ലോകത്ത് ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ഓരോ വർഷവും 17.9 ദശലക്ഷം പേരാണ് മരിക്കുന്നത്. ദിവസവും ഇലക്കറികൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും എന്നാണ് പുതിയ പഠനത്തിൽ തെളിഞ്ഞത്. എഡിത്ത് കോവാൻ സർവകലാശാല, ഡാനിഷ് കാൻസർ സൊസൈറ്റി, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ എന്നിവയുമായി ചേർന്നു നടത്തിയ ഈ പഠനം യൂറോപ്യൻ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ചു.
ഡെന്മാർക്കിലെ 50,000 പേരിൽ 23 വർഷക്കാലം നടത്തിയ പഠനത്തിലെ വിവരങ്ങൾ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. ന്യൂ എഡിത്ത് കോവാൻ യൂണിവേഴ്സിറ്റി (ECU) ഗവേഷകരാണ് നൈട്രേറ്റ് ധാരാളം അടങ്ങിയ ഒരു കപ്പ് പച്ചക്കറികൾ ദിവസവും കഴിക്കുന്നത് ഹൃദ്രോഗസാധ്യത ഗണ്യമായി കുറയ്ക്കാമെന്ന് കണ്ടെത്തിയത്. ദിവസവും ഇലക്കറികൾ കഴിച്ചവർക്ക് സിസ്റ്റോളിക് ബ്ളഡ് പ്രഷർ 2.5 mmHg കുറയ്ക്കാനും ഇതു വഴി ഹൃദ്രോഗം വരാനുള്ള സാധ്യത 12 മുതൽ 26 ശതമാനം വരെ കുറയ്ക്കാനും ആയി.
കാലുകളിലെ രക്തക്കുഴലുകൾ ഇടുങ്ങുന്ന പെരിഫെറൽ ആർട്ടറി ഡിസീസ് സാധ്യതയാണ് ഏറ്റവും കുറഞ്ഞത് (26 %) ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയ തകരാറ് ഇവയ്ക്കുള്ള സാധ്യതയും ഇലക്കറികൾ കഴിക്കുന്നവർക്ക് കുറവാണെന്നു കണ്ടു. കൂടാതെ പേശികളെ ശക്തിപ്പെടുത്താനും ഇലക്കറികൾ സഹായിക്കുമെന്ന് കണ്ടു. പച്ച നിറമുള്ള ഇലക്കറികളിൽ നൈട്രേറ്റ് ധാരാളമുണ്ട്. ഇവ പകുതി വേവിച്ചും വേവിക്കാതെയും കഴിക്കാം. എന്നാൽ ഇവ ജ്യൂസ് ആക്കി കഴിക്കരുത്. പൾപ്പും ഫൈബറും നഷ്ടപ്പെടാൻ ഇടയാക്കും.
Comments