കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎഇ

uae airport


അബുദാബി: കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎഇ. ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് പുതുതായി  യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റിയും ചേര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, 14 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും വിലക്ക് ബാധകമാണ്. ഇന്ന് മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ്, കാര്‍ഗോ വിമാനങ്ങള്‍ക്ക് ഇളവുകളുണ്ട്. യുഎഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍, സില്‍വര്‍ വിസ ഉടമകള്‍, ഔദ്യോഗിക പ്രതിനിധി സംഘത്തില്‍പ്പെടുന്നവര്‍, മുന്‍കൂര്‍ അനുമതിയുള്ള ബിസിനസുകാര്‍, സുപ്രധാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കും ഇളവ് ലഭിക്കും. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.  48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം, 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍, വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും രാജ്യത്ത് പ്രവേശിച്ച് നാലാമത്തെയും എട്ടാമത്തെയും ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തുകയും വേണം.