2 വർഷത്തെ ഇടവേളയ്ക്കുശേഷം മാസ്കിടാതെ സ്കൂളിലെത്താൻ അബുദാബിയിലെ വിദ്യാർഥികൾക്ക് അനുമതി

indian school
 

അബുദാബി: 2 വർഷത്തെ ഇടവേളയ്ക്കുശേഷം മാസ്കിടാതെ സ്കൂളിലെത്താൻ അബുദാബിയിലെ വിദ്യാർഥികൾക്ക് അനുമതി. 85 ശതമാനത്തിൽ കൂടുതൽ വിദ്യാർഥികൾ വാക്സീൻ എടുത്ത ബ്ലൂ സ്കൂൾക്കാണ് ഇളവ്. കോവിഡ് നിയന്ത്രണങ്ങൾ റദ്ദാക്കിയ ഈ സ്കൂളുകളിൽ പഠനയാത്ര, ഇന്റർ-സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങൾ, അസംബ്ലികൾ എന്നിവ പുനഃസ്ഥാപിക്കാനും അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അനുമതി നൽകി. അൽഐനിലെ ഗ്രേസ് വാലി ഇന്ത്യൻ സ്കൂളാണ് ബ്ലൂ സ്കൂൾ പട്ടികയിൽ ആദ്യം ഇടംപിടിച്ച് ഇളവ് നേടിയത്. ഇവിടത്തെ വിദ്യാർഥികൾക്ക് ഇനി സ്കൂളിൽ മാസ്കും അകലവും വേണ്ട.

കോവിഡിനു മുൻപുള്ള അവസ്ഥയിൽ സ്കൂളിലെത്തി കൂട്ടുകാരുമായി സംവദിക്കാം. മാതൃകാപരമായ ഈ നേട്ടം കൈവരിച്ച സ്കൂളിനെയും വിദ്യാർഥികളെയും അഡെക് അഭിനന്ദിച്ചു.നിലവിൽ 1.07 ലക്ഷം വിദ്യാർഥികളാണ് വാക്സീൻ സ്വീകരിച്ചത്. ഇത് മൊത്തം വിദ്യാർഥികളുടെ 39% വരും. 12 വയസ്സിനു താഴെയുള്ള വിദ്യാർഥികളുടെ വാക്സീൻ നിരക്കിലും 2 ആഴ്ചയ്ക്കിടയിൽ ഇരട്ടി വർധനയുണ്ട്. കുട്ടികൾക്ക് വാക്‌സീൻ നൽകാൻ തയാറാണെന്ന് 52000 രക്ഷിതാക്കൾ കൂടി അഡെക് സർവേയിൽ സന്നദ്ധത അറിയിച്ചതോടെ വാക്സീൻ എടുക്കുന്ന വിദ്യാർഥികളുടെ എണ്ണം 59% ആയി ഉയരുമെന്നാണ് പ്രതീക്ഷ.

വിദ്യാർഥികളുടെ വാക്സീൻ തോതനുസരിച്ച് കളർകോഡ് നൽകി വേർതിരിച്ച് കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് നൽകുമെന്ന് അഡെക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാക്സീൻ എടുത്തവർ 50% താഴെയാെണങ്കിൽ ഓറഞ്ച്, 50-64% മഞ്ഞ, 65-84% പച്ച, 85% നീല എന്നിങ്ങനെ തരംതിരിച്ചാണ് ഇളവ് നൽകുക.