വളരെ കുറഞ്ഞ ചെലവിൽ വ്യായാമം ചെയ്യാം; സ്കിപ്പിങ്ങിലൂടെ ആരോഗ്യം നേടാം

skipping
 ഒരു നല്ല വ്യായാമം എന്ന നിലയ്ക്ക്  സ്കിപ്പിംഗിന് ഇന്ന് പ്രാധാന്യം ഏറെയാണ്‌.  ഫിറ്റ്നസ് സെന്ററുകളിൽ പോകാൻ സമയവും സൗകര്യവും ഇല്ലാത്തവര്‍ക്ക് വളരെ കുറഞ്ഞ  ചിലവില്‍  ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഉപായമാണ് സ്കിപ്പിംഗ്.  ഫിറ്റ്നസുമായി ബന്ധപ്പെട്ട് സ്കിപ്പിംഗ്ഏറെ  സഹായകമാണ്.

ഇതു മികച്ച ഒരു കാർഡിയോ എക്സർസൈസ് ആണ്. ശരീരം മുഴുവൻ എപ്പോഴും ആക്റ്റിവ് ആയി നിലനിർത്താൻ ഇത് സഹായിക്കും.  സ്കിപ്പിംഗ് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ അറിയാം. 

ദിവസവും അര മണിക്കൂര്‍ സ്കിപ്പിംഗ് ചെയ്യുന്നത് ശരീരത്തിന് മുഴുവന്‍ ഊര്‍ജ്ജം നല്‍കും.  
ഹൃദയാരോഗ്യത്തിന് മികച്ചത്

സ്കിപ്പിംഗ്  ഒരു  മികച്ച കാർഡിയോ എക്സർസൈസ് ആണ്. ഹൃദയത്തിന്‍റെ പ്രവർത്തനങ്ങളെ സുഗമമാക്കാൻ ഇത് സഹായിയ്ക്കും. ഹൃദയത്തെ കരുത്തുള്ളതാക്കി മാറ്റുന്നത് കൂടാതെ,  ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതകൾ ഒഴിവാക്കാനും സ്കിപ്പിംഗ് സഹായിയ്ക്കും.

സ്കിപ്പിംഗ് ശരീരത്തിന്‍റെ ബാലന്‍സും കരുത്തും വര്‍ദ്ധിപ്പിക്കും.

ശരീരത്തിന്‍റെ കരുത്തും ബാലന്‍സും മെച്ചപ്പെടുത്താൻ  സ്കിപ്പിംഗ് സഹായിയ്ക്കും.  
അല്പം ശ്രദ്ധയോടെയും എകാഗ്രതയുള്ള മനസോടെയും മാത്രമേ സ്കിപ്പിംഗ് കൃത്യമായി ചെയ്യാൻ സാധിക്കൂ. സ്കിപ്പിംഗ് പതിവായിചെയ്യുന്നതുവഴി ശരീരത്തിന്‍റെ ബാലൻസ് മെച്ചപ്പെടും. കൂടാതെ ദിവസവും 15  മിനിറ്റെങ്കിലും സ്കിപ്പിംഗ് ചെയ്യുന്നതിലൂടെ പേശികള്‍  ദൃഡമാകുകയും ശരീരത്തിന് കൂടുതല്‍ കരുത്ത് ലഭിക്കുകയും ചെയ്യും.

skipping

കലോറി കുറയ്ക്കാന്‍ സഹായിക്കുന്നു

സ്കിപ്പിംഗ് സ്ത്രീകളിലും പുരുഷന്മാരിലും മിനിറ്റിൽ 25 മുതൽ 30 വരെ കിലോ കലോറി കുറയ്ക്കാന്‍ സഹായകമാണ്.  അതായത് വെറും അര മണിക്കൂറിനുള്ളില്‍  600 കിലോ കലോറി വരെ ഇല്ലാതാക്കാന്‍ സാധിക്കും. 

ഏകാഗ്രത കൂട്ടും

സ്കിപ്പിംഗ് ചെയ്യുന്ന സമയത്ത് ഏകാഗ്രത ഇല്ല എങ്കില്‍ ചിലപ്പോള്‍ അടിതെറ്റി വീഴാം. എന്നാല്‍, സ്കിപ്പിംഗ് ഒരു ശീലമാക്കുന്നതോടെ നിങ്ങളുടെ ഏകാഗ്രത വർദ്ധിക്കുകയും ബുദ്ധി, ഓര്‍മ്മശക്തി  നിലവാരം മികച്ചതാകുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  

വ്യായാമത്തിന്‍റെ ഏറ്റവും ലളിതമായ രൂപങ്ങളിലൊന്നാണെങ്കിലും, സ്കിപ്പിംഗിന്‍റെ ഗുണങ്ങളും പ്രയോജനങ്ങളും  മികച്ചതാണ്.  15 മിനിറ്റില്‍ ഇത്രയേറെ പ്രയോജനങ്ങള്‍ നല്‍കുന്ന ഈ വ്യയാമത്തെ ദിനചര്യയുടെ ഭാഗമാക്കാം.