അണ്ഡാശയ കാന്‍സര്‍ എങ്ങനെ തിരിച്ചറിയാം

cancer

പൊതുവെ സ്ത്രീകളില്‍ കണ്ട് വരുന്ന കാന്‍സറുകളിലൊന്നാണ് അണ്ഡാശയ കാന്‍സര്‍. രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമായതു കൊണ്ട് തന്നെ  പലപ്പോഴും അണ്ഡാശയ കാന്‍സര്‍ കണ്ടുപിടിക്കാന്‍ വൈകാറുണ്ട്. തുടക്കത്തില്‍ വലിയ തരത്തിലുള്ള ലക്ഷണങ്ങളൊന്നും പ്രകടമാകില്ലെങ്കിലും, അണ്ഡാശയത്തെയും, ഗര്‍ഭപാത്രത്തെയും ബാധിക്കുന്ന ഒവേറിയന്‍ കാന്‍സര്‍ ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകുന്ന അസുഖം തന്നെയാണ്.

വയറു വീര്‍ത്തിരിക്കുക, ക്രമം തെറ്റിയ ആര്‍ത്തവം, വയറു വേദന, ആര്‍ത്തവസമയത്തെ അസാധാരണ വേദന, ബന്ധപ്പെടുന്ന സമയത്തെ വേദന, അടിക്കടി മൂത്രമൊഴിക്കുക, കാലില്‍ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മുടി കൊഴിച്ചില്‍ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങളായി പറയുന്നത്. 

ഇത്തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. അതേസമയം, അണ്ഡാശയ ക്യാന്‍സര്‍ ഏത് പ്രായത്തിലും വരാം. കാന്‍സറിന്റെ ആദ്യ ഘട്ടത്തില്‍ പെട്ടെന്നു തന്നെ അത് ചികിത്സിച്ച് മാറ്റാം. എന്നാല്‍ അത് മറ്റു ഭാഗങ്ങളിലേക്ക് ബാധിച്ചാല്‍ ചികിത്സ പ്രയാസകരമാകും. വയറിനുള്ളില്‍ മുഴകള്‍ വളര്‍ന്നുവരുന്ന അവസ്ഥയായതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവാന്‍ സമയമെടുക്കും. അള്‍ട്രാസൗണ്ട് സ്‌കാനിങ് നടത്തി രോഗനിര്‍ണ്ണയം നടത്തുകയും ചെയ്യാം. വിദഗ്ധ പരിശോധനയ്ക്കായി സി.ടി സ്‌കാനും എം.ആര്‍.ഐ സ്‌കാനും നടത്താം.