ഫ്രാന്‍സില്‍ കണ്ടെത്തിയ പുതിയ ഐ.എച്ച്‌.യു വകഭേദം ഭയക്കേണ്ടതില്ല,ഒമൈക്രോണിന് മുന്നേ തിരിച്ചറിഞ്ഞു

omicron
ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച ഐ.എച്ച്‌.യു വകഭേദം ആശങ്കയുണ്ടാക്കുന്നതല്ലെന്ന് വിദഗ്ധര്‍.വ്യാപനശേഷിയേറിയ ഒമിക്രോണ്‍ വകഭേദത്തെ തിരിച്ചറിയുന്നതിന് മുമ്പേ തന്നെ ഇതിനെ കണ്ടെത്തിയതാണ്. 

നേരത്തെ കണ്ടെത്തിയിട്ടും ഐ.എച്ച്‌.യു വകഭേദം ബാധിച്ച കേസുകള്‍ കുറവാണെന്നത് ഇത് ഭീഷണിയല്ലെന്ന സൂചനയാണ് നല്‍കുന്നതെന്ന് വൈറോളജിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.ഐ.എച്ച്‌.യു മെഡിറ്ററാന്‍ ഇന്‍ഫെക്ഷന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് വൈറസ് വകഭേദത്തെ തിരിച്ചറിഞ്ഞത്. 

ഐ.എച്ച്‌.യു എന്ന് വിളിക്കപ്പെടുന്ന പുതിയ വകഭേദം ദക്ഷിണ ഫ്രാന്‍സിലെ 12 പേരിലാണ് സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ പോയി തിരിച്ചെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അടുത്തിടപഴകിയവരിലേക്ക് കൂടി രോഗം വ്യാപിക്കുകയായിരുന്നെന്നാണ് കണ്ടെത്തല്‍.

അതിനാലാണ് ബി.1.640.2 എന്ന വകഭേദത്തിന് 'ഐ.എച്ച്‌.യു' എന്ന് പേരിട്ടത്. ദക്ഷിണ ഫ്രാന്‍സിലെ മാഴ്സെയില്‍ കണ്ടെത്തിയ ഈ വൈറസിന് വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കൊറോണ വൈറസില്‍ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചതായാണ് കണക്കാക്കുന്നത്. എന്നാല്‍, വൈറസിന്‍റെ പൂര്‍ണമായ സ്വഭാവസവിശേഷതകള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്.

കൊറോണ വകഭേദങ്ങളെ ക്രോഡീകരിക്കുന്ന ഡാറ്റാബേസില്‍ ബി.1.640.2നെ കുറിച്ച്‌ നവംബര്‍ നാലിന് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഡോ. തോമസ് പീകോക്ക് ചൂണ്ടിക്കാട്ടുന്നു. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദിവസങ്ങള്‍ മുമ്ബാണിത്. 

ലോകാരോഗ്യ സംഘടന ബി.1.640.2നെ പുതിയ വകഭേദമായി പരിഗണിച്ചിട്ടില്ല. പുതിയ വകഭേദമായി പരിഗണിക്കുകയാണെങ്കില്‍ ഗ്രീക്ക് അക്ഷരമാലാ ക്രമത്തില്‍ പുതിയ പേര് നല്‍കും.പിന്നീട് തിരിച്ചറിഞ്ഞ ഒമിക്രോണ്‍ ലോകവ്യാപകമായി പടര്‍ന്നു. എന്നാല്‍, ബി.1.640.2ന്‍റെ 12 കേസുകള്‍ മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചത്.