യുഎഇയിൽ അധ്യാപക നിയമനം വീണ്ടും സജീവാകുന്നു

teacher
 

അബുദാബി:∙ യുഎഇയിൽ അധ്യാപക നിയമനം വീണ്ടും സജീവാകുന്നു. പ്രാദേശിക, വിദേശ സിലബസ് സ്കൂളുകളിലേക്ക് നിലവിൽ 400ൽ അധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  

വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ തൊഴിൽ സൈറ്റുകളിലൊന്നായ ടെസ് വെബ്സൈറ്റിലാണ് ഒഴിവുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജനുവരി മുതൽ ജോലിക്ക് കയറേണ്ടവയും പുതിയ വിദ്യാഭ്യാസ വർഷം ആരംഭിക്കുന്ന ഏപ്രിൽ (ഇന്ത്യൻ സിലബസ്), സെപ്റ്റംബർ (വിദേശ, പ്രാദേശിക സിലബസ്) മാസങ്ങളിലേക്കുള്ളവയും  ഇതിൽ ഉൾപ്പെടും. 

താലീം, ഇൻഡീഡ്, ഗൾഫ് ടാലന്റ് റിക്രൂട്ട്‌മെന്റ് എന്നീ സൈറ്റുകളും അധ്യാപക റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. ചില സ്കൂളുകൾ സ്വന്തം നിലയ്ക്കും നിയമനം നടത്തുന്നുണ്ട്. ജനുവരി മുതൽ യുഎഇയിലെ എല്ലാ സ്കൂളുകളും പൂർണമായും ഓഫ് ലൈൻ ആക്കുന്നതിനു മുന്നോടിയായാണ് കൂടുതൽ അധ്യാപകരെ നിയമിക്കുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ജെംസ് എജ്യുക്കേഷൻ, താലീം, അൽദാർ എന്നിവയുൾപ്പെടെ രാജ്യത്തെ പ്രധാന സ്കൂൾ ഗ്രൂപ്പുകളും പരസ്യം നൽകിയിട്ടുണ്ട്.  

അബുദാബിയിൽ പ്രൈമറി സ്കൂൾ അധ്യാപകരുടെയും ഒട്ടേറെ ഒഴിവുകളുണ്ട്. 

ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എമിറേറ്റുകളിലെ ഒഴിവുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിയമനം ലഭിക്കുന്ന അധ്യാപകർ അതത് എമിറേറ്റിലെ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം നേടണം. 

ദുബായിൽ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയുടെയും (കെഎച്ച്ഡിഎ) അബുദാബിയിൽ വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെയും (അഡെക്) അംഗീകാരം വേണം.

ഇന്ത്യൻ സ്കൂളുകൾ ശരാശരി 3000–6000 ദിർഹം വരെയും ബ്രിട്ടിഷ്, യുഎസ്, അറബിക് കരിക്കുലം സ്കൂളുകൾ 9,000–13000 ദിർഹം വരെയാണ് ശമ്പളം. ഇടത്തരം ഇന്ത്യൻ സ്കൂളിൽ 8,000–10,000 ദിർഹം വരെയും മികച്ച സ്കൂളുകളിൽ 13,000 ദിർഹം വരെയും ശമ്പളം ലഭിക്കും. 

വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്നവർക്ക് ശമ്പളത്തിനു പുറമെ താമസംകൂടി നൽകുമെന്ന് മലയാളികളുടെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ സ്കൂൾ അധികൃതർ അറിയിച്ചു.