ഗ്രീന്‍ വിസ പ്രഖ്യാപനം നടത്തി യുഎഇ

UAE announces green visa
 

അബുദാബി: പുതിയ 50 പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി ഗ്രീന്‍ വിസ പ്രഖ്യാപിച്ച്‌ യു.എ.ഇ. വാർത്താ സമ്മേളനത്തിൽ വിദേശ വാണിജ്യ സഹമന്ത്രി ഡോ. താനി അൽ സുവൈദിയാണ് പ്രഖ്യാപനം നടത്തിയത്.

പ്രൊഫഷണലുകള്‍ക്കും സംരംഭകര്‍ക്കുമാണ് ഗ്രീന്‍ വിസ ലഭിക്കുക. താമസ വിസ റദ്ദാക്കിയാല്‍ 90 മുതല്‍ 180 ദിവസം വരെ ഇവര്‍ക്ക് രാജ്യത്ത് തങ്ങാനുള്ള ഗ്രേസ് പിരീഡ് ലഭിക്കും.

ഗ്രീന്‍ വിസയുള്ളവര്‍ക്ക് അവരുടെ രക്ഷിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനൊപ്പം 25 വയസാകുന്നതുവരെ ആണ്‍മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം. നിലവില്‍ 18 വയസുവരെയാണ് ആണ്‍കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്.

സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഫ്രീലാന്‍സ് വിസയും നല്‍കും. വ്യവസായ മേഖലയുടെ വികാസം ലക്ഷ്യമിട്ട് എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്കിന് 5 ബില്യൺ ദിർഹത്തിന്റെ നിക്ഷേപം അനുവദിച്ചു. യു.എ.ഇ പൗരന്മാർക്ക് പ്രോജക്ടുകളെ പിന്തുണയ്ക്കുന്നതിന് എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്കിൽ നിന്ന് 1.36 ബില്യൺ ഡോളർ അനുവദിക്കും. പ്രതിവർഷം 40 ബില്യൺ ദിർഹത്തിന്റെ മൂല്യമുള്ള 8 ആഗോള വിപണികളിൽ ആഗോള സാമ്പത്തിക കരാറിനും തുടക്കം കുറിക്കും. ടെക് ഡ്രൈവ് പദ്ധതിക്കായി മൊത്തം 5 ബില്യൺ ദിർഹം അനുവദിക്കും. 550 ബില്യൺ ദിർഹത്തിന്റെ നിക്ഷേപം ആകർഷിക്കുന്നതിനായി അടുത്ത വർഷം ആദ്യം ആഗോള നിക്ഷേപ ഉച്ചകോടി നടത്താനും യു.എ.ഇ തീരുമാനിച്ചു.