മെലിഞ്ഞവര്‍ക്ക് കൊളസ്‌ട്രോള്‍ വരുമോ?

cholestrol
 ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ ഘടകമാണ് കൊളസ്‌ട്രോള്‍.തെറ്റായ ജീവിതരീതികള്‍ കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കും . പ്രമേഹം, അമിതവണ്ണം, അമിത ബി.പി. തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരില്‍ കൊളസ്‌ട്രോള്‍ നില ഉയരുന്നത്ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതൽ വഷളാക്കാറുണ്ട്. രക്തത്തിലൂടെയാണ് കൊളസ്‌ട്രോള്‍ കോശങ്ങളിലെത്തുന്നത്. കൊളസ്‌ട്രോള്‍ രക്തത്തില്‍ ലയിക്കില്ല. കോശനിര്‍മാണമുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ ആവശ്യമാണ്. 

അമിതഭാരമുള്ളവര്‍ക്കു മാത്രം കൊളസ്‌ട്രോള്‍ കൂടുമെന്നും മെലിഞ്ഞവര്‍ക്ക് കൊളസ്‌ട്രോള്‍ നോര്‍മലായിരിക്കുമെന്നും പറയുന്നത് ശരിയല്ല. എന്നാല്‍, അമിതഭാരമുള്ളവര്‍ക്ക് കൊളസ്‌ട്രോളിന്റെ അളവ് കൂടാനുള്ള സാധ്യത അധികമാണ്. മെലിഞ്ഞ ശരീരപ്രകൃതിയുള്ള നിരവധി ആളുകളില്‍ കൊളസ്‌ട്രോള്‍ കൂടിയ അളവില്‍ കണ്ടുവരാറുണ്ട്. പെട്ടെന്ന് തടിയും തൂക്കവും കൂടുന്നവരില്‍ കൊളസ്‌ട്രോള്‍ കൂടാനുള്ള സാധ്യത അധികമാണ്. അത്തരക്കാരിൽ  വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ മാത്രമല്ല ചോറിന്റെയും പഞ്ചസാരയുടെയും അളവ് കൂടുന്നതും പച്ചക്കറികളുടെ അളവ് കുറയുന്നതും കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ കാരണമാകും. ചോറിന്റെ അളവ് കുറച്ച് പച്ചക്കറികളുടെയും പഴങ്ങളുടെയും അളവ് ഭക്ഷണത്തില്‍ കൂട്ടണം.

കൊളസ്‌ട്രോള്‍ കൂടുതലാവുന്ന ചെറുപ്പക്കാര്‍ക്ക് മരുന്നുകള്‍ ആദ്യം നിര്‍ദേശിക്കാറില്ല. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന്റെ ആദ്യഘട്ടം ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമവുമാണ്. അതിനുശേഷം മാത്രമേ മരുന്നുകള്‍ നിര്‍ദേശിക്കാറുള്ളൂ.പുകവലിയുള്ളവര്‍, പ്രമേഹമുള്ളവര്‍, 40 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് കൊളസ്‌ട്രോള്‍ വരാന്‍ സാധ്യത കൂടുതലാണ്. അങ്ങനെയുള്ളവര്‍ കൊളസ്‌ട്രോളിനെ ഏറെ ശ്രദ്ധിക്കണം. 

കുട്ടികളിലും ഇപ്പോള്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില കാണാന്‍ തുടങ്ങിയിട്ടുണ്ട്. ജീവിതരീതിയില്‍ വന്ന മാറ്റങ്ങളാണ് ഇതിന് കാരണം. കുട്ടികളില്‍ കൊളസ്‌ട്രോള്‍ വര്‍ധിച്ചാല്‍ മരുന്നിനെ ആശ്രയിക്കാറില്ല. അവരുടെ നിലവിലെ ജീവിതശൈലി ആരോഗ്യകരമാക്കിയാല്‍ത്തന്നെ കൊളസ്‌ട്രോള്‍ നില നോര്‍മലാകും. കുട്ടികളില്‍ കൊളസ്‌ട്രോള്‍ നില ഉയരുന്നത് അവര്‍ക്ക് ഭാവിയില്‍ പല രോഗങ്ങളും വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.