സൗദിയിൽ പകർച്ചപ്പനി കൂടുമെന്ന് മുന്നറിയിപ്പ്; പ്രതിരോധ കുത്തിവെപ്പെടുക്കാൻ നിര്‍ദേശം

vaccination
 

റിയാദ്: സൗദി അറേബ്യയിൽ പകർച്ചപ്പനി കൂടുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. സുരക്ഷ കണക്കിലെടുത്ത് പ്രതിരോധ കുത്തിവെപ്പെടുക്കാൻ സ്വദേശികളോടും വിദേശികളോടും ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഇതിനകം അമ്പത് ലക്ഷത്തിലേറെ പേർ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ട്.

കാലാവസ്ഥ മാറ്റവും പകർച്ചപനി വർധിക്കാൻ കാരണമായേക്കും. ഡിസംബർ ഏഴ് മുതൽ മൂന്ന് മാസം രാജ്യത്ത് ശൈത്യകാലമാണ്. അതിനാൽ മുഴുവൻ പൗരന്മാരോടും താമസക്കാരോടും ഇൻഫ്ലുവൻസ പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. വാക്സിൻ തികച്ചും സുരക്ഷിതമാണ്.

ആരോഗ്യ കേന്ദ്രങ്ങളിൽ വെച്ച് സൗജന്യമായി കുത്തിവെപ്പെടുക്കാം. തിരക്കുള്ള സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കുക, ശുചിത്വം ഉറപ്പുവരുത്തുക, കൈകൾ സോപ്പിട്ട് കഴുകുക, കണ്ണും വായും മൂക്കും കൈകൊണ്ട് സ്പർശിക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

പകർച്ചപ്പനി വ്യത്യസ്ഥ രീതിയിലാണ് ആളുകളെ ബാധിക്കുക. അണുബാധയുണ്ടായാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരും. നിലവിൽ മറ്റു ആരോഗ്യ പ്രയാസമുള്ളവർക്ക് മരണം വരെ സംഭവിക്കുവാനും സാധ്യതയുണ്ട്. ആരോഗ്യമുളളവരും ജാഗ്രത പാലിക്കണം. 

കോവിഡ് മുൻകരുതൽ നടപടികൾ ലഘൂകരിച്ചതിനാൽ പകർച്ചപ്പനി വർധിക്കാനിടയുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു.