദ് അല്‍റാജ്ഹി മൂന്നാമതെത്തിയത്​.ലോകത്തിലെ ഏറ്റവും പ്രശസ്തവും അഭിമാനകരവുമായ മരുഭൂമി റാലിയുടെ ചരിത്രത്തി​ല്‍ പങ്കാളിത്തത്തില്‍ ഏറ്റവും വലിയ പതിപ്പാണ്​ 2022 ലെ സൗദി ഡാക്കാര്‍ റാലി. ലോകമെമ്പാടുമുള്ള 70 രാജ്യങ്ങളെ പ്രതിനിധീകരിച്ച്‌ 650 ലധികം പേരാണ്​ റാലിയില്‍ പ​​ങ്കെടുത്തത്​. വിവിധ വിഭാഗങ്ങളിലായി 430 വാഹനങ്ങളും ഡാകര്‍ ക്ലാസിക് വിഭാഗത്തില്‍ 148 വാഹനങ്ങളുമുണ്ടായിരുന്നു.

ബ്രിട്ടന്‍റെ 'ഗാസ്​ഗാസ്' റൈഡര്‍ സാം സണ്ടര്‍ലാന്‍ഡ് ആണ്​ ബൈക്ക്​ വിഭാഗത്തില്‍ ജേതാവ്​. ചിലിയന്‍ പാബ്ലോ ക്വിന്‍റാനിയ, ഓസ്ട്രിയന്‍ മത്തിയാസ് ഫോക്​നര്‍ എന്നിവരെ മറികടന്നാണ് സണ്ടര്‍ലാന്‍ഡ് വിജയ​ കിരീടം ചൂടിയത്​. ഇത്​ രണ്ടാം തവണയാണ്​ സാം സണ്ടര്‍ലാന്‍ഡ്​ കിരീടമണിയുന്നത്​. 2017 ഡാക്കര്‍ റാലിയിലായിരുന്നു ആദ്യം കിരീടം ചൂടിയിരുന്നത്.ട്രക്ക്​ വിഭാഗത്തില്‍ റഷ്യന്‍ കാമാസ്​ മാസ്​റ്റര്‍ ടീം ആണ്​ ജേതാക്കളായത്​. ജനുവരി രണ്ടിനാണ്​ ഡാക്കര്‍ റാലി ആരംഭിച്ചത്​. മത്സരത്തിന്‍റെ 12-ാമത്തെയും അവസാനത്തെയും ഘട്ടം ജിദ്ദയിലായിരുന്നു​. ബിഷ ഗവര്‍ണറേറ്റില്‍ നിന്ന് ജിദ്ദയിലേക്കുള്ള അവസാന ഘട്ടം 680 കിലോമീറ്റര്‍ ദൂത്തിലായിരുന്നു.