മദ്യപാനം കാൻസർ സാധ്യത കൂട്ടും

alcohol

ലോകത്ത് ഏറ്റവുമധികം പേരുടെ മരണത്തിന് കാരണമാകുന്ന അസുഖങ്ങളിൽ ഒന്നാണ് കാൻസർ. കാൻസർ വരാൻ നിരവധി കാരണങ്ങളുണ്ട്. ഭക്ഷണ രീതിയാണ് കാൻസർ സാധ്യത കൂട്ടുന്ന പ്രധാനഘടകങ്ങളിലൊന്ന്. അതുപോലെ മറ്റൊരു കാരണമാണ് മദ്യപാനമാണ്.

2020 ലെ കാൻസർ കേസുകളിൽ നാലു ശതമാനം മദ്യപാനം മൂലമാണെന്ന് ലാൻസെറ്റ് ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 7,41,300 പേർക്കാണ് 2020 ൽ മദ്യപാന ശീലം മൂലം കാൻസർ ബാധിച്ചത്. ഇവരിൽ 5,68,000 പേർ പുരുഷന്മാരും 1,72,600 പേർ സ്ത്രീകളും ആയിരുന്നു. 2000-2020 കാലഘട്ടത്തിലെ കാൻസർ കേസുകളിൽ 39.4 ശതമാനത്തിനും മദ്യപാനം മൂലമാണ് രോഗം ബാധിച്ചത്.

 ദിവസം 20 മുതൽ 60 ഗ്രാം വരെ അതായത് 2 മുതൽ 6  വരെ ഡ്രിങ്ക്സ് കഴിച്ചവർക്കാണ് കാൻസർ ബാധിച്ചത്. 
മിതമായ അളവിൽ അതായത് ദിവസം രണ്ട് ഡ്രിങ്ക്സ് (20 ഗ്രാമോ അതിൽ കുറവോ) വരെ കഴിച്ചവരിൽ ഏഴിൽ ഒരാൾക്ക് വീതം കാൻസർ ബാധിച്ചു. ദിവസം 30 മുതൽ 50 ഗ്രാം വരെ മദ്യം ഉപയോഗിച്ച പുരുഷന്മാരിലും 10 മുതൽ 30 ഗ്രാം വരെ മദ്യം ഉപയോഗിച്ച സ്ത്രീകളിലും ആയിരുന്നു കൂടുതലും കാൻസർ ബാധിച്ചത്. മദ്യപാനം കാൻസർ സാധ്യത കൂട്ടും എന്നതിനെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കേണ്ടതുണ്ട്. 

മദ്യം കഴിക്കുമ്പോൾ, ശരീരം അതിനെ വിഘടിപ്പിച്ച് അസെറ്റാൽഡിഹൈഡ് എന്ന രാസവസ്‌തു ആക്കുന്നു. ഇത് ഡിഎൻഎ യെ തകരാറിലാക്കുകയും, ഈ തകരാർ പരിഹരിക്കുന്നതിൽ നിന്നും ശരീരത്തെ തടയുകയും ചെയ്യുന്നു. ഒരു കോശത്തിന്റെ വളർച്ചയെയും പ്രവർത്തനത്തെയും നിയന്ത്രിക്കുന്നത് ഡിഎൻഎ ആണ്. ഡിഎൻഎ യ്ക്ക് തകരാർ സംഭവിക്കുമ്പോൾ കോശം അനിയന്ത്രിതമായി വളരാൻ തുടങ്ങുകയും കാൻസർ ട്യൂമർ ഉണ്ടാകുകയും ചെയ്യും. 

മദ്യപിക്കുന്നത് വായ, തൊണ്ട, ലാരിങ്സ്, ഈസോഫാഗസ്, മലാശയം, മലദ്വാരം, കരൾ, സ്‌തനം എന്നിവിടങ്ങളിലെ കാൻസറിനുള്ള സാധ്യത കൂട്ടുന്നു. എല്ലാത്തരം മദ്യവും രോഗസാധ്യത കൂട്ടും എന്നതിനാൽ മിതമായ അളവിൽ മാത്രമേ മദ്യം ഉപയോഗിക്കാവൂ. ദിവസം ഒന്നോ രണ്ടോ ഡ്രിങ്ക്സിലധികം കുടിക്കരുത്. 

അമിതമായ മദ്യോപയോഗം കാൻസർ സാധ്യത മാത്രമല്ല ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യതയും കൂട്ടും. കൂടാതെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ദുർബലമാക്കാനും, വിഷാദം, ഉത്കണ്ഠ, ഓർമശക്തിക്കുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയ്ക്കും മദ്യപാനം കാരണമാകും.