ട്രാഫിക് ജനറൽ വിഭാഗം സംഘടിപ്പിച്ച പെഡസ്ട്രിയൻ സേഫ്റ്റി ക്യാമ്പയിൻ ; യൂണിയൻ കോപിലെ 1,200 ജീവനക്കാർ പങ്കെടുത്തു

c
 

ദുബൈ: ദുബൈ പൊലീസിലെ(Dubai Police) ട്രാഫിക് ജനറൽ വിഭാഗം സംഘടിപ്പിച്ച പെഡസ്ട്രിയൻ സേഫ്റ്റി ക്യാമ്പയിൻ 2021ൽ(pedestrian safety campaign 2021) യൂണിയൻ കോപിലെ 1,200 ജീവനക്കാർ പങ്കെടുത്തു. പ്രാദേശികമായി നടത്തുന്ന ബോധവത്കരണ ക്യാമ്പയിനുകളിൽ പങ്കെടുക്കുക, ജീവനക്കാർക്കിടയിൽ നല്ല ഗതാഗത സംസ്‌കാരം ഉറപ്പാക്കുകയും സുരക്ഷിതമായ ഗതാഗത സംസ്‌കാരമുള്ള സമൂഹത്തിന്റെ ഭാഗമാകുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണിത്.

സ്ഥാപനത്തിലെ ജീവനക്കാരെ പഠിപ്പിക്കുന്നതിലൂടെ ഗതാഗത നിയമങ്ങളെ കുറിച്ച് അവബോധമുണർത്തുന്ന സംസ്‌കാരം വ്യാപിപ്പിക്കുകയാണ് ദുബൈ പൊലീസ് ലക്ഷ്യമാക്കുന്നത്. ഇതിലൂടെ കമ്മ്യൂണിറ്റി പൊലീസിങിന് പിന്തുണ നൽകുകയുമാണ്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചും അവിടങ്ങളിലെ ജീവനക്കാരെ ഗതാഗത നിയമങ്ങളിൽ ബോധവത്കരിച്ചും റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും വാഹനാപകടങ്ങൾ, പരിക്കുകൾ, മരണങ്ങൾ എന്നിവ കുറയ്ക്കാനുമുള്ള പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്.

പ്രമുഖ സ്ഥാപനങ്ങളും അധികൃതരുമായി സഹകരിച്ച് പ്രാദേശിക ബോധവത്കരണ ക്യാമ്പയിനുകളിൽ പങ്കെടുക്കുന്നതിൽ യൂണിയൻ കോപ് അതീവ ജാഗ്രത പുലർത്താറുണ്ടെന്ന് യൂണിയൻ കോപിന്റെ മാനവവിഭവ ശേഷി, സ്വദേശിവത്കരണ ഡയറക്ടർ അഹ്മദ് ബിൻ കെനൈദ് അൽ ഫലസി പറഞ്ഞു. പെഡസ്ട്രിയൻ സേഫ്റ്റി ക്യാമ്പയിൻ 2021ലെ യൂണിയൻ കോപിന്റെ പങ്കാളിത്തം, ജീവനക്കാരിൽ ഗതാഗത സംസ്‌കാരം വളർത്താനുള്ള സ്ഥിരമായ സമർപ്പണത്തിന്റെ ഭാഗമാണെന്നും കാൽനടയാത്രക്കാരുടെ സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണിതെന്നും ഇതുവഴി വാഹനാപകടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക പ്രതിബദ്ധത ശക്തമാക്കുകയാണ് ഈ ക്യാമ്പയിനിന്റെ പ്രാധാന്യമെന്നും ഇത് യൂണിയൻ കോപിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം വിശദമാക്കി.