തൊഴിലാളികൾക്ക് പുതിയ തൊഴിൽ നിയമങ്ങളുമായി യുഎഇ

UAE labour law
ദുബായ്:തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരംക്ഷണം നല്‍കുന്ന രീതിയില്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് യുഎഇ. കഴിഞ്ഞ ദിവസം യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമം പ്രവാസികള്‍ ഉള്‍പ്പെടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ്.1980ലെ എട്ടാം നമ്പര്‍ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് യുഎഇ പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്.

തൊഴില്‍ നിയമങ്ങള്‍ അന്താരാശഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നവീകരിക്കുന്നതിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മികച്ച പ്രൊഫഷനലുകളെ യുഎഇയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യവും പുതിയ തൊഴില്‍ നിയമത്തിനു പിന്നിലുണ്ട്.നവംബര്‍ 15ന് തിങ്കളാഴ്ച യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച 2021ലെ 33 നമ്പര്‍ നിയമം, ഫെഡറല്‍ സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും സ്വകാര്യ മേഖലയിലെ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് രൂപീകരിച്ചിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. 

വലിയ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തിന് അനുസൃതമായ ഒരു തൊഴില്‍ കമ്പോളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇ പുതിയ തൊഴില്‍ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് മനുഷ്യവിഭവ മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ അവാര്‍ അറിയിച്ചു. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ് നിയമമെന്നും അദ്ദേഹം പറഞ്ഞു.