ശ്വാസകോശ അര്‍ബുദം; എങ്ങനെ തിരിച്ചറിയാം, ലക്ഷണങ്ങള്‍...

lung cancer

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന അര്‍ബുദങ്ങളിലൊന്നാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശ അര്‍ബുദം. ഇന്ത്യയില്‍ ശ്വാസകോശ അര്‍ബുദ കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വായു മലിനീകരണം, പുകയില ഉപയോഗം തുടങ്ങി നിരവധി ഘടകങ്ങള്‍ ശ്വാസകോശ അര്‍ബുദ നിരക്കിലെ വര്‍ധനയ്ക്ക് കാരണമാണ്.

ശ്വാസകോശ ക്യാന്‍സര്‍ ബാധിതരില്‍ 67 ശതമാനം പേരും പുരുഷന്മാരാണ് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. എന്നാല്‍ സ്ത്രീകളിലും ശ്വാസകോശ അര്‍ബുദം കണ്ടുവരുന്നുവെന്നാണ് മറ്റൊരു പഠനം പറയുന്നത്. ശ്വാസകോശ കാന്‍സറിന് മാത്രമായി ലക്ഷണങ്ങള്‍ ഇല്ലെന്നു പറയുന്നതാവും ശരി. ചുമയും ശ്വാസംമുട്ടലുമൊക്കെ ലക്ഷണങ്ങളായി കണക്കാക്കാമെങ്കിലും ഇവയൊന്നുമില്ലാത്തവര്‍ ചുരുക്കമാണെന്ന മറുവശംകൂടി ഇതിനുണ്ട്. എന്നാല്‍, ഈ ലക്ഷണങ്ങള്‍ ഒരു നിര്‍ദിഷ്ട കാലയളവിനുള്ളില്‍ മാറിയില്ലെങ്കില്‍ കാന്‍സര്‍ പരിശോധന നടത്തണം.

സാധാരണഗതിയിലുള്ള ചുമ മൂന്നാഴ്ചവരെ നീണ്ടുനില്‍ക്കാറുണ്ട്. ഈ കാലയളവില്‍ കൂടുതല്‍ ചുമ നീണ്ടുനിന്നാല്‍ ടിബിയെക്കാള്‍ പ്രാമുഖ്യം നല്‍കി പരിശോധന നടത്തേണ്ടത് അര്‍ബുദത്തിനാണ്. അതേസമയം, വിട്ടുമാറാത്ത ചുമ തന്നെയാണ് ശ്വാസകോശാര്‍ബുദത്തിന്റെ 
ആദ്യ ലക്ഷണം. നിര്‍ത്താതെയുളള അതികഠിനമായ ചുമ ചിലപ്പോള്‍ ശ്വാസകോശ അര്‍ബുദത്തിന്റെയാവാം. അതിനാല്‍ ഇവ നിസാരമായി കാണരുത്. കൂടാതെ ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും പ്രത്യേകം ശ്രദ്ധിക്കണം. തുപ്പുമ്പോള്‍ നിറവ്യത്യാസം ഉണ്ടെങ്കിലും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണം.

എടുത്തു പറയേണ്ട മറ്റൊരു ലക്ഷണം ശ്വസിക്കാനുളള ബുദ്ധിമുട്ടാണ്. സാധാരണ ഗതിയില്‍ നടക്കുമ്പോള്‍ തന്നെ കിതപ്പ് അനുഭവപ്പെടുക. നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ എല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ഒരു ലക്ഷണമാണ്. അതിനാല്‍ ഇതൊന്നും നിസാരമായി കാണരുത്. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും പെട്ടെന്ന് ശരീരഭാരം കുറയുന്നതും പല രോഗങ്ങളുടെയും സൂചനയാണെങ്കിലും അതും ചിലപ്പോള്‍ ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം.