സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 3612 കുപ്പി മദ്യം സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു

z
 

റിയാദ്:   സൗദി അറേബ്യയിലേക്ക്  കടത്താൻ ശ്രമിച്ച 3612 കുപ്പി മദ്യം സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. ജിദ്ദ ഇസ്ലാമിക് പോർട്ട് വഴി എത്തിയ ഒരു കണ്ടെയ്‍നറിൽ ഒളിപ്പിച്ചായിരുന്നു ഇവ കൊണ്ടുവന്നത്. ഹൈ-ടെക് രീതിയിൽ ആർക്കും സംശയം തോന്നാത്ത വിധത്തിലാണ് മദ്യം കൊണ്ടുവന്നതെന്ന് കസ്റ്റംസ് അറിയിച്ചു.

തുറമുഖത്തെ സെക്യൂരിറ്റി സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിൽ തന്നെ അധികൃതർ മദ്യം കണ്ടെത്തുകയായിരുന്നു. ഇറക്കുമതി ചെയ്‍ത സാധനങ്ങൾ  സൗദി അറേബ്യയിൽ ഏറ്റുവാങ്ങാനെത്തിയ രണ്ട് പേരെ അധികൃതർ അറസ്റ്റ് ചെയ്‍തിട്ടുണ്ട്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ കർശന പരിശോധനയ്‍ക്ക് വിധേയമാക്കുന്നുണ്ടെന്ന് സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കള്ളക്കടത്തുകൾ തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.