ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍; സെമിനാർ സംഘടിപ്പിച്ച് കിംസ്ഹെല്‍ത്ത്

kims hospital trivandrum

തിരുവനന്തപുരം: സെപ്റ്റംബര്‍ 22, 2022: ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന വിഷയത്തില്‍ സെമിനാർ സംഘടിപ്പിച്ച് കിംസ്ഹെല്‍ത്ത് തിരുവനന്തപുരം. ഡെവലപ്പ്‌മെന്റല്‍ പീഡിയാട്രിക്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ, അമേരിക്കയിൽ ഓട്ടിസം റിസേര്‍ച്ചറും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രൊഫസറുമായ കാതറിന്‍ ലോര്‍ഡ് മുഖ്യ പ്രഭാഷകയായി. എഫക്ടീവ്‌നസ് ഓഫ് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ ഇന്‍ ഓട്ടിസം, നാഷണല്‍ റിസേര്‍ച്ച് കൗണ്‍സില്‍സ് കമ്മിറ്റിയുടെ നേതൃസ്ഥാനം അലങ്കരിക്കുന്ന കാതറിന്‍ ലോര്‍ഡ്‌, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ഡി.എസ്.എം ഫൈവ് ന്യൂറോ ഡെവലപ്പ്‌മെന്റല്‍ ഡിസോര്‍ഡര്‍ കമ്മിറ്റി അംഗവുമാണ്. 

ഓട്ടിസം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സെമിനാറുമായി കിംസ്‌ഹെല്‍ത്ത് മുന്നോട്ട് വന്നത്. ഓട്ടിസം ചികിത്സയിലെ വെല്ലുവിളികളെപ്പറ്റി വിശദമായി ചര്‍ച്ചചെയ്ത സെമിനാറില്‍, ഓട്ടിസം ബാധിച്ചവരെ ചികിത്സിക്കുന്നതിന്റെ വിവിധ രീതികളും ഘട്ടങ്ങളും കാതറിന്‍ ലോര്‍ഡ് വിശദീകരിച്ചു. മറ്റുള്ള രോഗങ്ങള്‍ ചികിത്സിക്കുന്നത് പോലെ ഓട്ടിസത്തെയും കാണണമെന്നും മനുഷ്യര്‍ ഓരോരുത്തരും വ്യത്യസ്തരായിരിക്കുന്നത് പോലെ തന്നെ ഓട്ടിസം ബാധിതരെയും സമൂഹം അംഗീകരിക്കണമെന്നും അവര്‍ പറഞ്ഞു. ഓട്ടിസം ബാധിതരുടെ പെരുമാറ്റത്തിലും, കാര്യങ്ങള്‍ മനസിലാക്കുന്നതിലുമാണ് കൂടുതല്‍ ശ്രദ്ധ കൊടുത്ത് ചികിത്സിക്കേണ്ടത്. നേരത്തേ ഓട്ടിസം തിരിച്ചറിഞ്ഞ് ചികിത്സിക്കാനായാല്‍ ഓട്ടിസം ബാധിച്ചവരെ വലിയ രീതിയില്‍ മുന്നോട്ട് കൊണ്ടുവരാനാകും. വൈകി ചികിത്സ തുടങ്ങിയവരെ അപേക്ഷിച്ച് നേരത്തേ ചികിത്സിക്കുന്നവരിലാണ് ചികിത്സ ഫലം കാണുന്നതെന്ന് തന്റെ പഠന റിപ്പോര്‍ട്ട് ഉദ്ധരിച്ച് കാതറിന്‍ ലോര്‍ഡ് പറഞ്ഞു. ഭാഷയിലും, കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതിലും ഓട്ടിസം ബാധിതരെ പ്രാപ്തരാക്കുന്നത് അവരുടെ രോഗതീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്നും തന്റെ പഠന റിപ്പോര്‍ട്ടുകളിലൂടെ ലോര്‍ഡ്‌ കൂട്ടിച്ചേർത്തു. 

ഡോ. എം.ഐ സഹദുള്ള, ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടർ, കിംസ്ഹെല്‍ത്ത്, ജി.വിജയരാഘവന്‍, ഫൗണ്ടർ സിഇഒ, ടെക്നോപാർക്ക്,  ഡോ. ബാബു ജോര്‍ജ്, സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഡെവലപ്പ്‌മെന്റല്‍ & ബിഹേവിയറൽ പീഡിയാട്രിക്സ്, ഡോ. ജമീല കെ. വാര്യര്‍, കോഓർഡിനേറ്റർ & കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ് എന്നിവരും സംസാരിച്ചു.