വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാസത്തിലൊരിക്കൽ പി.സി.ആർ ടെസ്​റ്റ്​ സൗജന്യമാക്കി യുഎഇ

test
 

അബുദാബി: യു.എ.ഇയില്‍ വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവർക്ക്​ പി.സി.ആര്‍ പരിശോധന സൗജന്യമാക്കി. ഓരോ മുപ്പത് ദിവസത്തിനിടയിലും​ പരിശോധന സൗജന്യമായി ലഭിക്കുമെന്ന്​ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അബൂദാബി അടക്കമുള്ള എമിറേറ്റുകളിൽ കൃത്യമായ ഇടവേളകളിൽ സ്​കൂളിൽ പ്രവേശിക്കുന്നതിന്​ പി.സി.ആർ പരിശോധന നടത്തണം. 12 വയസിന്​ മുകളിൽ പ്രായമുള്ളവർ വാക്​സിനെടുത്തവരല്ലെങ്കിൽ ക്ലാസിൽ ഹാജരാകുന്നതിന്​ എല്ലാ ആഴ്​ചയും പി.സി.ആർ എടുക്കേണ്ടതുണ്ട്​. വാക്​സിനെടുത്തവരും 12വയസിൽ താഴെയുള്ള വാക്​സിനെടുക്കാത്തവരും മാസത്തിലൊരിക്കൽ പി.സി.ആർ എടുക്കണം. സർക്കാർ സ്​കൂളുകളിലെ വിദ്യാർത്ഥികൾക്ക്​ മാത്രമാണ്​ പ്രോ​ട്ടോകോൾ ബാധകമായിട്ടുള്ളത്​.

ദുബൈയിൽ സ്​കൂൾ പ്രവേശനത്തിന്​ വാക്​സിൻ സ്വീകരിക്കണ​മെന്നോ നി​ശ്​ചിത ഇടവേളകളിൽ പി.സി.ആർ പരിശോധന നടത്തണമെന്നോ മാനദണ്ഡമല്ല. സ്​കൂൾ തുറക്കുന്നതിന്​ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ വിവിധ എമിറേറ്റുകൾക്ക്​ വിദ്യാഭ്യാസ വകുപ്പ്​ അനുവാദം നൽകിയിരുന്നു. നിലവിൽ യു.എ.ഇയി​ലെ 90ശതമാനം വിദ്യാഭ്യാസ രംഗത്തെ ജീവനക്കാരും വാക്​സിൻ സ്വീകരിച്ചിട്ടുണ്ട്​.