29,000 കോടി ദിർഹത്തിന്റെ ഫെഡറൽ ബജറ്റിന് മന്ത്രിസഭ അംഗീകാരം...

dubai
 

ദുബായ് ∙ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകി 5 വർഷത്തേക്കുള്ള 29,000 കോടി ദിർഹത്തിന്റെ ഫെഡറൽ ബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകി. വിവിധ പദ്ധതികൾക്കായി ആദ്യ വർഷം 5893.1 കോടി ചെലവഴിക്കും.

യുഎഇ സുവർണ ജൂബിലിയോടനുബന്ധിച്ചു നടപ്പാക്കുന്ന 50 സുപ്രധാന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സാമൂഹിക വികസനപദ്ധതികൾക്കായി ബജറ്റ് തുകയുടെ 41.2% വകയിരുത്തി

സൈബർ സുരക്ഷ ഉറപ്പാക്കാനുള്ള സമഗ്ര കർമപരിപാടികളും ലക്ഷ്യമിടുന്നു. ഡിജിറ്റൽ മേഖലയിൽ കൂടുതൽ പദ്ധതികൾക്കു രൂപം നൽകും. കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ ഒരു ലക്ഷം വിദഗ്ധരെ സജ്ജമാക്കി 5 വർഷത്തിനകം 1,000 ഡിജിറ്റൽ കമ്പനികൾക്കു തുടക്കം കുറിക്കാനുള്ള വൻപദ്ധതി സുവർണ ജൂബിലിയോടനുബന്ധിച്ചുള്ള കർമപരിപാടികളുടെ ഭാഗമാണ്.

എക്സ്പോ വേദിയിൽ നടന്ന യോഗത്തിൽ യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും പങ്കെടുത്തു