10 വയസ്സുകാരനിൽ അപൂർവ ജന്തുജന്യ രോഗം കണ്ടെത്തി

disease

ഉത്തർപ്രദേശിലെ പത്തുവയസ്സുകാരനിൽ അപൂർവ ജന്തുജന്യ രോഗം സ്ഥിരീകരിച്ചു. തുടർച്ചയായി ഒൻപത് മാസം ചുമയ്ക്കുകയും കഫം തുപ്പുകയും ചെയ്തതിനാൽ ക്ഷയം ആണെന്ന് തെറ്റിദ്ധരിച്ചു. ഒൻപത് മാസത്തോളം ഇതിനു ചികിത്സിച്ച ശേഷമാണ് കുട്ടിയിൽ അപൂർവ രോഗം ആണെന്ന് തിരിച്ചറിഞ്ഞത്. ജന്തുക്കളിൽ നിന്ന് പകർന്ന അണുക്കൾ കുട്ടിയുടെ കരളിലും ശ്വാസകോശത്തിലും ഒന്നിലധികം  മുഴകൾ ഉണ്ടാക്കിയിരുന്നു.

മുംബൈയിലെ വോക്ഹാർട്ട് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ ഈ മുഴകൾ നീക്കം ചെയ്തു. 12 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം കുട്ടി രോഗം ഭേദമായി വീട്ടിലെത്തി. ഗ്രാമത്തിലെ നായ്ക്കളും ആടുകളുമായി കുട്ടി അടുത്ത് ഇടപഴകിയിരുന്നതായി ഡോക്ടർമാർ പറയുന്നു. ഈ വഴിയാകാം അണുക്കൾ കുട്ടിയുടെ ഉള്ളിൽ എത്തിയത്. ശരീരത്തിലെത്തിയ അണുക്കൾ കുടലിലേക്കും കരളിലേക്കും ശ്വാസകോശത്തിലേക്കും സഞ്ചരിച്ച് അതിന്റെ ജീവിതചക്രം പൂർത്തിയാക്കി ഹൈഡാറ്റിഡ് സിസ്ററ് എന്ന മുഴ ഉണ്ടാക്കി. ഈ വലിയ മുഴ വേറെയും ചെറിയ മുഴകൾ കരളിലും ശ്വാസകോശത്തിലുമായി ഉണ്ടാക്കി.

ശസ്ത്രക്രിയയുടെ ഭാഗമായി കരളിന്റെ ഒരുഭാഗവും വലത് ശ്വാസകോശവും നീക്കം ചെയ്തു. മൂന്നു മാസത്തെ തുടർച്ചയായ ചികിത്സയ്ക്ക് ശേഷം പിന്നീട് വർഷാവർഷം സിടി സ്കാൻ പോലുള്ള പരിശോധനകൾ കുട്ടിക്ക് വേണ്ടി വരും.  അഞ്ചുവർഷത്തേക്ക് എങ്കിലും തുടർ പരിശോധനകൾ വേണ്ടി വരുമെന്നും മുഴകൾ ഇനിയും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും  ഡോക്ടർമാർ വ്യക്തമാക്കി.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗങ്ങൾ തടയാനായി ഇടയ്ക്കിടെ കൈകൾ നന്നായി സോപ്പിട്ട് കഴുകി വൃത്തിയാക്കുക,പച്ചക്കറികളും പഴങ്ങളും കിഴങ്ങുകളുമൊക്കെ കഴിക്കുന്നതിനുമുമ്പ് നന്നായി കഴുകി വൃത്തിയാക്കുക ,മൃഗങ്ങളിൽ നിന്നുള്ള കടിയും മാന്തും ഒഴിവാക്കുക,വളർത്തുമൃഗങ്ങൾക്ക് കുത്തിവെയ്പ്പ് നൽകുകയും ഇടയ്ക്കിടെ വെറ്റിനറി ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുകയും ചെയ്യുക,മൃഗങ്ങളുമായി അടുത്ത് ഇടപഴകുമ്പോൾ കഴിക്കുകയോ കുടിക്കുകയോ കണ്ണിലോ വായിലോ സ്പർശിക്കുകയോ ചെയ്യാതിരിക്കുക, രോഗമുള്ള മൃഗങ്ങളെ പരിചരിക്കുമ്പോൾ നിർബന്ധമായും ഗ്ലൗസ് ഉപയോഗിക്കുക,മൃഗങ്ങളെ പാർപ്പിക്കുന്ന ഇടം വൃത്തിയായി സൂക്ഷിക്കുക.