കോവിഡ്​ പ്രതിരോധ പ്രവർത്തനത്തിന്​ ഒ.​ഐ.സി അംഗരാജ്യങ്ങൾക്ക് 20 ദശലക്ഷം റിയാൽ സംഭാവന നൽകുമെന്ന്​ സൗദി അറേബ്യ

saudhi arabia

ജിദ്ദ: കോവിഡ്​ പ്രതിരോധ പ്രവർത്തനത്തിന്​ ഒ.​ഐ.സി അംഗരാജ്യങ്ങളിലെ അവികസിത രാജ്യങ്ങൾക്ക്​ 20 ദശലക്ഷം റിയാൽ സംഭാവന നൽകുമെന്ന്​ സൗദി അറേബ്യ.  ഇസ്​ലാമിക് കോഓപറേഷൻ ഓർഗനൈസേഷൻ (ഒ.ഐ.സി) ജനറൽ സെക്രട്ടേറിയറ്റ് ജിദ്ദയിലെ ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ്​​ സൗദി അറേബ്യയുടെ കാരുണ്യസഹായം പ്രഖ്യാപിച്ചത്​. അവികസിത രാജ്യങ്ങളിൽ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നടത്താൻ ഒ.​ഐ.സി ആവിഷ്​കരിച്ച സംരംഭത്തിനാണ്​​ സൗദിയുടെ സഹായം ഉപയോഗിക്കുക​.

ഫലസ്​തീൻ ഉൾപ്പെടെ 22 അംഗരാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർക്കും മുതിർന്ന പൗരന്മാർക്കുമാണ്​ ഈ സംരംഭത്തിലൂടെ പ്രതിരോധ വാക്​സിൻ നൽകുക. ഒ.​ഐ.സി സെക്രട്ടറി ജനറൽ  ഡോ. യൂസഫ് ബിൻ അഹമ്മദ് അൽഉതൈമീൻ പങ്കെടുത്ത  വാർത്തസമ്മേളനത്തിൽ ഒ.​ഐ.സിയിലെ സൗദി അറേബ്യൻ സ്ഥിരം പ്രതിനിധി ഡോ. സാലിഹ് ബിൻ ഹമദ് അൽസുഹൈബാനി, ജിദ്ദയിലെ കെ.എസ്​. റിലീഫ്​ സെൻറർ ഡയറക്ടർ ഡോ. അബ്​ദുല്ല മുഹമ്മദ് അൽസഹ്റാനിയും പങ്കെടുത്തു. ഇസ്​ലാമിക ഐക്യത്തെ ശക്തിപ്പെടുത്തുന്നതിനും മുസ്​ലിം ലോകത്തി​ൻ്റെ  പ്രയാസങ്ങൾക്ക്​ പരിഹാരം കാണുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു സംരംഭമെന്ന്​ ഒ.​ഐ.സി സെക്രട്ടറി ജനറൽ പറഞ്ഞു.

സൗദി അറേബ്യ നൽകിയ സംഭാവനയെ ഒ.​​ഐ.സി സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു. ഏറ്റവും അവികസിത രാജ്യങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകാനുള്ള ഒ.​ഐ.സിയുടെ ആഹ്വാനത്തോടുള്ള ആദ്യ പ്രതികരണമാണിത്​. സംരംഭത്തെ പിന്തുണക്കാൻ  മുന്നോട്ടുവന്ന സൽമാൻ രാജാവിനും കിരീടാവകാശിക്കും പ്രതിരോധ കുത്തിവെപ്പുകൾ ഏറ്റവും ആവശ്യമുള്ള രാജ്യങ്ങൾക്ക് സംഭാവന നൽകിയ മറ്റ്​ അംഗരാജ്യങ്ങൾക്കും സെക്രട്ടറി ജനറൽ നന്ദി പറഞ്ഞു.