തിരക്ക് കുറയ്ക്കുന്നതിനായി നമസ്‌കാര സമയങ്ങളിൽ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി സൗദി

saudi

റിയാദ്: സൗദി അറേബ്യയില്‍ നമസ്‌കാര സമയങ്ങളില്‍ കടകളും വാണിജ്യ സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി. കോവിഡ് പശ്ചാത്തലത്തില്‍ വാണിജ്യ സ്ഥാപനങ്ങളിലെ തിരക്ക് കുറക്കുന്നതിനായാണ് കൂടുതൽ സമയം ലഭിക്കുന്നതിനായി നടപടി. കടക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. 

നമസ്‌കാര സമയങ്ങളില്‍ ഉള്‍പ്പെടെ പ്രവൃത്തി സമയങ്ങളിലുടനീളം വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നാണ് ഫെഡറേഷന്റെ നിര്‍ദേശത്തിലുള്ളത്. പ്രാര്‍ത്ഥനാ സമയങ്ങളില്‍ അടച്ചിട്ട് പിന്നീട് തുറക്കുമ്പോഴുള്ള കടകളിലെ തിരക്ക് ഒഴിവാക്കുകയും ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്താനും സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

ബന്ധപ്പെട്ട അധികാരികളുമായി ആവശ്യമായ ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്നും ഫെഡറേഷന്‍ സര്‍ക്കുലറില്‍ അറിയിച്ചു. അതേസമയം, കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും എത്തുന്നവര്‍ക്കും തൊഴിലാളികള്‍ക്കും സ്ഥാപനങ്ങളില്‍ നമസ്‌കാര സൗകര്യം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.