ന്യൂഡല്‍ഹി: കോവിഡ്, ഒമിക്രോണ്‍ വ്യാപനത്തിടെ ആരോഗ്യപ്രവര്‍ത്തകരും അതിനിരയാവുകയാണ്. കോവിഡ് ബാധിച്ചത് ആരോഗ്യമേഖലയെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നു.ബിഹാര്‍ നളന്ദ മെഡിക്കല്‍ കോളജില്‍ മൂന്നു ദിവസത്തിനിടെ 168 ഡോക്ടര്‍മാര്‍ക്കും പഞ്ചാബിലെ പട്യാല മെഡിക്കല്‍ കോളജിലെ 80 ഡോക്ടര്‍മാര്‍ക്കും കോവിഡ് ബാധിച്ചു.
ഡല്‍ഹി എംയിസിലെ 50 ഡോക്ടര്‍മാര്‍ക്കും സഫ്ദര്‍ജങ് ആശുപത്രിയിലെ 25 ഡോക്ടര്‍മാര്‍ക്കും കോവിഡ് ബാധിച്ച് നിരീക്ഷണത്തിലാണ്. കൂടാതെ, ലഖ്നോ, കൊല്‍ക്കത്ത നഗരങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപിച്ചിട്ടുണ്ട്.
പ്രതിദിന കേസുകള്‍ 20,000 എത്തിയാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് മുംബൈ മേയര്‍ വ്യക്തമാക്കി. ഡല്‍ഹി, പഞ്ചാബ്, ഗോവ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഡല്‍ഹിയില്‍ വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10 മുതല്‍ തിങ്കള്‍ രാവിലെ അഞ്ചു വരെയാണ് ലോക്ഡൗണ്‍. അവശ്യ സര്‍വിസ് ഒഴികെയുള്ള സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ വര്‍ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറണമെന്നും ജനങ്ങള്‍ അത്യാവശ്യ കാര്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ എന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. ബസുകളിലും മെട്രോകളിലും സീറ്റുകളുടെ എണ്ണത്തിന്റെ 50 ശതമാനം യാത്രക്കാര്‍ക്ക് മാത്രമായിരുന്നു യാത്ര അനുമതി നല്‍കിയിരുന്നത്. ഇത് ബസ് സ്റ്റോപ്പുകളിലും മെട്രോ സ്റ്റേഷനുകളിലും വലിയ ആള്‍ക്കൂട്ടത്തിന് കാരണമായതിനെ തുടര്‍ന്ന് മുഴുവന്‍ സീറ്റിലും യാത്രക്കാരെ കയറ്റാന്‍ അനുമതി നല്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാശാലകള്‍, ജിമ്മുകള്‍, സ്വിമ്മിങ് പൂള്, വിനോദ പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ അടച്ചിടുന്നതടക്കമുള്ള നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. 5,481 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.37 ശതമാനത്തിലെത്തി.
Comments